Sat. Apr 27th, 2024
എറണാകുളം:

 
എറണാകുളം ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍‌മെന്റ് സോണുകളില്‍ ഇന്ന് വൈകീട്ട് മുതല്‍ ഏഴുദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ അഞ്ചു ഡിവിഷനുകളിലും ലോക്ഡൗണ്‍ ബാധകമാണ്.

എറണാകുളത്ത് കൊവിഡ് വ്യാപനം പ്രതിദിനം മൂവായിരം എന്ന നിലയും കടന്ന് കുതിക്കുന്ന പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ അടക്കം കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെ രാത്രി കൊച്ചിയിലെ റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ഒന്‍പതു കഴിഞ്ഞും റോഡുകളിലിറങ്ങിയവര്‍ക്ക് ആദ്യഘട്ടമെന്നനിലയില്‍ ബോധവല്‍ക്കരണം നടത്തി.

നിലവില്‍ ജില്ലയിലെ 113 തദ്ദേശ വാര്‍ഡുകള്‍ കണ്ടെയ്ന്‍‌മെന്റ് സോണുകളാക്കി. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ അതിനുള്ളില്‍തന്നെ ജീവനക്കാര്‍ക്ക് താമസസൗകര്യമൊരുക്കണം. കൂട്ടംകൂടാന്‍ പാടില്ല, കല്യാണങ്ങള്‍ക്ക് 20പേരും, മരണാനന്തര ചടങ്ങുകള്‍ക്ക് പത്തുപേരും മാത്രമേ ഒരേ സമയം പങ്കെടുക്കാവൂ തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. ജോലിക്കുപോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ, സ്ഥാപനമുടമയുടെ കത്തോ കരുതണം. രോഗവ്യാപനം അതിവേഗം നിയന്ത്രണവിധേയമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.