കോഴിക്കോട്:
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലുണ്ട്. കണ്ണൂർ ഇരിട്ടിയിൽ സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. റോഡ് ഷോ കഴിഞ്ഞ ശേഷം മടങ്ങവേ കീഴൂർകുന്നിലെ അപ്സര കഫെ 1980 എന്ന ചായക്കടയിൽ അദ്ദേഹം കയറി.
ആ ചായക്കടയിലെ ജനാലകൾക്കിടയിലൂടെ ഒരു കൊച്ചുകുട്ടി എത്തി നോക്കുന്നത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അവനെ അടുത്ത് വിളിച്ച് കൂടെയിരുത്തി ഫലൂദ വാങ്ങി നൽകി ഒപ്പം അവനോട് സംസാരിച്ചപ്പോഴാണ് അദ്വൈത് എന്ന് പേരുള്ള ആ കുട്ടിക്ക് പൈലറ്റ് ആകാനാണ് ആഗ്രഹമെന്ന് തുറന്ന് പറഞ്ഞത്.
ആ കുട്ടിയെ വിമാനത്തിന്‍റെ കോക്പിറ്റിലെത്തിച്ച് അതിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അദ്വൈതിനെയും കുടുംബത്തെയും തിരുവനന്തപുരത്തേക്ക് ക്ഷണിച്ചെങ്കിലും പോളിങ് ഡ്യൂട്ടി ഉള്ളതിനാൽ രക്ഷിതാക്കൾ അസൗകര്യം അറിയിച്ചു.
രാഹുൽ ഗാന്ധി തന്നെയാണ് അദ്വൈതിനൊപ്പമുള്ള ഫോട്ടോയും വിഡിയോയും ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘അദ്വൈത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യപടി ഞങ്ങൾ സ്വീകരിച്ചു. പറക്കാനുള്ള എല്ലാ അവസരങ്ങളും നൽകുന്ന ഒരു സമൂഹവും ഒരു ഘടനയും സൃഷ്ടിക്കുകയെന്നത് ഇപ്പോൾ നമ്മുടെ കടമയാണ്’ -രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു.
https://www.youtube.com/watch?v=r8mkU-O-EIo