Thu. Apr 25th, 2024
കണ്ണൂർ:

സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ എന്ന് വിളിച്ചത്. അവർ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സിപിഎമ്മിൽ നടക്കുന്നത്. ക്യാപ്റ്റൻ നടുക്കടലിലാണ് -മുല്ലപ്പള്ളി പറഞ്ഞു.

പാർട്ടിയിൽ ക്യാപ്റ്റനില്ലെന്ന് കോടിയേരി പറഞ്ഞതാണ്. ഇത് തന്നെയാണ് പി ജയരാജനും പറഞ്ഞത്. പിണറായി വിജയൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിൽ പിണറായിക്കെതിരെ വൻ പടയൊരുക്കം നടക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകാർ ഈ തിരഞ്ഞെടുപ്പിൽ നിശ്ശബ്ദമായി പ്രതികരിക്കും. ആ പ്രതികരണമാണ് പി ജയരാജനിലൂടെയെല്ലാം കാണുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

By Divya