Sun. Dec 22nd, 2024

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി ആരോടും മുഖം തിരിച്ചിട്ടില്ല. കോൺഗ്രസ്സിനും കമ്യൂണിസ്റ്റിനും ലീഗിനും അഖിലേന്ത്യാ ലീഗിനും സ്വതന്ത്രനുമെല്ലാം ഇടം നൽകിയ പുരാതന നഗരമാണ് കൊച്ചി.

1951ലെ തിരുക്കൊച്ചി നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ നിലവിലുള്ള മട്ടാഞ്ചേരി മണ്ഡലവും 1954ല്‍ പിറന്ന പഴയ പള്ളുരുത്തി മണ്ഡലവും കൂട്ടിച്ചേർത്ത് 2008-ൽ ആണ് കൊച്ചി മണ്ഡലം രൂപീകരിച്ചത്. കൊച്ചി കോര്‍പറേഷന്‍റെ ഒന്നു മുതല്‍ 10 വരെയും 19 മുതല്‍ 25 വരെയുമുള്ള വാര്‍ഡുകളും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊച്ചി നിയമസഭ മണ്ഡലം.

കൊച്ചി മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന 2011-ൽ പതിനേഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്‍റെ ഡൊമിനിക് പ്രസന്‍റേഷനായിരുന്നു ജയം. എന്നാൽ 2016-ലെ തിരഞ്ഞെടുപ്പിൽ ഡൊമിനിക്ക് 1100-ഓളം വോട്ടുകൾക്ക് സിപിഎം സ്ഥാനാർഥിയായ കെ ജെ മാക്സിയോട് പരാജയപ്പെട്ടു. ഡൊമിനിക്കിന്റെ വോട്ടുകൾ ബിജെപിയിലേക്കും സ്വതന്ത സ്ഥാനാർത്ഥിയിലേക്കുമാണ് അന്ന് ചോർന്നത്.

ഇത്തവണ എൽഎൽഡിഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ കെ ജെ മാക്സി തന്നെയാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കൊച്ചി മുൻ മേയർ ടോണി ചമ്മണിയാണ് രംഗത്തുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിൽ നിന്ന് സി ജി രാജഗോപാലും കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച പ്രാദേശിക പാർട്ട് ആയ വി 4 പീപ്പിൾ സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ കോർഡിനേറ്റർ നിപുൻ ചെറിയാനും മത്സരരംഗത്തുണ്ട്.

ചെല്ലാനത്തെ കടല്‍ക്ഷോഭവും, വിനോദ സഞ്ചാര മേഖലയുടെ വികസനവും, ഹാർബർ വികസനവും, മൽസ്യബന്ധന മേഖലയുടെ വികസനവുമാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആവശ്യങ്ങൾ.

ചരിത്രമുറങ്ങുന്ന ലോക വിനോദസഞ്ചാര ശ്രദ്ധാകേന്ദ്രമായി കൊച്ചിയുടെ അമരക്കാരനായി ആര് വരുമെന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.