Wed. May 1st, 2024

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.

രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ 1991 വരെ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ മാറി മാറി വിജയിച്ച മണ്ഡലമാണിത്. എന്നാൽ 1991 മുതൽ തുടർച്ചയായി അഞ്ച് തവണ കോൺഗ്രസ് നേതാവായ കെ ബാബു വിജയിക്കുകയും 2011-2016 യുഡിഎഫ് മന്ത്രിസഭയിൽ ഫിഷറീസ് എക്‌സൈസ് മന്ത്രി ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2016 കാലഘട്ടത്തിൽ ബാബുവിനെതിരെ ബാർ കോഴ വിവാദങ്ങൾ ഉയർന്നുവരികയും തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം സ്വരാജ്, ബാബുവിനെതിരെ അട്ടിമറി വിജയം നേടും ചെയ്തു.

ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഫിൽ നിന്ന് ബാബുവിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുകൾ ഉണ്ടായിട്ടും നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബാബുവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുകയായിരുന്നു യുഡിഎഫ് നേതൃത്വം. എൽഡിഎഫ് സ്ഥാനാർത്ഥിയായി സ്വരാജ് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. എൻഡിയെക്കുവേണ്ടി ബിജെപിയിൽ നിന്ന് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള പിഎസ്‌സി മുൻ ചെയർമാനുമായ ഡോ.കെ എസ് രാധാകൃഷ്ണനാണു മത്സരരംഗത്ത്.

2011-ലെ തിരഞ്ഞെടുപ്പിനേക്കാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടിൽ ഒരു ശതമാനത്തോളം കുറവു രേഖപ്പെടുത്തിയപ്പോൾ കെ ബാബുവിന് 16 ശതമാനത്തോളം കുറവാണ് ഉണ്ടായത്. ഈ കുറവുകളൊക്കെ പ്രതിഫലിച്ചത് എൻഡിഎയുടെ വോട്ടുബാങ്കിലാണ്. ഇത്തവണ മണ്ഡലം നിലനിർത്താനുള്ള തീവ്ര പ്രവർത്തനത്തിലാണ് എം സ്വരാജ്. എന്നാൽ ബിജെപിയിലേക്ക് ചോർന്ന വോട്ടുകൾ ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തിൽ തിരികെ ലഭിക്കുമെന്നാണ് ബാബുവിന്റെ കണക്കുകൂട്ടൽ.

മധ്യകേരളത്തിനു താഴേക്കുള്ള ജില്ലകളിൽനിന്ന് എറണാകുളത്തേക്കുള്ള കവാടമാണ് ഈ മണ്ഡലം. അതിനാൽ അടിസ്ഥാന വികസനത്തിനൊപ്പം ഗതാഗത മേഘലയിലുള്ള വികസന ആവശ്യങ്ങളാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സ്വരാജ് ഒഴികെ എല്ലാ എംഎൽഎമാർക്കും മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ള മണ്ഡലം എന്നൊരു പ്രത്യേകത കൂടി തൃപ്പൂണിത്തുറയ്ക്കുണ്ട്.

ഏതായാലും മുൻ എംഎൽഎയും സിറ്റിംഗ് എംഎൽഎയും തമ്മിലുള്ള കടുത്ത മത്സരം സംസ്ഥാനതലത്തിൽ വളരെ അധികം ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. ഫലത്തിനായി നമുക്ക് കാത്തിരിക്കാം.