തിരുവനന്തപുരം:
സംസ്ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ സ്വിന്‍സ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഇരട്ട വോട്ടുള്ളത്.
6171 ഇരട്ട വോട്ടുകളാണ് ഇവിടെ ഉള്ളത്. വെബ്സൈറ്റിലെ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 38000 ഇരട്ടവോട്ടെന്ന് കണക്ക് തള്ളി കൊണ്ടാണ് നാലുലക്ഷത്തിലേറെ ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടത്.
കള്ളവോട്ടുകള്‍ക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിൽ 1600 ഇരട്ടവോട്ടുകളാണുള്ളത്. ഹരിപ്പാട് 2812ഉം പുതുപ്പള്ളിയിൽ 1530ഉം ഇരട്ടവോട്ടുകളാണുള്ളതെന്നും കണക്കുകളിൽ പറയുന്നു.
ഇരട്ടവോട്ടുകൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന മാർഗേരേഖയാണ് ഹൈക്കോടതി ഇന്ന് നൽകിയത്. ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് സത്യവാങ്മൂലം എഴുതി വാങ്ങണം. സത്യവാങ്മൂലത്തില്‍ വോട്ടറുടെ വിരലടയാളം പതിപ്പിക്കണം.
ഇവ ഫോട്ടോടൊപ്പം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണം. വിരലില്‍ തേക്കുന്ന മഷി മായ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ട വോട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വോട്ടർമരുടെ സത്യവാങ്മൂലം വാങ്ങാമെന്ന നിർദേശത്തെ പരിഹസിച്ചു.