Fri. Mar 29th, 2024
ബെംഗളൂരു:

കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ ബിജെപി മന്ത്രി. തന്റെ അധികാരപരിധിയില്‍ മുഖ്യമന്ത്രി അനാവശ്യമായി ഇടപെടുന്നുവെന്നാരോപിച്ചാണ് സംസ്ഥാന ഗ്രാമവികസന മന്ത്രിയായ കെഎസ് ഈശ്വരപ്പ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ബിജെപി നേതൃത്വത്തിനും പരാതി നല്‍കിയതായി ഈശ്വരപ്പ പറഞ്ഞു.

1977 ല്‍ നിലവില്‍ വന്ന ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ്സ് ചട്ടങ്ങള്‍ മുഖ്യമന്ത്രി ലംഘിക്കുന്നുവെന്നും ഈശ്വരപ്പ പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ വകുപ്പില്‍ നിന്ന് 774 കോടിയുടെ ഫണ്ട് കൈമാറ്റം ചെയ്യാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ഉത്തരവിട്ടെന്നും എന്നാല്‍ ഇത് തന്റെ അറിവോ സമ്മതത്തോടെയോ ആയിരുന്നില്ലെന്നുമാണ് ഈശ്വരപ്പയുടെ ആരോപണം.

യെദിയൂരപ്പയുടെ വിശ്വസ്തരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രിയായിരുന്നു കെ.എസ് ഈശ്വരപ്പ. എന്നാല്‍ ഈയടുത്ത് നടന്ന മന്ത്രിസഭാ പുനസംഘടനയോടെ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ രൂക്ഷമാകുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി വിമത ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്തെത്തിയിരുന്നു.

നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞു. കൂടുതല്‍ കാലം യെദിയൂരപ്പ മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വടക്കന്‍ കര്‍ണാടക മേഖലയില്‍ നിന്നുള്ളയാളെ ആക്കാന്‍ നേതൃത്വം തീരുമാനിച്ചതായും ഗൗഡ ഒക്ടോബറില്‍ പറഞ്ഞിരുന്നു.

പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബി ജെ പി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഇതൊന്നും വകവെക്കാതെയായിരുന്നു ബസന ഗൗഡയുടെ വിമര്‍ശനം.

By Divya