Wed. Jan 22nd, 2025
പാലക്കാട്:

വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യ പൊതുപരിപാടി ഇന്ന് പാലക്കാട് കോട്ട മൈതാനത്ത് നടന്നിരുന്നു. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയെയും കാണാം. ഇതിന്‍റെ വീഡിയോ ബി ജെ പി നേതാക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം.

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ എൻ ഡി എ തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പരസ്യമായിട്ടുള്ള രഹസ്യമാണ് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു അഞ്ചു വർഷം ഒരു കൂട്ടർ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വർഷം അടുത്തവർ കൊള്ളയടിക്കുന്നു. ബംഗാളിൽ ഇടതും കോൺഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിന് നേരിടുന്നതെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ആരോപണം പരസ്പരം ഉന്നയിക്കുന്നർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരോപണത്തിൽ ഒരു നടപടിയുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

എൽ ഡി എഫും യു ഡി എഫും പണമുണ്ടാക്കാൻ അവരവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. സൂര്യന്റെ രശ്മികളെ പോലും യു ഡി എഫ് വെറുതെ വിട്ടില്ല. എൽ ഡി എഫ് ആണെങ്കിൽ ഏതാനും സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Divya