Thu. Jan 23rd, 2025
കാസര്‍ഗോഡ്:

കാസര്‍ഗോഡും മഞ്ചേശ്വരവും എന്ന പോലെ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കാസര്‍കോഡ് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ കോലീബി ആരോപണം തുരുമ്പിച്ചതാണെന്നും ഇടതുപക്ഷം ബിജെപി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫ് വലിയ വിജയമാണ് ഉണ്ടാക്കുക. തെക്കന്‍ ജില്ലകളിലും ഇത് തന്നെയായിരിക്കും സ്ഥിതി. തുടക്കത്തിലെ സ്ഥിതി അപേക്ഷിച്ചു യുഡിഎഫ് അടിച്ചുകയറുന്ന സ്ഥിതിയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍ഡിഎഫ് എന്നും അദ്ദേഹം ആരോപിച്ചു. ഗുരുവായൂരില്‍ സുരേഷ് ഗോപി മാത്രമല്ല മുഖ്യമന്ത്രി തന്നെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പറയാതെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി യുഡിഎഫ് സഖ്യത്തിന്റ കൂടുതല്‍ തെളിവുകള്‍ രംഗത്ത് വരികയാണെന്നും ഇത്തരമൊരു അവിശുദ്ധ സഖ്യത്തിന് രണ്ട് കൂട്ടരും തയ്യാറാണെന്ന് മാത്രമല്ല രണ്ട് കൂട്ടരും ആ സന്ദേശം പല രീതിയില്‍ അണികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഗുരുവായൂരില്‍ യുഡിഎഫ് കെഎന്‍എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു.

By Divya