Mon. Dec 23rd, 2024
ധാക്ക:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനെതിരായ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയില്‍ പത്ത് പ്രക്ഷോഭകര്‍ മരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി തിരികെ പോന്നതിന് പിന്നാലെ പ്രക്ഷോഭകരുടെ മരണത്തിലുള്ള പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
ബംഗ്ലാദേശിന്‍റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്കയിലെത്തിയത്. 1.2 ദശലക്ഷം കൊവിഡ് വാക്സിന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച ശേഷമാണ് നരേന്ദ്ര മോദി മടങ്ങിയത്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച ധാക്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. നിരവധിയാളുകള്‍ക്ക് ഇതില്‍ പരിക്കേറ്റിരുന്നു.

By Divya