Fri. Mar 29th, 2024
ശ്രീനഗര്‍:

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തനിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചതായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

‘ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് )യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്റെ പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫീസ് വിസമ്മതിച്ചിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കൈവരിച്ച സാധാരണ നിലയാണിത്. മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വച്ചിരിക്കുന്നത് ശക്തമായ ഒരു രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണത്രേ,’ മെഹബൂബ ട്വിറ്ററില്‍ എഴുതി.

കഴിഞ്ഞ മേയില്‍ മെഹബൂബയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. ഇത് വൈകിയതിനെ തുടര്‍ന്നാണ് മെഹബൂബ കോടതിയിലെത്തിയത്.

കഴിഞ്ഞ ദിവസവും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു.

By Divya