Fri. Nov 22nd, 2024
തിരുവനന്തപുരം:

വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്. സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ.

സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കത്ത് നൽകിയിരുന്നു. സ്വപ്നയെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന മൊഴിയിൽ നേരെത്തെയും ഒരു കേസടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

By Divya