Thu. Apr 25th, 2024
Covid 19

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 257 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം,  32,987 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്നലെ 53,476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 251 പേരാണ് മരണമടഞ്ഞത്.

ഇങ്ങനെ കൊവിഡ് കേസുകള്‍ കൂടി വരുമ്പോള്‍ ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റിപ്പോർട്ട്. രണ്ടാം തരംഗം ഫെബ്രുവരി 15 മുതൽ കണക്കാക്കുമ്പോൾ 100 ദിവസം വരെ നീണ്ടുനിൽക്കാമെന്നും ഈയൊരു കാലയളവിൽ 25 ലക്ഷം പേർക്കെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിൻ കയറ്റുമതി നിർത്തിവച്ചിട്ടില്ലെന്ന് റിപ്പോർട്ട്.  വാക്‌സീൻ കയറ്റുമതി നിർത്തിവച്ചു എന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. വാക്സീൻ കയറ്റുമതി നിർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വാക്‌സീൻ കയറ്റുമതി തുടരുമെന്നും ആഭ്യന്തര ഉപയോഗം കണക്കിലെടുത്താകും കയറ്റുമതിയെന്നും വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

https://www.youtube.com/watch?v=PYG0WuPErWY

 

 

By Binsha Das

Digital Journalist at Woke Malayalam