പത്തനംതിട്ട:
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം എ ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇടത് മുന്നണി വീഴ്ച വരുത്തിയില്ലെന്നും എം എ ബേബി പറഞ്ഞു.
ചില കാര്യങ്ങളില്‍ വിശ്വാസികളുടെ താത്പര്യങ്ങള്‍ വേണ്ടത്ര ചിലര്‍ കാത്തുസൂക്ഷിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇടത് മുന്നണിക്ക് യാതൊരു സങ്കോചവും കൂടാതെ പറയാന്‍ കഴിയും, വ്യക്തികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതില്‍ ഇടത് മുന്നണി ഒരു വീഴ്ചയും വരുത്തിയിട്ടില്ല.
സമദൂര സിദ്ധാന്തമെന്നൊക്കെയുള്ള നിലപാടുകള്‍ എന്‍എസ്എസ് പറഞ്ഞിട്ടുണ്ട്. ആ നിലപാട് ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്താങ്ങും എന്ന് എന്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തര്‍ക്കമില്ല. ചര്‍ച്ചയ്ക്കായി അവര്‍ ഏത് വിഷയവും അവതരിപ്പിക്കട്ടെയെന്നും എംഎ ബേബി പറഞ്ഞു.