Sat. Nov 23rd, 2024
പട്‌ന:

ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം എംഎല്‍എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. യാദവിനെ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീഹാര്‍ മിലിറ്ററി പൊലീസിനെ ശക്തിപ്പെടുത്തുന്നതിനായി ബില്‍ നിയമസഭയില്‍ വെച്ചതിനെതുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടര്‍ന്ന് പലതവണ സഭ നിര്‍ത്തിവെച്ചു. ബീഹാര്‍ പ്രത്യേക സായുധ പൊലീസ് നിയമം,2021 കരിനിയമം ആണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്‍ മേശപ്പുറത്ത് വെച്ചതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പട്‌ന എസ്എസ്പി ഉപേന്ദ്ര സിംഗ് എംഎല്‍എ ഉപേന്ദ്ര കുമാര്‍ ശര്‍മ ഇവരെ നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിന്മാറാന്‍ തയ്യാറാകാതിരുന്ന എംഎല്‍എമാരെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

By Divya