Tue. Nov 5th, 2024
മലപ്പുറം:

ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ കെ പി എ മജീദ് ആണ് മത്സര രംഗത്ത്. എല്‍ഡിഎഫ് മണ്ഡലത്തില്‍ ആദ്യം പ്രഖ്യാപിച്ച അജിത് കൊളാടിയെ മാറ്റി കഴിഞ്ഞ തവണ ജനവിധി തേടിയ നിയാസ് പുളിക്കലകത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ലീഗിനുള്ളിലെ പ്രാദേശിക വിഷയങ്ങള്‍ വോട്ടായിമാറും എന്ന കണക്കുക്കൂട്ടലിലാണ് ഇടതു പക്ഷത്തിന്റെ ഈ നീക്കം. ഇരുസ്ഥാനാര്‍ത്ഥികളും ആദ്യ ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തുടക്കത്തിലെ കല്ലുകടി മാറ്റിയാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി കെ പി എ മജീദ്.

ലീഗ് കോട്ടയായ തിരൂരങ്ങാടി അട്ടിമറി വിജയത്തിലുടെ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ നിയാസ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചാരണ ജാഥ അടുത്ത ദിവസം ആരംഭിക്കും. നിലവില്‍ ഭവന സന്ദര്‍ശനം, കണ്‍വെന്‍ഷനുകള്‍ എന്നിവ പൂര്‍ത്തിയാക്കുന്ന തിരക്കിലാക്കിലാണ് ഇരുവരും.

By Divya