എറണാകുളം:
കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
“പാർട്ടി വിട്ടതിൽ ഖേദമില്ല. കേരളത്തിൽ എൽഡിഎഫിനാണ് പ്രസക്തി. എൽഡിഎഫിന് ഭരണർത്തുടർച്ച ഉറപ്പാകാനുള്ള നിയോഗമാണ് എനിക്ക്. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കി.
ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്. ഇന്ത്യിൽ ഏറ്റവും വലിയ ഭീഷണി ബിജെപി ആണ്. അതിനെ നേരിടാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാഥിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോർക്കണം.
എന്നാൽ, കഴിഞ്ഞ ആറ് വർഷമായി രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഖമാണ് ഞങ്ങളെ നയിച്ചിരുന്നത്.”- പിസി ചാക്കോ പറഞ്ഞു. “കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെവരുന്നു. കമ്മറ്റികളിൽ ചർച്ചകൾ ഇല്ലാതെവരുന്നു. വർക്കിംഗ് കമ്മറ്റി ഇല്ലാതെവരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാൻ കരഞ്ഞിട്ടില്ല.”- പിസി ചാക്കോ കൂട്ടിച്ചേർത്തു.