Mon. Dec 23rd, 2024
ചെന്നൈ:

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വെച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്. തിരുച്ചിറള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.

കമലിനെ കാരവനില്‍ ഇരുത്തിയാണ് സംഘം പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമല്‍ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തിന്റെ ഭാഗമാണ് റെയ്ഡുകള്‍. അത്തരം റെയ്ഡുകളെ ഭയക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച മക്കള്‍ നീതിമയ്യം അടക്കം പ്രതിപക്ഷ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തിയിരുന്നു. തിരുപ്പൂരിലെ ധരാപുരം നിയോജകമണ്ഡലത്തിലെ ഡിഎംകെ, എംഡിഎംകെ എംഎന്‍എം തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്

By Divya