കൊച്ചി:
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിജ്ഞാപനം വന്നതിനു ശേഷം തിരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിച്ചു.
ഇതോടെ മൂന്ന് മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് മണ്ഡലത്തിലും ബിജെപിക്കും എൻഡിഎക്കും ഉണ്ടായത്.
തെറ്റായ രീതിയിലാണ് പത്രിക തള്ളിയതെങ്കിൽ ഇപ്പോൾ കേസ് പരിഗണിക്കുന്നത് തിരഞ്ഞെടുപ്പ് നടപടികളെ തടസപ്പെടുത്തുമെന്നായിരുന്നു കമ്മീഷന്റെ വാദം. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിന് ശേഷം കോടതിയെ ബന്ധപ്പെടാമെന്നും തെളിവുകൾ ഹാജരാക്കി നീതി തേടാമെന്നും കമ്മീഷൻ പറഞ്ഞു. സുപ്രീം കോടതിയിൽ സ്ഥാനാർത്ഥികൾക്ക് അപ്പീൽ പോകാമെങ്കിലും അനുകൂല വിധി നേടുന്നത് പ്രയാസകരമായേക്കും.