Wed. Dec 18th, 2024

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാൻ പോകുന്ന ഒരു മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും, എൽഡിഎഫ് സ്ഥാനാർത്ഥിയായ പി വി ശ്രീനിജനും, ട്വന്റി 20 എന്ന കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സുജിത് പി സുരേന്ദ്രനും, ബിജെപി സ്ഥാനാർത്ഥി രേണു സുരേഷും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. എറണാകുളം ജില്ലയുടെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വളരെ നിർണായകമായൊരു മണ്ഡലമാണ് കുന്നത്തുനാട്.

കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. 1967 മുതലുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിൽ അഞ്ച് തവണ എൽഡിഎഫും ആറ് തവണ യുഡിഎഫും വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.

1967-ൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായ എം കെ കൃഷ്ണനാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പിന്നീടുള്ള നിയമസഭാ കാലയളവിൽ യുഡിഎഫ് മുന്നണിയിലെ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ടി എ പരമനും തുടർന്നുള്ള രണ്ടു കാലയളവിൽ സിപിഎമ്മിന്റെ പി ആർ എസ്തോസും വിജയിച്ചു. എൽഡിഎഫിന്റെ തുടർച്ചയായ രണ്ടു തവണയായുള്ള വിജയത്തിൽനിന്നു മണ്ഡലത്തെ യുഡിഎഫ് പിടിച്ചെടുക്കുന്നത് കോൺഗ്രസ്സിന്റെ ടി എച്ച് മുസ്തഫയിലൂടെയാണ്.

തുടർന്ന് മൂന്ന് കാലയളവുകളിൽ മുസ്തഫ വിജയിക്കുകയും 1991-1996-ലെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായി ചുമതല വഹിക്കുകയും ചെയ്തു. 1996-ൽ സിപിഎം സ്ഥാനാർഥിയായ എം പി വർഗീസിലൂടെ മണ്ഡലം എൽഡിഎഫ് തിരികെ നേടിയെങ്കിലും 2001-ൽ മുസ്തഫ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ എം എം മോനായിലൂടെ സിപിഎം വിജയം നേടിയെങ്കിലും 2011 മുതൽ തുടർച്ചയായി വി പി സജീന്ദ്രനാണ്‌ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

പ്രത്യേക രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ മുഴുവൻ ജനത ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് ഈ വർഷം കുന്നത്തുനാട്ടിൽ നടക്കാൻ പോകുന്നത്. ഇന്ത്യയിൽ തന്നെ കോർപ്പറേറ്റ് ഭരണത്തിലൂടെ നിലനിൽക്കുന്ന പഞ്ചായത്തുകളുള്ള ഏക മണ്ഡലമാണ് കുന്നത്തുനാട്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന ഗ്രാമത്തിൽ കിറ്റെക്സ് എന്ന കമ്പനി ഉടമയുടെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്ന പാർട്ടി ആണ് ഈ മണ്ഡലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്‌ പിന്നിലുള്ള ശക്തി.

ട്വന്റി 20-യുടെ വരവോടു കൂടി മുഖ്യധാരാ മുന്നണികളുടെ വലിയൊരു ഭാഗം വോട്ടുകളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നഷ്ടപ്പെട്ടു. 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ്‌ എന്ന കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (CSR)-യുടെ നിർവ്വഹണത്തിനായി 2013-ൽ ആരംഭിച്ച സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം. കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നൽകുന്നത്.

2015-ലെ കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ തുടക്കമിട്ട സംരംഭം 2020-ൽ കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ് ട്വന്റി 20 കിഴക്കമ്പലം മേഖലയിലെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത്. ഒരു പഞ്ചായത്ത് ഭരണത്തിന് സമാന്തരമായി കമ്പനിയുടെ സിഎസ്ആർ (CSR) ഫണ്ട് ഉപയോഗിച്ച്‌ വികസന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു അവരുടെ ആദ്യ ഉദ്യമം.

കമ്പനി നിയമിച്ച സോഷ്യൽ വർക്കർമാർ പഞ്ചായത്തിലെ ഓരോ വീടുകളും കയറി ഇറങ്ങുകയും അവരുടെ സാമ്പത്തിക നിലയെ ആസ്പദമാക്കി പല തട്ടുകളാക്കി തിരിച്ച വെവ്വേറെ കാർഡുകൾ നൽകി. ഈ കാർഡിന്റെ അടിസ്ഥാനത്തിൽ നിത്യോപയോഗ സാധനങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ ജനങ്ങൾക്ക് വിലക്കുറവിൽ നൽകി. കൂടാതെ കൃഷി മേഖലയുടെ പുനരുദ്ധാരണത്തിന് ജനങ്ങൾക്ക് സഹായങ്ങൾ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വീടുകളുടെ പുനർനിർമാണവും മറ്റു അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സഹായങ്ങളും ചെയ്തു. പഞ്ചായത്ത് കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് എതിര് നിൽക്കുന്നെന്നും വികസനം തുടരണമെങ്കിൽ പഞ്ചായത് അധികാരം ട്വന്റി 20 കൂട്ടായ്മ നേടണമെന്നുള്ള നിർദേശം ജനങ്ങൾക്ക് മുന്നിലേക്ക് വച്ചു.

അങ്ങനെ 2015 തദ്ദേശ തിരഞ്ഞെടുപ്പിലൂടെയാണ് ട്വന്റി 20 രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡുകളിൽ 17-ഉം നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് പഞ്ചായത് അധികാരം അവർ ഏറ്റെടുത്തത്. പതിനഞ്ച് സീറ്റുകൾ ഉണ്ടായിരുന്നിടത്ത് കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങുകയും എൽഡിഎഫ് ഭരണസമിതിയിൽ ഇല്ലാതെയുമായി. എസ്ഡിപിഐ ആണ് മറ്റൊരു സീറ്റ് നേടിയത്. കമ്പനിയുടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ടു വാർഡുകളിലാണ് ട്വന്റി 20-ക്ക് നഷ്ടമായത്.

2020 തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിൽ നിന്ന് പ്രവർത്തനങ്ങൾ വിപുലീകരിച്ച് സമീപ പഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളിൽകൂടി ഭരണം നേടിയിരിക്കുകയാണ്. അതായത് 8 പഞ്ചായത്തുകളുള്ള കുന്നത്തുനാട് മണ്ഡലത്തിൽ നാലിലും ട്വന്റി 20 ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന നാല് പഞ്ചായത്തുകളായിരിക്കും മുന്നണികളുടെ വോട്ട് നിലയെ തീരുമാനിക്കുക. ഇതിൽ ഈരണ്ടു വീതം എൽഡിഎഫ് യുഡിഫ് ഭരണത്തിലാണ്.

കേരളത്തിലെ മറ്റൊരു പഞ്ചായത്തിലും നിലവിലില്ലാത്ത വിധം കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പഞ്ചായത്ത് ഭരിച്ചതെന്നാണ് ട്വന്റി 20 ക്കെതിരെ ഉള്ള ആരോപണം. പഞ്ചായത്തുകൾക്കുള്ള സർക്കാർ ഫണ്ടിന് പുറമെ കമ്പനിയുടെ സിഎസ്ആർ() ഫണ്ട് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുത്ത പഞ്ചായത്ത് അംഗങ്ങൾക്ക് സർക്കാർ ഓണറേറിയതിനു പുറമെ 15000 രൂപയും പഞ്ചായത്ത് വൈസ് പ്രസിഡന്റിന് 20000 രൂപയും പ്രസിഡന്റിന്‌ 25000 രൂപയും ശമ്പളമായി പാർട്ടി നൽകുന്നുണ്ട്. കൂടാതെ ഓരോ വാർഡിലെയും മെമ്പറെ സഹായിക്കാൻ ഓരോ സോഷ്യൽ വർക്കരെയും നിയമിച്ചിട്ടുണ്ട്. ഈ രീതികളെയൊക്കെ ജനാധിപത്യത്തിന് മേൽ കോർപ്പറേറ്റ് ഭരണം നടത്തുന്നതാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് അവകാശപ്പെടുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി സുജിത്ത് പി സുരേന്ദ്രനാണ്. ബംഗളൂരു പ്രസിഡന്‍സി സ്‌കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു അദ്ദേഹം.

2016ല്‍ സി പി എമ്മിലെ ഷിജി ശിവജിയെ 2679 വോട്ടിനാണ് കോണ്‍ഗ്രസിലെ വി പി സജീന്ദ്രന്‍ തോല്‍പ്പിച്ചത്. 2011ല്‍ സജീന്ദ്രന് 8732 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ മണ്ഡലയത്തിലെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നുകണ്ട് മണ്ഡലം മാറാന്‍ ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഇവിടെത്തന്നെ തുടരാനായിരുന്നു സജീന്ദ്രന് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം.

കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 39164 വോട്ടുകളാണ് ട്വന്റി 20 നേടിയത്.യുഡിഎഫിന്റെ സിറ്റിങ് സീറ്റായതുകൊണ്ട് കൊണ്ട് കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള ട്വന്റി 20യുടെ തീരുമാനം യുഡിഎഫ് ക്യാമ്പിനെയാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

മുൻ യൂത്ത് കോൺഗ്രസ് നേതാവും 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാറക്കൽ യുഡിഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.വി.ശ്രീനിജനാണ് കുന്നത്തുനാട്ടിൽ എൽഡിഫിനു വേണ്ടി മത്സരരംഗത്തേക്കിറങ്ങുന്നത് എന്നതും കുന്നത്തുനാടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.

ഒരുകാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തനായ യുവജന നേതാവായി തീരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ആളാണ് പി വി ശ്രീനിജൻ. പക്ഷെ അനധികൃത സ്വത്തു സമ്പാദന ആരോപണവും ഭാര്യാപിതാവായ മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുമായി ചേർത്തുള്ള കോഴ ആരോപണവും ശ്രീനിജന്റെ, കോൺഗ്രസ്സിലെ രാഷ്ട്രീയ ഭാവിക്കു മങ്ങലേൽപ്പിച്ചു. അതിനുശേഷം 2018-ൽ സിപിഎമ്മിൽ ചേരുകയും കുന്നത്തുനാട് മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയുമായിരുന്നു.

കോൺഗ്രസിൽ നിന്ന് കൂറുമാറിയ സ്ഥാനാർത്ഥി എന്നതും ട്വന്റി 20-യുടെ വളർച്ചയും എൽഡിഎഫിനെയും ഈ നിയമസഭ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ തന്നെയാണ് കുന്നത്തുനാട്ടിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. എടുത്തു പറയേണ്ടത് തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഭരണത്തിലെത്താത്ത നാളിൽ രണ്ടു പഞ്ചായത്തുകൾ മാത്രമേ എൽഡിഎഫിന് സ്വന്തമായുള്ളു എന്നതാണ്.

സംസ്ഥാന തലത്തിൽ ഭരണത്തുടർച്ചക്ക് സാധ്യത ഉണ്ടെന്നും ഇല്ലെന്നുമുള്ള പ്രവചനങ്ങൾ യുഡിഫ് എൽഡിഎഫ് മുന്നണികളെ തുല്യ രീതിയിൽ പരിഗണിക്കാനാണ് സാധ്യത കാണുന്നത്. അങ്ങനെ വന്നാൽ നാല് പഞ്ചായത്തുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ട്വന്റി 20-ക്കായിരിക്കും തിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുക.

2016 തിരഞ്ഞെടുപ്പിൽ 147644 പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് അതിൽ 74094 പേർ സ്ത്രീകളും 73550 പേര് പുരുഷന്മാരുമാണ്. കൂടാതെ 680 വോട്ടുകൾ പോസ്റ്റൽ വഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

മൂന്ന് ശക്തമായ സ്ഥാനാർത്ഥികൾ നേർക്കുനേർ നേരിടുന്ന കുന്നത്തുനാട് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ട്വന്റി-20 യുടെ ഭാവിയും, യുഡിഎഫിന്റെ എറണാകുളം ജില്ലയിലെ ആധിപത്യം നിലനിർത്തുമോ എന്നുള്ളതും, എൽഡിഎഫിന്റെ നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണവുമായിരിക്കും.