ഗോലഘട്ട്:
നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗോലഘട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കേരളത്തെ പരാമർശിച്ച് കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചത്. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വേതനം അടക്കം വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രിക രാഹുൽ ഗാന്ധി പുറത്തിറക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
‘ശൂന്യമായ പണപ്പെട്ടി’ നിറയ്ക്കാൻ എന്തുവിലകൊടുത്തും അസമിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന ‘കൊള്ള എൻജിൻ’ ആണ് കോൺഗ്രസെന്ന് മോദി പരിഹസിച്ചു. വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേസമയം അധികാരത്തിൽ ഇരുന്നപ്പോൾ പോലും കോൺഗ്രസ് വാക്കു പാലിച്ചിട്ടില്ല. മാത്രമല്ല, ഇരട്ട അവഗണന, ഇരട്ട അഴിമതി, ഇരട്ട നുഴഞ്ഞുകയറ്റം എന്നിവ മാത്രമാണ് ആ സമയത്തുണ്ടായതെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സഖ്യങ്ങളെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. അധികാരക്കൊതി മൂലം തോന്നുന്ന പോലെ സഖ്യത്തിൽ ഏർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം തിരിച്ചടിയുണ്ടാകുമെന്ന് മോദി പറഞ്ഞു. ബംഗാളിൽ ഒരുമിച്ച് മത്സരിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ പരസ്പരം മത്സരിക്കുകയാണ്. അസമിലും കേരളത്തിലും ബംഗാളിലും വർഗീയശക്തികളുമായിട്ടാണ് കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നതെന്നും മോദി ആരോപിച്ചു.