കോഴിക്കോട്:
എലത്തൂർ മണ്ഡലത്തിലെ യുഡിഎഫിലെ സ്ഥാനാർത്ഥി സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം ശക്തമാക്കി. മണ്ഡലം, ബ്ലോക്, ഡിസിസി ഭാരവാഹികളുടെ യോഗം കോൺഗ്രസ് വിളിച്ചു. പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
എലത്തൂരിലെ സ്ഥാനാർഥി പ്രശ്നത്തിൽ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസംവരെ നീണ്ട തർക്കവും പോർവിളികളും ജില്ലയിൽ യുഡിഎഫിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മൂന്ന് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച് പാർട്ടികൾ തമ്മിൽ അത്യപൂർവമായ യുദ്ധമുഖം തുറന്നത് അണികളുടെയും മനസ്സു മടുപ്പിച്ചിരുന്നു.
നിജേഷ് അരവിന്ദ്, യുവി ദിനേശ് മണി തുടങ്ങിയ നേതാക്കളെയായിരുന്നു തുടക്കം മുതൽ കോൺഗ്രസ് പരിഗണിച്ചിരുന്നത്. ചെങ്ങോടുമല ക്വാറിക്കെതിരായ സമരത്തിൽ സജീവമായിരുന്ന നിജേഷ് അരവിന്ദിനെതിരെ ക്വാറിമാഫിയ രംഗത്തുണ്ടായിരുന്നതായ ആക്ഷേപമുയർന്നിരുന്നു.