Mon. Dec 23rd, 2024
കോഴിക്കോട്:

ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടിയാണ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്വതന്ത്രനായിട്ടാണ് ഇബ്രാഹിം കുട്ടി മത്സരിക്കുക. സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ലോക കേരള സഭ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഇബ്രാഹിം കുട്ടി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയും എംഎസ്എഫ് ജില്ലാ മുന്‍ ജോ സെക്രട്ടറിയാണ്.

ഇബ്രാഹീം കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രാദേശിക തലത്തില്‍ നിന്ന് ആവശ്യപ്പെട്ടതായി ഹൈദരലി തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മന്ത്രി ടിപി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എല്‍ഡിഎഫിൻ്റെ സ്ഥാനാര്‍ത്ഥി. നേരത്തെ സിഎച്ച് ഇബ്രാഹിം കുട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി പേരാമ്പ്രയില്‍ പരസ്യ പ്രകടനം നടന്നിരുന്നു.

ലീഗിന് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിഷേധം അറിയിച്ചിരുന്നു. ജോസ് വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ പണം വാങ്ങി സീറ്റ് ലീഗിന് വിറ്റെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്.

By Divya