Sat. Jul 27th, 2024
പ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണ മുന്നണിയായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും
ഒരുപോലെ അതിജീവന പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഭരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.
എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും എൻഡിഎയുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടം സജീവമായി. തുടര്‍ ഭരണത്തിലാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രതീക്ഷ. ഓഖിയും പ്രളയവും നിപ്പയും മറികടന്നതും കോവിഡ് കാലത്ത് തുടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണവും ലൈഫ് മിഷനും സാമൂഹിക ക്ഷേമ പെൻഷനുകളും എല്ലാം ഭരണത്തുടർച്ചക്ക് വോട്ടായി മാറുമെന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ. പത്ത് ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത് സവർണ വിഭാഗങ്ങൾക്കിടയിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാട് ന്യൂനപക്ഷങ്ങൾക്കിടയിലും സ്വാധീനമുണ്ടാക്കുമെന്ന് അവർ കരുതുന്നു.
പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണക്കടത്ത് അഴിമതി ആരോപണവും ലൈഫ് മിഷന്‍ കോഴയും സ്പ്രിങ്ക്ളര്‍ ഇടപാടും എല്ലാം മറികടക്കാന്‍ കഴിഞ്ഞുവെന്നാണ് അവരുടെ പ്രതീക്ഷ. ദുര്‍ബലമായ പ്രതിപക്ഷം തന്നെയായിരുന്നു എല്‍ഡിഎഫിന്‍റെ ശക്തി.
ജോസ് കെ മാണിയുടെ വരവ് മധ്യകേരളത്തിലെ ക്രൈസ്തവർക്കിടയിലെങ്കിലും എല്‍ഡിഎഫിന്‍റെ വോട്ട് വര്‍ധിപ്പിക്കുമന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടവും പിണറായി വിജയന്‍റെ തുടർ ഭരണ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു. തെരഞ്ഞെടുപ്പ് കാലത്തും തുടരുന്ന പ്രതിപക്ഷത്തിന്‍റെ തമ്മിലടിയും ദൗർബല്യവും തങ്ങളെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. കുറ്റ്യാടിയിലും പൊന്നാനിയിലും പിറവത്തും ഉണ്ടായ പ്രതിഷേധങ്ങൾ മയപ്പെടുത്താന്‍ കഴിഞ്ഞതും അവര്‍ക്ക് ആശ്വാസം നല്‍കുന്നു.
2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റുകളും നേടിയതാണ് ഭരണമാറ്റത്തെക്കുറിച്ച് യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും ആത്മവിശ്വാസം.
ഒത്തുപിടിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ നേട്ടത്തിൻ്റെ തുടർച്ച നിലനിർത്താൻ കഴിയുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
പ്രതിസന്ധികൾ മറികടന്ന് ശക്തമായി തിരിച്ചുവരാനുള്ള ശ്രമം നടത്തുന്ന യുഡിഎഫിന് ആദ്യ തിരിച്ചടിയായത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെയാണ്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ ശക്തമായ നേതൃത്വത്തിൻ്റെയും സംഘടന സംവിധാനത്തിൻ്റെയും അഭാവവും ഐക്യമില്ലായ്മയും രാഷ്ട്രീയമായ ദൗർബല്യങ്ങളുമാണ് അവരെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല.

എന്നാൽ വൈകിയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ പഠിച്ചുവെന്ന തോന്നലാണ് പിന്നീട് സൃഷ്ടിച്ചത്. ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും കേരള രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ് മുന്നണിയിൽ പുതിയ ഉണർവ് സൃഷ്ടിച്ചു. പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരവും ആഴക്കടൽ ട്രോളർ കരാറിനെ തുടർന്ന് തീരദേശ മേഖലയിൽ സർക്കാർ നേരിട്ട എതിര്‍പ്പുകളും മുതലാക്കാൻ അവർ ശ്രമിച്ചു. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

ശബരിമല ആചാര സംരക്ഷണ നിയമം പോലുള്ള ഹിന്ദു പ്രീണന നിലപാടുകളിലൂടെ മുസ്ലിം ലീഗിന്‍റെ അജണ്ടക്ക് കോണ്‍ഗ്രസ് കീഴടങ്ങുന്നുവെന്ന എൽഡിഎഫിൻ്റെ പ്രചാരണം തടയാൻ കഴിഞ്ഞു. ബിജെപിയുടെ വർഗീയ അജണ്ടയാണ് അവർ ഏറ്റെടുത്തതെന്ന് മാത്രം. ജോസ് കെ മാണി വിട്ടുപോയതിൻ്റെ ക്ഷീണമുണ്ടെങ്കിലും  മാണി സി കാപ്പനെ അടർത്തി മുന്നണിയിൽ ചേർക്കാൻ കഴിഞ്ഞു. കാര്യമായ അസ്വാരസ്യങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനും കഴിഞ്ഞു. നിരവധി പുതുമുഖങ്ങളുള്ള മികച്ച സ്ഥാനാർത്ഥി പട്ടിക അവതരിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു.

എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസിൽ തുടങ്ങിയ പൊട്ടിത്തെറി അവസാനിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. നിരവധി മണ്ഡലങ്ങളിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ എതിർത്തുകൊണ്ട് ഗ്രൂപ്പിൻ്റെ പേരിൽ പരസ്യ പ്രതിഷേധങ്ങൾ ഉയർന്നു. സീറ്റ് നിഷേധത്തിനെതിരെ നേതാക്കളും അണികളും രംഗത്തുവന്നതുമെല്ലാം യുഡിഎഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. അതിനിടയിലാണ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. ലതികയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ത്രീവിവേചനത്തെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകള്‍ സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി.

പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധങ്ങളും ഗ്രൂപ്പ് പോരും വിജയ പ്രതീക്ഷ നഷ്ടപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായ കെ സുധാകരനെ പോലുള്ള നേതാക്കളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ഈ പ്രശ്നങ്ങളെല്ലാം മറികടന്നു തിരിച്ചുവരാൻ യുഡിഎഫ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പാണ്.

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയെ പിന്തുണക്കാനുള്ള തീരുമാനം അത്തരത്തില്‍ ഒന്നാണ്. കുലംകുത്തിയെന്ന് ആക്ഷേപിച്ച് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ വടക്കന്‍ ജില്ലകളിലെങ്കിലും കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാകും. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സര രംഗത്തിറിക്കാന്‍ കഴിഞ്ഞതും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീകള്‍ക്കും ദലിതര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഉദാഹരണമായി പ്രചരിപ്പിക്കാന്‍ കഴിയും.

എന്നാൽ പുറത്തു വന്ന എല്ലാ സർവെ ഫലങ്ങളും എൽഡിഎഫിൻ്റെ തുടർ ഭരണത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുന്ന ഒരു സര്‍വെ പോലും പുറത്തുവന്നിട്ടില്ല. പ്രമുഖമായ സർവേ ഫലങ്ങൾ തെറ്റിപ്പോയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുഡിഎഫിന് ആശ്വസിക്കാം.

കേരളത്തില്‍ 140 മണ്ഡലങ്ങളിലും നടക്കുന്നത് ത്രികോണ മത്സരമാണെന്ന മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതി ഊതിപ്പെരുപ്പിച്ചതാണ്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎ തന്നെ ദുര്‍ബലപ്പെട്ട സാഹചര്യമാണ് ഇപ്പോള്‍. വെള്ളാപ്പള്ളി നടേശന്‍റെ ആശീര്‍വാദവും ഒരു വിഭാഗം എസ്‍എൻഡിപി യോഗം പ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ടായിരുന്ന ബിഡിജെഎസ് 2016ലെ തെരഞ്ഞെടുപ്പില്‍ കുറെയെങ്കിലും ശക്തിയുള്ള ഒരു ഘടകക്ഷിയായിരുന്നു. എന്നാല്‍ അതിന്‍റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്.
2016ൽ നേമത്ത് നേടിയ സീറ്റ് നിലനിർത്താനും കൂടുതൽ സീറ്റുകൾ നേടാനുള്ള കഠിന യത്നത്തിലാണ് ബിജെപി എന്നതാണ് വാസ്തവം. 35 സീറ്റുകൾ കിട്ടിയാൽ അധികാരത്തിൽ വരാൻ കഴിയുമെന്ന് കെ സുരേന്ദ്രൻ ആവർത്തിക്കുന്നുണ്ടെങ്കിലും അത് അദ്ദേഹം പോലും വിശ്വസിക്കുന്നുണ്ടെന്ന് കരുതാനാകില്ല. നേമത്തിന് പുറമെ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ എങ്കിലും വിജയിക്കാൻ കഴിയുമോ എന്നാണ് അവർ പരിശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പാലക്കാട് ഇ ശ്രീധരനെ രംഗത്തിറക്കിയതും കെ സുരേന്ദ്രൻ കഴിഞ്ഞ തവണ നിസാര വോട്ടുകൾക്ക് തോറ്റ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിൽ മത്സരിക്കാന്‍ തീരുമാനിച്ചതും.
നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചതും വിജയ പ്രതീക്ഷയോടെയാണ്. എന്നാൽ കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥി ആയതോടെ നേമത്തെ വിജയം ആവർത്തിക്കുന്നത് എളുപ്പമല്ലാതായി. നേമത്തെ ബിജെപി എംഎൽഎ ഒ  രാജഗോപാൽ തന്നെ കുമ്മനത്തിൻ്റെ വിജയ സാധ്യത തള്ളിപ്പറഞ്ഞിട്ടുണ്ട്.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ച സുരേന്ദ്രൻ ഫലത്തില്‍ വിജയ സാധ്യത ഉണ്ടായിരുന്നു മഞ്ചേശ്വരത്തെ കൈവിട്ട നിലയിലാണ്. ഹെലികോപ്റ്ററിൽ പറന്ന് സുരേന്ദ്രന്‍ നടത്തുന്ന പ്രചാരണങ്ങൾ പുകപടലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും വോട്ടായി മാറുമോ എന്ന് ഉറപ്പില്ല.

ബിജെപി വിജയ പ്രതീക്ഷ പുലർത്തിയിരുന്ന പാലക്കാടും ടെക്നോക്രാറ്റായ ഇ ശ്രീധരൻ്റെ ഹൈടെക് പ്രചാരണം ജനങ്ങളെ സ്വാധീനിക്കാൻ എളുപ്പമല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ഇളക്കി മറിച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെതിരെ രണ്ടാം സ്ഥാനത്തെത്തിയ സി കൃഷ്ണകുമാര്‍ മത്സരിക്കുന്ന മലമ്പുഴയാണ് മറ്റൊരു പ്രതീക്ഷ. യുഡിഎഫും എൽഡിഎഫും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിന് മുതിർന്നില്ലെങ്കിൽ ബിജെപി ഈ തെരഞ്ഞെടുപ്പിൽ അപ്രസക്തമായ സാന്നിധ്യമാകും.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ തുടര്‍ഭരണം അപൂർവ്വമാണ്. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ സഖ്യം അധികാരത്തിൽ തിരിച്ചെത്തിയതാണ് ഒരു ഉദാഹരണം. എന്നാൽ ആ സർക്കാരിനും അധികം ആയുസുണ്ടായിരുന്നില്ല. സിപിഐ കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചു. എ കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗ്രൂപ്പും കേരള കോൺഗ്രൺസ് മാണി ഗ്രൂപും LDF ൻ്റെ ഭാഗമായി. നായനാർ മന്ത്രിസ്ഥ അധികാരത്തിലെത്തി. അതിനും അൽപായസായിരുന്നു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫും എൽ ഡിഎഫും മാറി മാറി അധികാരത്തിൽ വന്നു. ഈ ചരിത്രം മാറ്റിയെഴുതി വീണ്ടും അധികാരത്തിലെത്താനാണ് പിണറായി വിജയൻ്റെയും എല്‍ഡിഎഫിന്‍റെയും ശ്രമം.

ഏതായാലും കേരളത്തിൽ നടക്കാൻ പോകുന്നത് ത്രികോണ മത്സരമല്ല. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേർക്കുനേർ മത്സരമായിരിക്കും. ഇതുവരെയുള്ള സ്ഥിതി പരിശോധിച്ചാൽ ഭരണമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ യുഡിഎഫിന് ഏറെ പണിപ്പെടേണ്ടി വരും. അനുകൂല സാഹചര്യങ്ങൾ കൈവിട്ട നിലയിലാണ് ഇപ്പോൾ അവർ. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അത്ഭുതങ്ങൾ പ്രവർത്തിച്ചാൽ മാത്രമേ യുഡിഎഫിന് അധികാരം തിരിച്ചുപിടിക്കാൻ കഴിയൂ. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതുണ്ടായില്ലെങ്കിൽ പിണറായി വിജയൻ്റെ ഭരണത്തുടർച്ചക്കാണ് സാധ്യത.

അധികാരം ലഭിച്ചില്ലെങ്കില്‍, കേരളത്തിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ദേശീയ അധികാരത്തിന്‍റെ പിന്‍ബലമുള്ള ബിജെപിയുടെ മുന്നില്‍ ആദ്യം കീഴടങ്ങുന്നത് കോണ്‍ഗ്രസിന്‍റെ നേതാക്കളും അണികളുമായിരിക്കും. ഭരണം നഷ്ടപ്പെട്ടാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതിയും വളരെയൊന്നും വ്യത്യസ്തമാകില്ലെന്ന് ബംഗാളിന്‍റെയും ത്രിപുരയുടെയും അനുഭവം വ്യക്തമാക്കുന്നുണ്ട്.
ഇടതും വലതും മുന്നണികളിൽ നിന്ന് പലരും ഇപ്പോൾ തന്നെ വിജയസാധ്യതയില്ലാത്ത എൻഡിഎയുടെ താവളത്തില്‍ എത്തിക്കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരില്‍ പലരും കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇടതുപക്ഷത്തിന് സംഘടന ബലം കൊണ്ട് തൽക്കാലം പിടിച്ചുനില്‍ക്കാന്‍  കഴിഞ്ഞേക്കും. ഗ്രൂപ്പ് വഴക്കും ശൈഥില്യവും അലട്ടുന്ന കോൺഗ്രസിന് ആ പ്രതീക്ഷയുമില്ല. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കലും നിലനിര്‍ത്തലും രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പ്രശ്നം തന്നെയാണ്.