എറണാകുളം:
കൊവിഡ് ഭീതി പൂർണമായി വിട്ടൊഴിയുന്നതിനു മുൻപുതന്നെ കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ല നിയമസഭ തിരഞ്ഞെടുപ്പ് കേരള ജനത ഉറ്റുനോക്കുന്ന ഒന്നാണ്. ഏപ്രിൽ 6-ന് നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിലേക്ക് ജില്ലയുടെ 14 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
മധ്യകേരളത്തില്‍ എക്കാലവും യുഡിഎഫിനൊപ്പം ഉറച്ചു നിന്നിട്ടുള്ള ജില്ലയാണ് എറണാകുളം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും എറണാകുളം ജില്ല യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ കൊച്ചി കോര്‍പ്പറേഷനില്‍ 10 വര്‍ഷമായുള്ള യുഡിഎഫിന്റെ ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫ് ഇക്കുറി ഭരണം നേടിയത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കോൺഗ്രസിനും -കേരളാ കോൺഗ്രസ് നും സ്വാധീനം ഉള്ള മേഖല എന്നിരിക്കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് കൂട്ടുകെട്ടും, ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളും, കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ട്വൻറി ട്വൻറി എന്ന പ്രസ്ഥാനത്തിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവേശനവും എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പിന് പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ജില്ലയിൽ 9 സിറ്റിംഗ് എംഎൽഎമാരുള്ള യുഡിഎഫ് കളമശ്ശേരി നിയോജക മണ്ഡലത്തിലെ വി.കെ.ഇബ്രാഹിംകുഞ്ഞൊഴികെ 8 പേരെയും തുടർസ്ഥാനാർത്ഥികളാക്കിയിരിക്കുകയാണ്. പറവൂരിൽ വി ഡിസതീശൻ, അങ്കമാലിയിൽ റോജി എം ജോൺ, ആലുവയിൽ അൻവർ സാദത്ത്, തൃക്കാക്കരയിൽ പി ടിതോമസ്, എറണാകുളത്ത് ടി ജെ വിനോദ്, കുന്നത്തുനാട് വി പി സജീന്ദ്രൻ, പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി, പിറവത്ത് അനൂപ് ജേക്കബ് എന്നിങ്ങനെയാണ് സിറ്റിംഗ് എംഎൽഎമാരുടെ നിര. ഏറെ നാടകീയതക്കും ചർച്ചകൾക്കുമൊടുവിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിത്വം നൽകിയ കെ.ബാബു മാത്രമാണ് സ്ഥാനാർത്ഥിത്തുടർച്ച ലഭിച്ച മുൻ തിരഞ്ഞെടുപ്പിൽ വിജയിക്കാത്ത ജില്ലയിലെ ഏക യുഡിഎഫ് സ്ഥാനാർഥി.
കോതമംഗലത്ത് പൊതുപ്രവർത്തന രംഗത്ത് സജീവമായ ഷിബു തെക്കുംപുറത്താണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിൻറെ മകൻ അബ്ദുൽ ഗഫൂറും, മുവാറ്റുപുഴ മണ്ഡലത്തിലെ മാത്യു കുഴലനാടനും, വൈപ്പിൻ മണ്ഡലത്തിലെ ദീപക് ജോയിയുമാണ് ജില്ലയിൽ യുഡിഎഫിലെ പുതുമുഖങ്ങൾ.
യുഡിഎഫ് ആധിപത്യമുള്ള ജില്ലയിലെ 5 സിറ്റിംഗ് സീറ്റുകളിൽ 4 എണ്ണത്തിലും മുൻ സ്ഥാനാർത്ഥികളെ നിലനിർത്തിയിരിക്കുകയാണ് എൽഡിഎഫ്. തൃപ്പൂണിത്തുറയിൽ എം സ്വരാജ്, മുവാറ്റുപുഴയിൽ എൽദോ എബ്രഹാം, കോതമംഗലത്ത് ആൻ്റണി ജോൺ, കൊച്ചിയിൽ കെ ജെ മാക്സി എന്നിവരാണവർ. ജോസ് തെറ്റയിൽ അങ്കമാലിയിലും പി രാജീവ് കളമശേരിയിലും, ഷെൽന നിഷാദ് ആലുവയിലും, എം ടി നിക്സൺ പറവൂരും, കെ.എൻ.ഉണ്ണികൃഷ്ണൻ വൈപ്പിനിലും, ഡോ. ജെ.ജേക്കബ് തൃക്കാക്കരയിലും, പി വി ശ്രീജൻ തൃക്കാക്കരയിലെ മത്സരിക്കും.
ജില്ലയിൽ പെരുമ്പാവൂരിലെ ബാബു ജോസഫും, പിറവത്തെ സിന്ധുമോൾ ജേക്കബും ആണ് കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർത്ഥികൾ. ലത്തീൻ സമുദായ നേതാവും സാംസ്കാരിക പ്രവർത്തകനുമായ ഷാജി ജോർജ് എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പാർട്ടിലേക്കുണ്ടായ പ്രമുഖരുടെ വരവിലും പ്രതീക്ഷയർപ്പിച്ച് ഹിന്ദു ജനവിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ബിജെപി. കൊച്ചിയിൽ സി ജി രാജഗോപാലും, തൃപ്പൂണിത്തുറയിൽ ഡോ. കെ എസ് രാധാകൃഷ്ണനും, എറണാകുളത്ത് പദ്മജ എസ് മേനോനും ആണ് സ്ഥാനാർത്ഥികൾ. ട്വന്റി ട്വൻറിയുടെ വളർച്ചയും 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിൻറെ സമീപ പഞ്ചായത്തുകളിൽ നേടിയ വിജയവും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ അവർക്കു പ്രേരണയായി. എറണാകുളം ജില്ലയിൽ ഈ തിരഞ്ഞെടുപ്പിൽ 8 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി.
കേരളത്തിൻറെ വ്യവസായ മേഖലകൾ കൂടുതൽ സ്ഥിതി ചെയ്യുന്നതും വികസന കേന്ദ്രീകൃതമേഖലയായതിനാലും ജില്ലയിലെ എറണാകുളം മണ്ഡലം പൊതു ചർച്ചകളിൽ ഒരു വലിയ ഘടകമാണ്. എക്കാലവും യുഡിഎഫിൻറെ ഉറച്ച മണ്ഡലമെന്നാണ് എറണാകുളം അറിയപ്പെട്ടിരുന്നതെങ്കിലും ഇടതിനെ പിന്തുണച്ച പാരമ്പര്യവും എറണാകുളത്തിനുണ്ട്. 1987-ലെ തിരഞ്ഞെടുപ്പിൽ പ്രൊഫ. എം കെ സാനുവും 1998-ലെ ഉപതിരഞ്ഞെടുപ്പിലൂടെ സെബാസ്റ്റ്യൻ പോളും ആണ് കോൺഗ്രസ് ഇതര നേതാക്കൾ എറണാകുളം മണ്ഡലത്തിൽ ഉണ്ടായത്.
2019 തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ടി ജെ വിനോദ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസിനും യുഡിഎഫിനും നേരിടേണ്ടിവന്നത്. പെരുമഴയില്‍ നഗരം വെള്ളക്കെട്ടില്‍ അമര്‍ന്ന ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരിച്ചിരുന്ന കോർപ്പറേഷനെതിരെയുള്ള ജനരോഷം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി.
കോർപ്പറേഷനെതിരെയുള്ള ആരോപണങ്ങൾ പിന്നീടും അനവധി ഉണ്ടാവുകയും 10 വർഷങ്ങൾക്കു ശേഷം 2020-ൽ എൽഡിഎഫ് കോർപറേഷൻ ഭരണം നേടുകയും ചെയ്തിരിക്കുന്ന ഈയൊരു സാഹചര്യത്തിലാണ് ടി ജെ വിനോദ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ക്രൈസ്തവ ലത്തീൻ വിഭാഗത്തിന് മുൻതൂക്കമുള്ള മണ്ഡലമെന്നതുകൊണ്ടും സർക്കാരിനെതിരെ ആരോപിക്കപ്പെട്ട ആഴക്കടൽ മത്സ്യബന്ധന വിവാദങ്ങളെയും തണുപ്പിക്കാനെന്നോണവുമാണ് കേരള റീജിയൻ ലാറ്റിൻ കത്തോലിക്ക കൗൺസിൽ പ്രസിഡന്റായ ഷാജി ജോർജിനെ എൽഡിഎഫ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മണ്ഡലമാണ് തൃപ്പുണിത്തുറ. ഇ ശ്രീധരൻ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന വാർത്തകളും കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്കായുള്ള പിടിവലികളും ഏറെ ചർച്ചചെയ്യപ്പെട്ടവയാണ്. കെ.ബാബുവിൻ്റെ നീണ്ട 25 വർഷത്തെ നിയമസഭ പ്രാതിനിധ്യമാണ് 2016 തിരഞ്ഞെടുപ്പിൽ ബാർ കോഴ വിവാദത്തിൽ നഷ്ടപ്പെടുകയും ഡിവൈഎഫ്ഐ നേതാവായിരുന്ന എം സ്വരാജ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്.
നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയും വിശ്വാസത്തോടെയുമാണ് എതിർപ്പുകളെ അവഗണിച്ചും നേതൃത്വം ബാബുവിൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങിയത്. ഹൈന്ദവ മതവിഭാഗക്കാർ കൂടുതൽ ഉള്ള മേഖല എന്നതും 2019-ൽ ബിജെപിയിൽ ചേർന്ന കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാന്സലറും കേരള പിഎസ്‌സി മുൻ ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥിയാണെന്നുള്ളതും മണ്ഡലത്തിൻ്റെ പോരാട്ട വീര്യം കൂട്ടുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയും പറവൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പറവൂര്‍ നിയമസഭ മണ്ഡലം. 2001 മുതൽ തുടർച്ചയായി കോൺഗ്രസിലെ വി.ഡി.സതീശൻറെ സിറ്റിംഗ് സീറ്റ് ആയ പറവൂർ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സതീശൻറെ ഭൂരിപക്ഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിപിഎമ്മിനു വിട്ടുനൽകാതെ സിപിഐ സീറ്റ് മുറുകെപ്പിടിക്കുന്നത്.
സിപിഐ മത്സരിച്ചുകൊണ്ടിരുന്ന ഈ മണ്ഡലം സിപിഎമ്മിന് നൽകണമെന്ന ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും സിപിഐ സ്ഥാനാർത്ഥിയായ എം.ടി. നിക്സൺ ആണ് ഇപ്രാവശ്യം സതീശനെതിരെ മത്സരിക്കുന്നത്. ഇത്തവണയും ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് പറവൂര്‍.
സംസ്ഥാനത്തിൻറെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിൻറെ സിലിക്കൺ വാലിയായ തൃക്കാക്കര ജില്ലയിലെ ‘ബേബി’ മണ്ഡലമാണ്. ജില്ലയുടെ ആസ്ഥാനമായ കലക്ടറേറ്റ് അടങ്ങുന്ന മണ്ഡലം 10 വർഷംമുമ്പാണ് രൂപീകൃതമായത്. ഐടി ഹബ്ബായ മണ്ഡലത്തിൽ ചർച്ചയാകുന്നത് പ്രധാനമായും ഈ രംഗത്തെ വികസനമാണ്. 2011-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ യുഡിഫിനൊപ്പമാണ് മണ്ഡലം നിലകൊണ്ടിരിക്കുന്നത്.
ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് 2016-ൽ ബെന്നി ബെഹനാനിൽ നിന്ന് പി ടി തോമസിന് കൈമാറി വിജയിച്ച മണ്ഡലത്തിൽ പി.ടി തോമസിനെത്തന്നെ സ്ഥാനാർത്ഥിയായി നിലനിർത്തിയിരിക്കുകയാണ് യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനും ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യധാരാപ്രവത്തകരെ മാറ്റിനിർത്തിക്കൊണ്ട് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ആയ ജെ ജേക്കബ്ബിലൂടെ ഒരു ശ്രമം നടത്തുകയാണ് എൽഡിഎഫ്. ഐടി മേഖലയിലെ വികസനവും മെട്രോ റെയിൽ പദ്ധതിയുടെ കാക്കനാട്ടേക്കുള്ള വിപുലീകരണവും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
തുടർച്ചയായി രണ്ടു തവണ മത്സരിച്ചു വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥിയും പാലാരിവട്ടത്തെ അഴിമതിക്കേസിൽ വിചാരണ നേരിടുകയും ചെയ്യുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിൻറെ മകന്‍ അബ്ദുള്‍ ഗഫൂറാണ് ഈ തവണ യുഡിഫിനെ കളമശ്ശേരി മണ്ഡലത്തിൽ പ്രതിനിധീകരിക്കുന്നത്.
അഴിമതി ആരോപണം നിലനിൽക്കുമ്പോൾ മകൻ സ്ഥാനാർത്ഥിയാവുന്നതും എതിർസ്ഥാനാർത്ഥിയുടെ ജനസമ്മതിയും ജയസാധ്യത കുറക്കുമെന്നുള്ള പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായത്തെ ലീഗ് നേതൃത്വം അംഗീകരിക്കാൻ തയ്യാറാവാതെയാണ് ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടത്തിയ മുന്നേറ്റവും, ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണങ്ങളും, ലീഗിലെ വിള്ളലും അനുകൂല സാഹചര്യങ്ങൾ നൽകുമെന്ന വിശ്വാസത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ രാജ്യസഭാംഗവുമായ പി രാജീവിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
ആലുവ മണ്ഡലത്തിൽ 1957-നും 2016-നും ഇടക്ക് ഒരിക്കൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. 1980 മുതൽ 2001 വരെ തുടർച്ചയായി 6 തവണ വിജയിച്ച കോൺഗ്രസ്സിൻറെ കെ മുഹമ്മദ് അലിയിൽ നിന്ന് നഷ്ടപ്പെട്ട മണ്ഡലം 2011-ൽ അൻവർ സാദത്ത് വഴി കോൺഗ്രസ് തിരികെ നേടുകയും പിന്നീടിതുവരെ നിലനിർത്തുകയും ചെയ്തു.
മധ്യകേരളത്തിൽ കോൺഗ്രസിൻ്റെ ശക്തി മണ്ഡലമായ ആലുവയിൽ അൻവർ സാദത്ത് തുടർച്ചയായ മൂന്നാംതവണയാണ് സ്ഥാനാർത്ഥിയാകുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും 30 വർഷത്തോളം ആലുവയിൽ നിന്ന് എംഎൽഎയുമായിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് ഈ തവണ എൽഡിഎഫ് എതിർസ്ഥാനാർത്ഥിയായി കൊണ്ടുവന്നിരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷ മേഖലയിൽ അതേ സമുദായത്തിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. കൂടാതെ കെ മുഹമ്മദ് അലിയുടെ മരുമകളെന്ന നിലയിൽ യുഡിഎഫ് വോട്ടുകളും ലക്ഷ്യമിടുന്നു. 2006 ലുണ്ടായ വിജയം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
എറണാകുളത്ത് ഇടത് പക്ഷത്തിനും വലത് പക്ഷത്തിനും ഒരു പോലെ ജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് അങ്കമാലി. എൽഡിഎഫും, യുഡിഎഫും, ജനതാദൾ എസ്സിന്റെ ജോസ് തെറ്റയിലും തുടർച്ചയായി പലസമയങ്ങളിൽ വിജയിച്ചിട്ടുള്ള മണ്ഡലമായ അങ്കമാലി 2016-ൽ കോൺഗ്രസ് നേടിയെടുത്ത റോജി എം ജോൺ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി.
റോജിയുടെ പ്രതിച്ഛായയില്‍ വിശ്വാസമര്‍പ്പിച്ചാണ് യു ഡി എഫ് പ്രചാരണം. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ ഏഴ് പഞ്ചായത്തിലും, അങ്കമാല നഗരസഭയിലും, ബ്ലോക്ക് പഞ്ചായത്തിലും യു ഡി എഫിനായിരുന്നു ജയം. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പകരക്കാരനിലൂടെ നഷ്ടമായ സീറ്റ് തിരികെ നേടുവാൻ ജോസ് തെറ്റയിലിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ജോസ് തെറ്റയിലിന്‍റെ സ്ഥാനാർത്ഥിത്വത്തോടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഇത്തവണ കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലെത്തിയത് അങ്കമാലിയിൽ ജെഡിഎസിന് പ്രതീക്ഷ നൽകുന്ന ഘടകങ്ങളിലൊന്നാണ്.
ദീർഘകാലം കേരളം മന്ത്രിസഭകളിൽ മന്ത്രിയായിരിക്കുകയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സ്ഥാപകനുമായ ടി എം ജേക്കബിന്റെ മണ്ഡലം എന്നറിയപ്പെട്ടിരുന്നതാണ് പിറവം. എറണാകുളത്തിന്റെ ഗ്രാമീണമേഖലയിൽപ്പെടുന്ന ഈ പ്രദേശം പ്രാഥമികമായും കാർഷിക മേഖലയിൽ അധിഷ്ഠിതമാണ്.
മണ്ഡലത്തിൽ എൽഡിഎഫിന് രണ്ടു തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് വിജയം നേടാം കഴിഞ്ഞിട്ടുള്ളൂ. ടി എം ജേക്കബിന്റെ മരണ ശേഷം മകൻ അനൂപ് ജേക്കബ് 2012 ബൈ-ഇലെക്ഷനിലും 2016-ലും വിജയിച്ചു. ഈ തവണ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിൽ ചേർന്നപ്പോൾ പിറവം മണ്ഡലം രണ്ട് കേരള കോൺഗ്രസ് തമ്മിലുള്ള മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
ജേക്കബ് വിഭാഗത്തെ പ്രധിനിധീകരിച്ച് അനൂപ് ജേക്കബും, മാണി വിഭാഗത്തെ പ്രധിനിധീകരിച്ച് സിന്ധുമോൾ ജേക്കബും ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായത്. പിറവം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മത്സരാന്തരീക്ഷത്തിലേക്കാണ് ഈ തിരഞ്ഞെടുപ്പു മണ്ഡലത്തെ നയിക്കുന്നത്.
കേരളം കോൺഗ്രസ് സ്ഥാപകരിലൊരാളായ കെ എം ജോർജിന്റെ മണ്ഡലം എന്ന നിലയിൽ കേരള കോൺഗ്രസിന് സ്വാധീനം ഉണ്ടായിരുന്ന മുവാറ്റുപുഴ മണ്ഡലം 2011-ലാണ് ജോസഫ് വാഴക്കനിലൂടെ കോൺഗ്രസ് ഏറ്റെടുക്കുന്നത്. പക്ഷെ എൽഡിഎഫിൽ സിപിഐയുടെ സീറ്റായ മുവാറ്റുപുഴ 2016-ൽ എൽദോ ഏബ്രഹാമിലൂടെ എൽഡിഎഫ് നേടിയെടുത്തു.
വാഴക്കൻറെ വിജയസാധ്യതക്കുറവും ഗ്രൂപ്പ് വഴക്കും മൂലം കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴക്കാരനും കെപിസിസി. ജനറൽ സെക്രെട്ടറിയുമായ മാത്യു കുഴൽനാടനിലേക്ക് എത്തിച്ചേരുകയായിരുന്നു. സിപിഐയിലെ സിറ്റിംഗ് എംഎൽഎയായ എൽദോ എബ്രഹാമാണ് എൽഡിഎഫ് സ്ഥാനാർഥി.
ജില്ലയുടെ മലയോര മേഖലയും കിഴക്കൻ അതിർത്തിയുമായ കോതമംഗലം 1967-നു ശേഷം തുടർച്ചയായി യുഡിഎഫിന് പ്രാതിനിധ്യമുണ്ടായിരുന്നത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടു. സിപിയെമ്മിന്റെ ആന്റണി ജോൺ ആണ് സിറ്റിംഗ് എംഎൽഎയായിരുന്ന ടിയു കുരുവിളക്കെതിരെ ജയിച്ചത്. ഈ തിരഞ്ഞെടുപ്പിലും ആന്റണി ജോണിനെ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഷിബു തെക്കുംപുറം മത്സരിക്കും.
എൽഡിഎഫും യുഡിഎഫും മാറി വിജയങ്ങൾ നേടിയിട്ടുള്ള മണ്ഡലമാണ് കുന്നത്തുനാട് എങ്കിലും 2011 മുതൽ യുഡിഎഫിന്റെ വി.പി.സജീന്ദ്രനാണ് തുടർച്ചയായി വിജയിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ സജീന്ദ്രനെതിരെ പി വി ശ്രീജിനാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഎമ്മിന്റേയും യുഡിഎഫിൽ കോൺഗ്രസിന്റെയും സീറ്റ് ആണ് ഈ മണ്ഡലം. ട്വൻറി ട്വൻറി ജനകീയ കൂട്ടായ്മയുടെ ജനനവും പ്രവർത്തന മേഖലയും പ്രാഥമികമായും ഈ മണ്ഡലമാണ്.
പ്രാദേശികമായി ഈ കൂട്ടായ്മയ്ക്കുണ്ടായ വളർച്ചയും 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ അയൽ പഞ്ചായത്തുകളിൽ ഭരണം നേടിയതും ജില്ലയിലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളുടെ പങ്കാളിത്തവും ഈ തിരഞ്ഞെടുപ്പിൽ കൂട്ടായ്മക്കുള്ള സ്വാധീനത്തെ ഉറപ്പിച്ചു കാണിക്കുന്നു. എൽഡിഎഫിനും തുല്യ സ്വാധീനമുള്ള മണ്ഡലം എന്ന നിലയിൽ കുന്നത്തുനാട് തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ്.
കൊച്ചി കോർപറേഷന്റെ 14 വാർഡുകളും കുമ്പളങ്ങി, ചെല്ലാനം ഗ്രാമപ്പഞ്ചായത്തുകളും അടങ്ങുന്നതാണ് കൊച്ചി നിയമസഭ മണ്ഡലം. 2011-ൽ രൂപീകൃതമായ മണ്ഡലം ഡൊമിനിക് പ്രസേന്റ്റേഷനിലൂടെ യുഡിഎഫും 2016-ൽ എം ജെ മാക്സിയിലൂടെ എൽഡിഎഫും വിജയിച്ചിരുന്നതാണ്. ഈ തവണ എം ജെ മാക്സിയിലൂടെത്തന്നെ എൽഡിഎഫ് നിലനിർത്താനുള്ള ശ്രമത്തിലാണ്.
കൊച്ചി കോർപറേഷനിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം അതിനുള്ള സാധ്യത കൂട്ടുമെന്ന പ്രതീക്ഷയും ഇടതുപക്ഷത്തിനുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സീറ്റായ കൊച്ചി തിരികെപ്പിടിക്കുവാനുള്ള പരിശ്രമത്തിൽ യുഡിഎഫ്. കൊച്ചി കോർപറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മണിയെയാണ് മാക്സിക്കെതിരായി യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് .
പെരുമ്പാവൂർ മണ്ഡലം എൽഡിഎഫിനും യുഡിഎഫിനും അനുകൂലമായി വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള മണ്ഡലമാണ്. മണ്ഡലത്തിലെ മുൻ കോൺഗ്രസ് നേതാവായ പി.ഐ പൗലോസിന്റെ മകനായ സാജു പോളിലൂടെയാണ് 2006 മുതൽ 2016 വരെ എൽഡിഎഫ് നിലനിർത്തിയത്. പക്ഷെ 2016-ലെ തിരഞ്ഞെടുപ്പിൽ യുവ നേതാവും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന എൽദോസ് കുന്നപ്പള്ളിയിലൂടെ യുഡിഎഫ് സജു പോളിനെ പരാജയപ്പെടുത്തി മണ്ഡലം കൈക്കലാക്കി.
ഈ തിരഞ്ഞെടുപ്പിലും സിറ്റിംഗ് എംഎൽഎയായ എൽദോസിൽ തന്നെയാണ് യുഡിഎഫ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ എൽഡിഎഫിലേക്കുള്ള വരവ് ഇടതുപക്ഷത്തിന്റെ കൂടി പിന്തുണ ലഭിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയോടെയാണ് മാണി വിഭാഗം സ്ഥാനാർത്ഥിയായ ബാബു ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി.