Thu. Apr 25th, 2024
KK Rama

വടകര:

വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ  കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാനായിരുന്നു ആര്‍എംപി തീരുമാനമെടുത്തിരുന്നത്.

അതേസമയം, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

കെകെ രമ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ വടകര സീറ്റ് ആര്‍എംപിയില്‍ നിന്നും തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്നലെ ഉച്ചയ്ക്ക് അറിയിച്ചിരുന്നു. എന്നാല്‍  ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടായതായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെെകുന്നേരത്തോട് കൂടി അറിയിക്കുകയായിരുന്നു.

വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ആര്‍എംപിയുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് എന്‍ വേണു പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും-ആര്‍എംപിയും തമ്മില്‍ രൂപീകരിച്ച ജനകീയ വികസന മുന്നണി വടകര മേഖലയില്‍ വലിയ വിജയം നേടിയതിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുക. പകരം മറ്റ് മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ പിന്തുണ കോണ്‍ഗ്രസിന് എന്നതായിരുന്നു ചര്‍ച്ച.

പക്ഷേ, കെകെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ മാത്രം പിന്തുണയെന്ന രീതിയിലേക്ക് കോണ്‍ഗ്രസ് എത്തി. കോണ്‍ഗ്രസില്‍ തന്നെ ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ആര്‍എംപി ടിക്കറ്റില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കണമെന്നതായിരുന്നു കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളുടെ നിലപാട്.രമ സ്ഥാനാര്‍ത്ഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തുത്.

https://www.youtube.com/watch?v=gwESs10r95E

By Binsha Das

Digital Journalist at Woke Malayalam