Mon. Dec 23rd, 2024
Social media

തിരുവനന്തപുരം:

നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് സൈബർ വിങ്ങിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിരവധി നിര്‍ദേശങ്ങള്‍ ആണ് ചട്ടത്തിലുള്ളത്.

തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമ ചർച്ചകളിൽ എപ്പോഴും എളിമ സൂക്ഷിക്കണമെന്ന് ഇടത് സൈബർ വിങ്ങിലെ അംഗങ്ങൾക്കു നല്‍കിയ പ്രധാന നിര്‍ദേശം. യുഡിഎഫ് സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ സമൂഹമാധ്യമ പേജുകളിൽ ഒരു കാരണവശാലും പരിഹാസ കമന്റുകൾ ഇടുകയോ ലൈക്ക് ചെയ്യുകയോ അരുത്. വെല്ലുവിളിയോ പരിഹാസമോ പാടില്ല,  വാക്കുകളിൽ എപ്പോഴും മിതത്വം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതു സംബന്ധിച്ച ഡിജിറ്റൽ പെരുമാറ്റച്ചട്ടം സൈബർ ഇടങ്ങളിൽ ഇടപെടുന്ന പ്രവർത്തകർക്ക് നൽകിയത്. സംസ്ഥാന സർക്കാരിന്റെ വികസനത്തോടൊപ്പം അതതു മണ്ഡലത്തിലെ ഇടത് എംഎൽഎമാർ നടത്തിയ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യണം. ഇടത് എംഎൽഎമാർ ഇല്ലാത്ത സ്ഥലങ്ങളിൽ വികസന മുരടിപ്പ് ചർച്ചയാക്കാമെന്നും പെരുമാറ്റചട്ടത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം വരെ എല്ലാ ഇടതുപക്ഷ പോസ്‌റ്റുകൾക്കും ലൈക്കും കമന്റും നൽകി പോസ്റ്റിനു കൂടുതൽ റീച്ച് ഉണ്ടാക്കാൻ എല്ലാരും ശ്രമിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.

https://www.youtube.com/watch?v=xjhIkJQv500

 

By Binsha Das

Digital Journalist at Woke Malayalam