തിരുവനന്തപുരം:
ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം എതിർത്തു.
ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്റെ പേര് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, കെ സുരേന്ദ്രനും വി മുരളീധരനും ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തു.
കഴക്കൂട്ടത്ത് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനായ ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടി വരുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് അല്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് ശോഭ സുരേന്ദ്രന്‍റെ നിലപാട്. ഇതിനിടെ ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എന്നാല്‍, സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേ സുരേഷ് ഗോപി ചികിത്സയിൽ ആണ്. ന്യൂമോണിയ ബാധയെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്ന സൂചനക്കിടയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
https://www.youtube.com/watch?v=td8Toun7OhY