Mon. Dec 23rd, 2024
പാലക്കാട്:

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കി. നാളെ രാവിലെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ആഹ്വാനം

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്പോള്‍  അഭിമാന പോരാട്ടം നടക്കുന്ന മലന്പുഴയില്‍ വിഘടിത ജനാദളിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരായ അമര്‍ഷമാണ് മറനീക്കി പുറത്തുവന്നത്. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍  അഡ്വ. ജോണ്‍ ജോണിന് മലന്പുഴ കൈമാറാനുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് കോണ്‍ഗ്രസ് രോഷം അണപൊട്ടിയത്.

പുതുശേരിയിയില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ രാവിലെ ഒന്പതരയോടെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും സമൂഹ മാധ്യമ കൂട്ടായ്മകളില്‍ ആഹ്വാനമുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗം കുമാര സ്വാമി, ഡിസിസി സെക്രട്ടറി അനന്ദകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയ മലന്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരത്തിന് പോലും നില്ക്കാതെ ജോണ്‍ വിഭാഗത്തെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം

വി എസ് അച്യുതാനന്ദൻ്റെ സിറ്റിം​ഗ് മണ്ഡലമായ മലമ്പുഴയിൽ കഴി‍ഞ്ഞ തവണ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥിയായത് വി എസ് ജോയ് ആയിരുന്നു. സിപിഎമ്മിൻ്റെ ഉറച്ച മണ്ഡലമായ മലമ്പുഴയിൽ എ പ്രഭാകരൻ ആണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി.

By Divya