Sun. Nov 17th, 2024
തമിഴ്നാട്:

അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഇപ്പോൾ ജയലളിതയുടെ പാർട്ടിയല്ല, നിർഭാഗ്യവശാൽ അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമകളായി മാറിയിരിക്കുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.

”ജയലളിത ബിജെപിയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് എഐഎഡിഎംകെ ഒരിക്കലും ജയലളിതയുടെ പാര്‍ട്ടിയല്ല. അത് നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുന്നു.” -ചെന്നൈയില്‍ ഒരു പൊതു സമ്മേളനത്തില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു. ഭരണകക്ഷിയെ കടന്നാക്രമിക്കുന്നതിനോടൊപ്പം തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയുടെ കോണ്‍ഗ്രസുമായുള്ള സഖ്യത്തെയും ഉവൈസി വിമര്‍ശിച്ചു.

”ബാബരി മസ്ജിദ് വിഷയത്തില്‍ തങ്ങളെടുത്ത നിലപാടില്‍ അഭിമാനമുണ്ടെന്ന് മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി പറഞ്ഞു. ഡിഎംകെയും ശിവസേനയെ പിന്തുണക്കുന്നുണ്ടോ? ഞങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. മതേതരത്വത്തിന്‍റെ നിർവചനം എന്താണെന്ന് ഡിഎംകെക്ക് പറയാന്‍ സാധിക്കുമോ? മഹാരാഷ്ട്രയിൽ ശിവസേനയെ കോൺഗ്രസ് പിന്തുണക്കുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ ശിവസേന മതേതരമോ സാമുദായികമോ ആണോ?” ഡിഎംകെയെ രൂക്ഷഭാഷയില്‍ ഉവൈസി കടന്നാക്രമിച്ചു.

By Divya