കണ്ണൂര്‍:
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ പര്യടനത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 35 സീറ്റ് കിട്ടിയാലും കേരളം ഭരിക്കുമെന്ന് ആവര്‍ത്തിക്കുന്ന കെ സുരേന്ദ്രന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന് 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം- പിണറായി പരിഹസിച്ചു.
ഫിക്സഡ് ഡെപ്പോസിറ്റ് കോൺഗ്രസിൽ ഉണ്ടെന്ന വിശ്വാസം ആണ് ബിജെപിയെ തിരഞ്ഞെടുപ്പിൽ നയിക്കുന്നത്. ഈ ഡെപോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് ജനം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി അടക്കം എതിർത്തിട്ടും കേരള ഘടകം കേന്ദ്ര ഏജൻസികളെ പിന്തുണക്കുകയാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു.