Fri. Apr 19th, 2024
കോഴിക്കോട്:

ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം മുസ്ലീംലീഗിൽ വനിതാ സ്ഥാനാർത്ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീംലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. 2018-ലാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂർബിന എത്തിയത്.

ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ നേതാക്കൾ ആദ്യമായി അംഗമാകുന്നതും അത്തവണയായിരുന്നു. നഗരമണ്ഡലമാണ് കോഴിക്കോട് സൗത്തെന്നതിനൊപ്പം അവിടെ എതിര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് എല്‍ഡിഎഫില്‍ ഐഎന്‍എല്ലും എന്‍ഡിഎയില്‍ ബിഡിജെഎസും ആണെന്നതും വനിതാ സ്ഥാനാര്‍ത്ഥിയെന്ന പരീക്ഷണത്തിന് ലീഗിന് ധൈര്യം നല്‍കുന്നുണ്ട്.

ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീംലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. അന്ന് എളമരം കരീമിനോട് 8766 വോട്ടിനാണ് ഖമറുന്നിസ തോറ്റത്. പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളിലും ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കിലും ഖമറുന്നീസയ്ക്ക് പിന്‍ഗാമികളുണ്ടായില്ല.

ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

By Divya