Fri. Mar 29th, 2024
കൊല്‍ക്കത്ത:

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് 30 താര പ്രചാരകര്‍. 30 നേതാക്കളുടെയും പട്ടിക നേതൃത്വം പുറത്തുവിട്ടു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, തുടങ്ങിയവര്‍ ബംഗാളില്‍ പ്രചരണത്തിന് ഇറങ്ങും.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണം കോണ്‍ഗ്രസിനകത്ത് ചെറുതല്ലാത്ത രീതിയിലുള്ള അഭിപ്രായഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ മമതയ്ക്ക് നേരെ നടന്ന ആക്രമണം രാഷ്ട്രീയ നാടകമാണെന്ന് വാദിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ മമതയ്ക്ക് നേരെ നടന്ന ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ബംഗാള്‍ യൂണിറ്റ് മമതയ്ക്കെതിരെ നിലകൊള്ളുമ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ സംഭവത്തെ അപലപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഭവത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.

By Divya