Thu. Dec 19th, 2024
ഹരിയാന:

ഹരിയാനയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷത്തിൻ്റെ അവിശ്വാസപ്രമേയം. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം.

ബുധനാഴ്ച അവിശ്വാസ പ്രമേയം പരിഗണിക്കുമെന്ന് സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്ത നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി, ജെജെപി അംഗങ്ങള്‍ക്ക് ഇരുപാര്‍ട്ടികളും വിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്കെതിരേ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഏതൊക്കെ എംഎൽഎമാരാണ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മനസിലാകുമെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. സര്‍ക്കാരിനെതിരേ സഖ്യകക്ഷിക്കുളളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും ഹൂഡ ആരോപിച്ചു.

By Divya