Mon. Dec 23rd, 2024
ന്യൂഡൽഹി:

കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന് ഊന്നൽ നൽകും.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രചാരണ സമ്മേളനങ്ങളേറെയും കേരളവും അസമും കേന്ദ്രീകരിച്ചാകും. കേരളത്തിലെ തീരദേശത്തു രാഹുലും അസമിലെ തോട്ടം മേഖലയിൽ പ്രിയങ്കയും നടത്തിയ പ്രചാരണം പാർട്ടിക്ക് ഉണർവേകിയെന്നു കണക്കുകൂട്ടുന്ന ഹൈക്കമാൻഡ്, സമാനരീതിയിൽ ഇരുവരുടെയും കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

ഗ്രൂപ്പ് വ്യത്യാസം മാറ്റിവച്ച്, ജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർത്തിയാൽ പ്രചാരണത്തിൽ സജീവമായി ഇടപെടാൻ ഒരുക്കമാണെന്നു സംസ്ഥാന നേതൃത്വത്തെ രാഹുൽ അറിയിച്ചിട്ടുണ്ട്. രാഹുൽ ഉൾപ്പെട്ട നേതൃത്വത്തിന്റെ പ്രവർത്തനരീതിയെ ചോദ്യം ചെയ്ത ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളുടെ വായടപ്പിക്കാനും കോൺഗ്രസിലെ ഒൗദ്യോഗിക പക്ഷത്തിനു വിജയം അനിവാര്യമാണ്.

By Divya