Sat. Nov 16th, 2024
Trawler boat

കൊല്ലം:

കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോളയുടെ ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയിട്ട് 12 ദിവസമായി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് അദ്ദേഹം. 20 വർഷം ഗൾഫിൽ ജോലി ചെയ്തു ഉണ്ടാക്കിയ പണവും ബാങ്ക് വായ്പയും കൊണ്ടാണ് ബോട്ട് വാങ്ങിയത്.

കടലിൽ ഇറക്കാൻ സാധിച്ചില്ലെങ്കിൽ ഒന്നരക്കോടി രൂപ മുടക്കി നിർമ്മിച്ച ബോട്ട് തുച്ഛമായ തുകയ്ക്ക് പൊളിച്ചു വിൽക്കുക മാത്രമേ വഴിയുള്ളൂവെന്ന് ബോട്ടുടമ പറയുന്നു.

ഇക്കഴിഞ്ഞ 18 ന്പൂവാർ പൊഴിക്കരയിലേക്ക് ഇടിച്ച് കയറിയ മത്സ്യബന്ധന ബോട്ട് ഇതുവരെ കടലിലിറക്കാൻ സാധിച്ചിട്ടില്ലെന്ന് ഇഗ്നേഷ്യസ് ലയോള പറയുന്നു. ഈ സംഭവത്തിൽ സർക്കാരിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസം കൂടുംതോറും ശക്തമായ തിരയടിയിൽ ബോട്ടിന്റെ ഒരു വശം പൂർണമായും തകർന്ന അവസ്ഥയാണ്. ഇതിനാൽ ബോട്ട് കടലിറക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് ഇ​ഗ്നേഷ്യസ്. ബോട്ട് കടലിൽ ഇറക്കാൻ ഖലാസിമാരുടെ സഹായം തേടിയെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്‌. ഖലാസികൾ ആണ് കഠിന പ്രയത്നത്തിലൂടെ ബോട്ട്  നിവർത്തി നിർത്തിയത്.

മണലിൽ ഉറച്ച ബോട്ടിനെ നിവർത്തിയെടുക്കാൻ മാത്രമായി വിവിധ വിഭാഗങ്ങളിലായി 75-ഓളം ആളുകൾ രാപ്പകൽ പണിയെടുത്തു. കൂടാതെ യന്ത്രസാമഗ്രികളുടെ സഹായം ഉൾപ്പെടെ പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവായതായും ഇഗ്നേഷ്യസ് പറയുന്നു.

https://www.youtube.com/watch?v=4JkngL1wsdY

 

By Binsha Das

Digital Journalist at Woke Malayalam