Mon. Dec 23rd, 2024
സൗദി:

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണം ഇരുപത് ശതമാനത്തോളം വർധിച്ചു. കൊവിഡ് സാഹചര്യത്തിലും നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. നാലു വർഷത്തിന് ശേഷമാണ് വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വലിയ വർധനവുണ്ടായത്. 2019ൽ നാട്ടിലേക്ക് സൗദി പ്രവാസികളയച്ചത് 125 ബില്യൺ റിയാലാണ്. 2020ൽ 149.69 ബില്യൺ റിയാലാണ് അയച്ചത്. അതായത് ഏതാണ്ട് 25 ബില്യന്റെ വർധനവ്. സൗദി സെൻട്രൽ ബാങ്കാണ് കണക്കുകൾ പുറത്ത് വിട്ടത്.

കൊവിഡ് സാഹചര്യത്തിലും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവ് കുത്തനെ കൂടിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കൊവിഡ് പ്രത്യാഘാതത്തിന് പിന്നാലെ സൗദിയിൽ നിന്നും നാട്ടിലേക്ക് ഒന്നേ കാൽ ലക്ഷം മലയാളികൾ മടങ്ങിയെന്നാണ് നോർക്കയുടെ കണക്ക്. 13 ലക്ഷത്തിലേറെ മലയാളികളാണ് സൗദിയിൽ ഉള്ളതെന്ന് എംബസി കണക്കുകൾ സൂചിപ്പിക്കുന്നു.

നാട്ടിൽ പോയ ഒന്നേ കാൽ ലക്ഷം പേരിൽ വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമായിരുന്നു. ഇവരുടെ സർവീസ് ബെനഫിറ്റ് ഉൾപ്പെടെയുള്ള തുകയും അയച്ച തുകയിൽ ഉൾപ്പെടുന്നതായി ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം കോവിഡ് പ്രത്യാഘാതം രൂക്ഷമായ കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പാതിയിലാണ് വിദേശത്തേക്ക് പണമയക്കുന്നത് വർധിച്ചത്. പ്രവാസികളിൽ വലിയൊരു പങ്കും ഇ വാലറ്റുകളെ ആശ്രയിച്ചതും പണമിടപാട് നാട്ടിലേക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.

By Divya