ദില്ലി:
അവർ കർഷകരെ നശിപ്പിക്കും. അത് ഞങ്ങളനുവദിക്കില്ല. ഒന്നുകിൽ ഈ നിയമങ്ങൾ പിൻവലിക്കണം. അതല്ലെങ്കിൽ ഈ ടിക്കായത് ആത്മഹത്യ ചെയ്യും. ഇത് കർഷകർക്കെതിരായ ഗൂഢാലോചനയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കർഷകസമരവേദിയിൽ വ്യാഴാഴ്ച രാകേഷ് ടികായത്ത് പറഞ്ഞ വാക്കുകളാണിത്. കർഷകസമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്റ്റർ പരേഡ് അക്രമത്തിലേക്ക് എത്തിച്ചതിന് ഉത്തരവാദിയായി പ്രധാന കാരണക്കാരനായി ഒരു സംഘം കർഷകസംഘടനാനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത് രാകേഷ് ടിക്കായത്തിനെയാണ്. അവരുടെ ആശങ്കയ്ക്ക് കാരണമുണ്ട്.
പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കാർഷിക സംഘടനകളിലൊന്നായ ഭാരതീയ കിസാൻ സംഘിന്‍റെ നേതാവായ രാകേഷ് ടികായത്ത് ഒരു കാലത്ത് ബിജെപിയോടടുത്ത് നിന്നിരുന്നയാളായിരുന്നു. ജാട്ട് സമുദായത്തിലെ സശക്തരായ നേതാക്കളിലൊരാൾ. പിന്നീട്, സഞ്ജീവ് ബല്യാനെപ്പോലുള്ളവർ ടിക്കായത്തിനെ കടന്ന് വളർന്നപ്പോൾ ടിക്കായത്തിനെ തീർത്തും അവഗണിച്ചുകളഞ്ഞു ബിജെപിയും എൻഡിഎ സർക്കാരും. എങ്ങനെയും പുതിയ കർഷകനിയമഭേദഗതികളെ അംഗീകരിച്ചോളും എന്ന് കരുതി. അവിടെയാണ് ബിജെപിക്ക് തെറ്റിയത്.