മസ്കത്ത്:
ഒമാനിൽ ലേബർ പെർമിറ്റ് ഫീസുകൾ വർധിപ്പിക്കാൻ പദ്ധതി. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിലാണ് വർധന വരുത്തുക. എട്ട് വിഭാഗങ്ങളിലെ തസ്തികകളിലായിരിക്കും വർധന. മുതിർന്ന അല്ലെങ്കിൽ സീനിയർ തല തസ്തികകളിലെ റിക്രൂട്ട്മെൻറിനാണ് ഏറ്റവും ഉയർന്ന തുക. 2001 റിയാലായിരിക്കും ഇൗ വിഭാഗത്തിൽ അടക്കേണ്ടത്. മിഡിൽ അല്ലെങ്കിൽ മീഡിയം ലെവൽ തസ്തികകളിലെ ഫീസ് 1001 റിയാൽ ആക്കും.
ടെക്നികൽ ആൻറ് സ്പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകൾക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്. പരമ്പരാഗത മൽസ്യ ബന്ധന തൊഴിലാളികൾക്ക് 361 റിയാലും മൂന്ന് വരെ വീട്ടുജോലിക്കാർക്ക് 141 റിയാലും അതിന് മുകളിൽ 241 റിയാലും മൂന്ന് വരെ കർഷകൻ/ ഒട്ടക ബ്രീഡർക്ക് 201 റിയാലും അതിന് മുകളിൽ 301റിയാലും ഫീസ് നൽകണം. ഇൗ പട്ടികയിൽ ഉൾപ്പെടാത്ത വിഭാഗങ്ങളിലെ തസ്തികകളിലെ ഫീസ് നിലവിലുള്ള 301 റിയാലിൽ തുടരുമെന്നും തൊഴിൽ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാൽ വീതം ഫീസ് നൽകണം.