ദുബൈ:
പൊതു പാർക്കിങ് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും പൊതു പാർക്കിങ്ങിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആർടിഎ സ്മാർട്ട് വാഹനം പുറത്തിറക്കി. നിർമിതബുദ്ധി, മെഷീൻ ലേണിങ് ടെക്നോളജികൾ ഉപയോഗിച്ച് ഡിജിറ്റൽ കാമറകൾ വഴി നിയമലംഘനം രേഖപ്പെടുന്ന സ്മാർട്ട് സ്ക്രീനിങ് സംവിധാനമാണ് വാഹനത്തിെൻറ ഉള്ളടക്കം. ദുബൈയിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ താമസിയാതെ സ്മാർട്ട് വാഹനം എത്തും.
ദുബൈയിൽ നിലവിൽ 5,50,000 ഇടങ്ങളിൽ, 1,90,000 സ്ലോട്ടുകളാണ് പെയ്ഡ് പാർക്കിങ്ങിനുള്ളത്. നിയമലംഘനം രേഖപ്പെടുത്തുന്നതിനൊപ്പം പൊതു പാർക്കിങ് ഉപയോഗം നിയന്ത്രിക്കുകയും പാർക്കിങ് സ്ലോട്ടുകൾ ഉപയോഗിക്കുന്നതിെൻറ ആവൃത്തി വർധിപ്പിക്കുന്നതിനും സ്മാർട്ട് വാഹനത്തിൽ സാങ്കേതിക വിദ്യകളുണ്ട്. കൂടുതൽ ആളുകൾ പാർക്കിങ് കേന്ദ്രമായി തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങൾ നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ സ്മാർട്ട് വാഹനം രേഖപ്പെടുത്തും. സ്മാർട്ട് വാഹനം നൽകുന്ന ഡേറ്റകൾ വിലയിരുത്തിയായിരിക്കും ആർടിഎ പുതുപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. പാർക്കിങ് സ്ഥലങ്ങളുടെ നിരീക്ഷണവും പരിശോധനയും തുടങ്ങിയ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് നിയമ ലംഘനങ്ങളുടെ തോത് കുറക്കുകയാണ് ലക്ഷ്യം