മുംബൈ:
ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ഞെട്ടിക്കുന്ന ഈ പരാമർശം.
പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് 3 വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു