Wed. Jan 22nd, 2025
ലോസ് ഏഞ്ജൽസ്:

ലോകനേതാക്കളെല്ലാം എന്നും അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെട്ട, സൗമ്യനായ, വിശ്വവിഖ്യാത അഭിമുഖകാരൻ ലാറി കിംഗ് അന്തരിച്ചു. ലോസ് ഏഞ്ജൽസിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ സെഡാർസ് – സിനായ് മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്നു ലാറി കിംഗ്. ഏറെക്കാലം അമേരിക്കൻ (അഭിമുഖ) ടെലിവിഷൻ ലോകത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിച്ച അഭിമുഖകാരനായിരുന്നു ലാറി കിംഗ് എന്ന് പറയാം.
അമേരിക്ക സംസാരിച്ചതും സംവദിച്ചതും കിംഗിലൂടെയെന്ന് പറഞ്ഞാലും അത്യുക്തിയാകില്ല. ബൗദ്ധികമായ ചോദ്യങ്ങളൊന്നും പക്ഷേ കിംഗിൽ നിന്ന് ഉണ്ടായിരുന്നില്ല. വലിയ കനപ്പെട്ട ചോദ്യങ്ങളല്ല കിംഗ് ചോദിച്ചതും. കാഴ്ചക്കാർക്ക് അറിയുന്നതിൽക്കൂടുതലൊന്നും തനിക്ക് മുന്നിൽ വന്നിരിക്കുന്നയാളെക്കുറിച്ച് അറിയാതിരിക്കാനാണ് താൻ ശ്രമിക്കാറ് എന്ന് കിംഗ് പറയാറുണ്ട്. ഏറ്റവും നിഷ്കളങ്കമായി, കാഴ്ചക്കാർക്ക് ചോദിക്കാനുള്ളത് അങ്ങനെയാണ് താൻ അഭിമുഖത്തിന് മുന്നിലിരിക്കുന്നവരോട് ചോദിക്കുന്നതെന്നും കിംഗ് പറയും.

By Divya