Fri. Nov 22nd, 2024
ദുബൈ:

ദുബൈയിൽ സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണം. വിവാഹചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് പുറമെ 10 പേർക്ക് മാത്രമാണ് അനുമതി. യുഎഇയിൽ ഇന്ന് കൊവിഡ് ബാധിച്ച് പത്ത് പേർ കൂടി മരണപ്പെട്ടിരുന്നു.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കപ്പലുകളിലും ബോട്ടുകളിലും നടക്കുന്ന വിനോദ പരിപാടികൾ റദ്ദാക്കി. ഇന്ന് 3552 പുതിയ കേസുകൾ കൂടി സ്ഥീരികരിച്ചു.യുഎഇയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന കൊവിഡ് മരണസംഖ്യയാണ് ഇന്ന് പുറത്തുവന്നത്.
പത്ത് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 776 ആയി. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിൽ കപ്പലുകളിലും ബോട്ടുകളിലും യാനങ്ങളിലും നടക്കുന്ന വിനോദ പരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർക്കാർ റദ്ദാക്കി. ബോട്ടിലും കപ്പലുകളിലും നടത്തുന്ന ഭക്ഷണശാലകളുടെ നടത്തിപ്പിനും വിലക്കുണ്ട്.
18 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് മുൻകരുതലുകൾ ലംഘിച്ച് അഞ്ച് സ്ഥാപനങ്ങൾ ദുബൈ നഗരസഭ അടച്ചുപൂട്ടി. അതേസമയം, ദുബൈയിൽ നടക്കാനിരിക്കുന്ന ഈജിപ്ഷ്യന്‍ ഗായകൻ അമർ ദിയാബിന്‍റെ സംഗീതകച്ചേരി കർശനമായ നിയന്ത്രണങ്ങളോടെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

By Divya