കൊച്ചി
വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍ മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ ഈ മത്സ്യഗ്രാമത്തില്‍ സജീവം. എന്നാല്‍ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കും സുസ്ഥിരവരുമാനത്തിനും അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഇനിയും നടപ്പാക്കാനേറെ. മൂന്നിലധികം ഫിഷര്‍മെന്‍കോളനികളുള്ള മത്സ്യഗ്രാമത്തില്‍ ചെറുവഞ്ചികള്‍ക്കും വള്ളങ്ങള്‍ക്കും കരയ്ക്കടുക്കാന്‍ നിര്‍വ്വാഹമില്ലെന്നതോ പോകട്ടെ, ദീര്‍ഘദൂരം ദ്വീപ് ചുറ്റിക്കറങ്ങി വേണം കടലിലിറങ്ങാന്‍.
ഞാറക്കല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ആറാട്ടു കടവ് ആണ് ഈ മത്സ്യഗ്രാമത്തിലെ പ്രധാന മത്സ്യബന്ധനമേഖല. കടലിനോട് തൊട്ടുകിടക്കുന്ന ആറാട്ടുകടവിനെ കടലുമായി വേര്‍തിരിക്കുന്നത് കടല്‍ ഭിത്തിയാണ്. മുന്‍പ് തീരം വിസ്തൃതമായിരുന്നെങ്കില്‍ വലിയ തോതിലുള്ള തീരശോഷണവും കടലാക്രമണവും ബീച്ച് നാമാവശേഷമാക്കിയിരിക്കുകയാണ്, ചെറുവഞ്ചികള്‍ പോലും അടുപ്പിക്കാനാകാത്ത അവസ്ഥ. ഏതു സമയത്തും കടല്‍ പ്രാപ്തമായിരുന്ന സാഹചര്യത്തില്‍ നിന്ന് തൊട്ടപ്പുറത്തുള്ള കടലിലേക്ക് പെട്ടെന്നു പോകാനാകാത്ത സ്ഥിതിയിലേക്കാണ് മത്സ്യത്തൊഴിലാളികളെ തീരശോഷണം കൊണ്ടെത്തിച്ചിരിക്കുന്നത്.
മത്സ്യവരള്‍ച്ചയും കൊറോണയും മൂലം കടലില്‍ പോകാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് 65കാരനായ മത്സ്യത്തൊഴിലാളി നേതാവും സിപിഎം ആറാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ജെയിംസ് പി എ പറയുന്നു.
“മൂക്കിനു താഴെ കടലാണെങ്കിലും വള്ളമിറക്കാന്‍ ദ്വീപ് കറങ്ങി പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മത്സ്യവരള്‍ച്ചയും ആകസ്മികമായ കടല്‍ പ്രക്ഷോഭവും രോഗവ്യാപനവും ഒക്കെ വഴിമുടക്കിയതിനാല്‍ മൂന്നു മാസമായി വള്ളങ്ങളെല്ലാം കെട്ടിയിട്ടിരിക്കുകയാണ്. മുന്‍പ് കടലില്‍ അളവറ്റ മീനുണ്ടെന്ന വിശ്വാസത്തില്‍ അമിതചൂഷണം തീരമേഖലയില്‍ നിലനിന്നിരുന്നു. ഇന്ന് ആ സാഹചര്യത്തിനു മാറ്റം വന്നിരിക്കുന്നു. മീന്‍ കുറഞ്ഞതു മാത്രമല്ല, ചെലവേറിയതും അരക്ഷിതത്വവും നിറഞ്ഞ തൊഴില്‍ മേഖലയായതും മത്സ്യബന്ധനത്തെ തളര്‍ത്തി.”
“ഒരു ദിവസം കടലില്‍ പോകുന്നതിന് 30,000 രൂപ വരെയാണ് ഒരു വള്ളത്തിനു ചെലവ്. ഒരാഴ്ച പണിയില്ലാതെയായാല്‍ ലക്ഷങ്ങളാണ് നഷ്ടം വരുന്നത്. വിദേശകപ്പലുകള്‍ ആഴക്കടല്‍ അരിച്ചു പെറുക്കാന്‍ തുടങ്ങിയ 1990കളിലാണ് കടലില്‍ മീനിനു ക്ഷാമം വരാന്‍ തുടങ്ങിയത്. നവംബര്‍- ഫെബ്രുവരി കാലയളവില്‍ മത്സ്യത്തില്‍ വലിയ കുറവു വരുന്ന കാലമാണ്. വര്‍ഷകാലത്താണ് മീനുണ്ടാകുന്നത്. വള്ളപ്പണിക്ക് ഇക്കാലത്ത് പ്രായമുള്ളവര്‍ അധികം പോകാറില്ല. ഞാന്‍ 12-13 വയസുള്ളപ്പോള്‍ മുതല്‍ കടലില്‍ പോകാന്‍ തുടങ്ങിയതാണ്. ആദ്യ കാലത്തെ തടിവെള്ളത്തില്‍ നിന്ന് ഇന്‍ബോര്‍ എന്‍ജിന്‍ വെച്ച ലക്ഷങ്ങള്‍ മുടക്കിയ വള്ളങ്ങള്‍ വന്നതോടെ കൂടുതല്‍ പേര്‍ മത്സ്യബന്ധനരംഗത്തേക്ക് വരാന്‍ തുടങ്ങി. 2000 ഒക്കെയായപ്പോള്‍ വള്ളങ്ങളും ബോട്ടുകളും പെരുകി മത്സ്യബന്ധനം അനിയന്ത്രിതമായി. ഇത് അമിത ചൂഷണമാണെന്ന് മനസിലാക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീഴ്ച വന്നു. ഇന്ന് ഇതേപ്പറ്റി അവര്‍ ബോധവാന്മാരാണ്. വലിയ വിദേശ കപ്പലുകള്‍ക്ക് വലിയ തോതില്‍ എണ്ണ സബ്സിഡിയും അനുവാദവും കൊടുക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് ഡീസല്‍ സബ്സിഡി പലപ്പോഴും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കേന്ദ്രനയങ്ങളുടെ ഭാഗമായ അന്താരാഷ്ടരക്കരാറുകളാണ് ഇതിനു നിര്‍ബന്ധിതമാക്കുന്നത്. ഇതിനു മാറ്റം വരണം.”
“കൊറോണ വന്നപ്പോള്‍ ഇവിടെ ലോക്ക് ഡൗണായി, ഇവിടെ 20ഓളം പേര്‍ക്കു രോഗം വന്നിരുന്നു. രോഗവ്യാപന സാധ്യത കൂടുതലാണ്. അടുത്തടുത്തായി രണ്ട് ഫിഷര്‍മെന്‍ കോളനികളുണ്ട്, ഒന്ന് പട്ടികജാതി കോളനിയാണ്. രണ്ടിടത്തും അടുത്തടുത്താണ് വീടുകള്‍. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ വേണ്ടി വന്നതും പൊതുപ്രവര്‍ത്തകരായതിനാല്‍ ഞാനടക്കമുള്ളവര്‍ ക്വറന്‍റൈനില്‍ പോകേണ്ടി വന്നതും. ഇത്തരം നടപടികളെടുത്തതിനാല്‍ അതിവ്യാപനം തടയാന്‍ കഴിഞ്ഞു. ഇക്കാലയളവില്‍ ജോലിയും ആള്‍ക്കാരുമായി ഇടപഴകലുമില്ലാതെ മുരടിപ്പിലായിരുന്നു. പിന്നീടാണെങ്കിലും സമപ്രായക്കാര്‍ ജോലിക്കു പോകാത്തപ്പോഴും ഞാന്‍ പോകുമായിരുന്നു. എങ്കിലും ഈ പണിക്ക് അടുത്ത തലമുറയെ വിടാന് ഞങ്ങള്‍ക്ക് താത്പര്യമില്ല. തൊഴിലില്‍ വന്നു ചേര്‍ന്നിട്ടുള്ള അരക്ഷിതത്വമാണ് കാരണം. മറ്റു വല്ല കൈത്തൊഴിലും പഠിച്ചാല്‍ സ്ഥിരം ജോലിയുണ്ടാകും. രണ്ട് ആണ്‍ മക്കളും ഐടിഐ കഴിഞ്ഞവരാണ്. ഒരാള്‍ ഡ്രൈവറും മറ്റേയാള്‍ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിലും ജോലി ചെയ്യുന്നു. മേഖല കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കണം. പലപ്പോഴും തദ്ദേശ ഭരണസംവിധാനങ്ങള്‍ കൃത്യമായി അനുവദിച്ച ഫണ്ട് ഉപയോഗിക്കാത്തതും ദീര്‍ഘവീക്ഷണമില്ലാതെ പെരുമാറുന്നതുമാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാത്തതിനു കാരണം. സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിത പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കേണ്ടതുണ്ട്.”
സംസ്ഥാനത്തെ മത്സ്യതൊഴിലാളി സഹകരണസംഘങ്ങളില്‍ സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഞാറയ്ക്കല്‍- നായരമ്പലം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നിരവധി സംസ്ഥാന പുരസ്കാരങ്ങള്‍ക്കൊപ്പം ദേശീയാംഗീകാരമായ നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡ് (എന്‍ എഫ് ഡി ബി) അവാര്‍ഡ് വരെ സംഘത്തിന്‍റെ നേട്ടങ്ങളില്‍പ്പെടുന്നു. മത്സ്യഗ്രാമത്തിന്‍റെ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ചും സംഘം പ്രസിഡന്‍റ് പി ജി ജയകുമാര്‍ തന്‍റെ വ്യക്തമായ കാഴ്ചപ്പാട് വോക്ക് മലയാളത്തോട് പങ്കുവെച്ചു.
“മത്സ്യഗ്രാമം പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ അഭിവൃദ്ധിയാണ്. അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുകയെന്നതാണ് ലക്ഷ്യം. അവരുടെ തൊഴിലിടം സംരക്ഷിക്കുകയാണ് വികസനത്തിന്‍റെ ആദ്യപടി. വള്ളങ്ങള്‍ അടുപ്പിക്കാനുള്ള കടവുകളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കണം. അതില്‍ പ്രധാന പ്പെട്ട് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് അഡാക്കിന്‍റെ (ഏജന്‍സി ഫോര്‍ ഡെവലപ്പ്മെന്‍റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള) മത്സ്യഫാമും, മത്സ്യഫെഡിന്‍റെ അക്വാടൂറിസം പദ്ധതിയും. ഇരുപദ്ധതികളും ഞാറയ്ക്കലില്‍ നല്ല രീതിയില്‍ സ്വീകാര്യത കിട്ടിയവയാണ്.”
എന്നാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ തീരപ്രദേശത്തെ ജീവിതസാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് വസ്തുത അവഗണിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ” കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വേലിയേറ്റം മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, തീരദേശവാസികള്‍ മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നമാണിത്. വീട്ടില്‍ സുരക്ഷിതമായി കിടക്കാനാകാത്ത ശോചനീയാവസ്ഥയിലേക്ക് ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ തീരദേശവാസികള്‍ എത്തിയിരിക്കുന്നു. ദൈനംദിനജീവിതത്തിലെ ഈ പ്രശ്നത്തിന് അടിയന്തരപരിഹാരം കാണേണ്ടതുണ്ട്. പുതിയതലമുറ ഈ ദുരവസ്ഥയാണ് നിത്യേന കാണുന്നത്. വിവിധ ന്യൂനമര്‍ദ്ദങ്ങളുടെ ഫലമായി കടല്‍ പ്രക്ഷുബ്ധമായതോടെ തൊഴില്‍ ദിനങ്ങളും കുറഞ്ഞിരിക്കുന്നു. പരിസ്ഥിതി അസന്തുലിതാവസ്ഥയ്ക്ക് നാം തന്നെ കാരണക്കാരാണെന്ന് വസ്തുത വിസ്മരിക്കാനാകില്ല. ഞാറയ്ക്കല്‍ പ്രദേശത്ത് നിരവധി പറമ്പുകളില്‍ ഇടത്തോടുകളുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് വിപണി ശക്തമായതോടെ അവയെല്ലാം നികത്തപ്പെടുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുകയും ചെയ്തു. അതു പോലെ തീരദേശ റോഡ് വന്നാലേ വൈപ്പിനിലെ ഗതാഗതത്തിരക്ക് കുറയുകയുള്ളൂ. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണം”
തീരം കടലെടുത്തു പോകുന്ന സാഹചര്യത്തിലും മത്സ്യത്തൊഴിലാളികളെ അവരുടെ ഉപജീവനമാര്‍ഗത്തിനടുത്തു നിന്ന് ഏറെ ദൂരമകറ്റുവാന്‍ സര്‍ക്കാരിനു കഴിയില്ല. സുനാമിക്ക് ശേഷം മത്സ്യഫെഡ് ഇടപെട്ട് തീരത്തു നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്തിനു കാരണവുമിതാണ്. തീരത്തു നിന്ന് മാറുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനായിരുന്നു തീരുമാനം. അന്നത് സാമാന്യം നല്ല ഓഫറായി തോന്നിയെങ്കിലും ഇന്ന് ആ തുക തീരെ അപര്യാപ്തമാമെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉദാഹരണമാണ് ഞാറയ്ക്കല്‍ ടാലന്‍റ് സ്കൂളിനു തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന സുനാമി കോളനി. തൊട്ടടുത്ത നായരമ്പലം പഞ്ചായത്തില്‍ നിന്ന് ഇവിടേക്ക് മാറി താമസിച്ച വിനോദ് സി കെ (47) പറയുന്നു. “ശരിക്ക് പറഞ്ഞാല്‍ ഞങ്ങളെ പറഞ്ഞു പറ്റിച്ചതു പോലെയാണ്. അവിടെ നിന്നു മാറി താമസിച്ചിട്ടും വെള്ളക്കയറ്റത്തിനു മാറ്റമില്ല. ഇവിടെ തോടുകളുണ്ടായിരുന്നു, അതു നികത്തിയാണ് ഈ ഭൂമി. അപ്പുറത്തു മാറി വലിയ പറമ്പുണ്ട്. അത് വാങ്ങിയിട്ടവര്‍ ഏറെക്കാലമായി നോക്കാത്തതിനാല്‍ വെള്ളക്കെട്ട് മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യാനാകുന്നില്ല”
മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ സര്‍ക്കാരിനും സംഘങ്ങള്‍ക്കും കാര്യമായ താത്പര്യമില്ലെന്നാണ് 13ാം വാര്‍ഡിലെ താമസക്കാരനും മത്സ്യത്തൊഴിലാളിയുമായ അഞ്ചലശേരി ജോഷി ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളി സഹകരണസംഘം പോലും തൊഴിലാളികളെ ചൂഷണം ചെയ്യുകയാമെന്ന് അദ്ദേഹം ആരോപിക്കുന്നു. 15 വയസ് മുതല്‍ ചെറുവഞ്ചി മുതല്‍ ബോട്ട് വരെ വിവിധ യാനങ്ങളില്‍ മത്സ്യബന്ധനം നടത്തിയ അനുഭവമാണ് 62കാരനായ ജോഷിക്കുള്ളത്. ഇന്ന് ഈ മേഖലയില്‍ മത്സ്യ ലഭ്യതക്കുറവു പോലെ അധ്വാനവും കുറവാണെന്ന് അദ്ദേഹം പറയുന്നു.
“പണ്ട് ആറു പേര്‍ വരെ തണ്ട് വലിക്കുന്ന തടിവഞ്ചികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം യന്ത്രസഹായത്തോടെ വെറുതെ ഇരുന്ന് ചെയ്യുന്ന അവസ്ഥയാണ്. ഒരു വശത്ത് മത്സ്യമില്ലെങ്കില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ പേര്‍ വരികയും ചെയ്തതിന്‍റെ ഭാഗമായി വരുമാനം കുറഞ്ഞിട്ടുണ്ട്. കിട്ടുന്ന വരുമാനം അഡ്ജസ്റ്റ് ചെയ്ത് വിതരണം ചെയ്യേണ്ടി വരുന്നു. മുന്‍പ് വള്ളം ഇറക്കി ജപ്തി ഭീഷണി വരെ നേരിടേണ്ടി വന്നിരുന്നു. കടങ്ങളെല്ലാം സര്‍ക്കാര്‍ എഴുതിത്തള്ളിയതായി അറിയിപ്പു വന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന തിരിച്ചടികള്‍ക്കൊപ്പം മത്സ്യബന്ധനരംഗത്തു തന്നെ ചില മോശം പ്രവണതകളും മേഖലയെ പിന്നോട്ടടിക്കുന്നു. രാത്രികാല മത്സ്യബന്ധനം തുടരുന്നത് പരമ്പരാഗതമേഖലയില്‍ വലിയ ദോഷം തന്നെയാണ്.”
“ഇന്ന് തൊഴില്‍ കുറഞ്ഞു വരുന്ന മേഖലയാണിത്. പണ്ട് എവിടെ വലയിട്ടാലും മീന്‍ കിട്ടുമായിരുന്നു. അന്ന് തൊഴിലാളികളും കുറവായിരുന്നു. ഇന്ന് അന്നത്തേതിന്‍റെ പത്തിരട്ടി പേര്‍ വരുന്നു. കൊറോണയായപ്പോള്‍ മറ്റു മേഖലയില്‍ നിന്നു പോലും തള്ളിക്കയറ്റം വന്നു. അതോടെ ഓരോരുത്തര്‍ക്കും വരേണ്ട വരുമാനം ഗണ്യമായി കുറഞ്ഞു. ലോക്ക് ഡൗണ്‍ വന്നപ്പോള്‍ അല്‍പ്പം വലഞ്ഞു, കിട്ടുന്ന മത്സ്യം വില്‍ക്കപ്പെടാത്ത സ്ഥിതി വന്നു. ബോട്ട് തൊഴിലാളിയായി നിന്നിട്ടുണ്ട്. പിന്നീട് സംഘം ചേര്‍ന്നു വലിയ വള്ളമെടുത്തു, അതിന്‍റെ ലീഡറായിരുന്നു. വള്ളം വാങ്ങിയ ശേഷം സാമ്പത്തികനഷ്ടം വന്നു. ജപ്തി നടപടി നേരിട്ടു. ഈയിടെയാണ് ബാങ്ക് വായ്പ എഴുതിത്തള്ളിയതായി അറിയിപ്പു കിട്ടിയത്. അതിന്‍റെ നടപടികള്‍ മുഴുവനായിട്ടില്ല.”
“മത്സ്യഫെഡ് തൊഴിലാളികളെ ചതിക്കുന്നുവെന്ന് പറയാന്‍ കാരണം, അനുഭവമാണ്. ബോട്ടില്‍ പോയ പണം വള്ളത്തിന് വേണ്ടി ചെലവാക്കി കടം വന്നു. അക്കാലത്ത് മത്സ്യബന്ധനത്തിനു തന്നെ ഒരു മോശം കാലഘട്ടമായിരുന്നു. ഇടനിലക്കാരില്‍ നിന്നു മാറ്റാനെന്നു പറഞ്ഞാണ് വായ്പ തരുന്നത്. സബ്സിഡിയോടെയുള്ള വായ്പയുടെ 10 ശതമാനം നാം മുന്‍കൂര്‍ അടയ്ക്കണം. അപ്പോഴേ തുക പാസാകുകയുള്ളൂ. തുടര്‍ന്ന് മത്സ്യലേലത്തിനെത്തുമ്പോള്‍ നാലു ശതമാനം വരെ മത്സ്യഫെഡിനും സംഘത്തിനുമടക്കം നല്‍കണം. ഇടനിലക്കാരില്‍ നിന്ന് മോചിപ്പിക്കാന്‍ എന്നു പറഞ്ഞ് തുടങ്ങിയ സംവിധാനം തന്നെ ചൂഷണം ചെയ്യുന്നുവെന്ന വികാരം നിലനില്‍ക്കുന്നു. ഓണത്തിന് ഒരു ശതമാനം തിരിച്ചു തരും, പിന്നീട് അത് ഒന്നര ശതമാനമായി. അടയ്ക്കുന്ന തുകയില്‍ നിന്ന് 12.5 ശതമാനം എടുത്ത് കഴിഞ്ഞാണ് മുതല്‍ ചേര്‍ക്കുന്നത്, ബാങ്ക് പലിശയ്ക്കു പുറമെയാണിത്. ഇത്തരത്തില്‍ കടത്തിലാകുന്ന മത്സ്യത്തൊഴിലാളിസംഘങ്ങളില്‍ നിന്ന് ലേലസമയത്തു പിടിക്കുന്ന തുക വായ്പാതിരിച്ചടവിനു വിനിയോഗിച്ചാല്‍ ആശ്വാസമാകും,” ജോഷി പറയുന്നു.
എന്നാല്‍ ഇതേ ഏജന്‍സികളുടെ സഹകരണത്തോടെ വിജയം കൊയ്ത ഞാറക്കല്‍- നായരമ്പലം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണസംഘം സെക്രട്ടറി ശ്രീജി വി ജെ ഈ ആരോപണം തള്ളിക്കളയുന്നു. “വായ്പാവിതരണവും തിരിച്ചടവും കൃത്യമായ രീതിയില്‍ സമരസപ്പെടുത്തി കൊണ്ടു പോകാന്‍ കഴിഞ്ഞതിനാലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സംഘമായി മാറാന്‍ തങ്ങള്‍ക്കു കഴിഞ്ഞത്, ദേശീയ തലത്തില്‍ തന്നെ അംഗീകാരം നേടാന്‍ കഴിഞ്ഞു. 10 പേരടങ്ങുന്ന സ്വയം സഹായസംഘങ്ങള്‍ക്ക് ബാങ്ക് റേറ്റിനല്ല, പലിശരഹിത വായ്പയാണ് സംഘം നല്‍കുന്നത്. 2017- 18 വര്‍ഷത്തിനു മുമ്പ് 11.5 ശതമാനമായിരുന്നു, കൃത്യമായി തിരിച്ചടവില്ലാത്ത വായ്പകള്‍ക്ക് 11.40 ശതമാനമാകും. എന്നാല്‍ അതിനുശേഷം പൂര്‍ണമായി പലിശരഹിത വായ്പയാണ് നല്‍കി വരുന്നത്. പലിശരഹിത വായ്പയ്ക്കു പുറമെ വ്യക്തിഗതവായ്പ, മൈക്രോഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ ജനപ്രിയ പദ്ധതികളുമുണ്ട്. ഉദാഹരണത്തിന് മത്സ്യഫെഡ്, ഞാറക്കല്‍ അക്വാഫെഡ് ടൂറിസം പദ്ധതി തുടങ്ങിയപ്പോള്‍ അവിടെ ക്യാന്‍റീന്‍ തുടങ്ങാന്‍ സ്വയം സഹായസംഘത്തെ ചുമതലയേല്‍പ്പിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. അങ്ങനെ ഒരു വനിതാസ്വയംസഹായസംഘത്തെ കണ്ടെത്തി. അവര്‍ക്ക് ആദ്യം താത്പര്യമില്ലായിരുന്നു. മൂലധനത്തിന് അവര്‍ക്ക് ആവശ്യമായ വായ്പ നല്‍കിയാണ് ആ ക്യാന്‍റീന് തുടക്കമിട്ടത്. ഏഴു പേര്‍ക്ക് 10,000 രൂപവെച്ച് 70,000 രൂപയാണ് നല്‍കിയത്. പിന്നീട് 80,000 രൂപയുടെ എന്‍ ബി സി എഫ് ഡി സി ലോണും നല്‍കി. തുടര്‍ന്ന് ഓരോരുത്തര്‍ക്കും പലിശരഹിതവായ്പയും നല്‍കി. അങ്ങനെ ഘട്ടംഘട്ടമായാണ് ആ പ്രസ്ഥാനം ഇന്നു കാണുന്ന നിലയില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നത് ”
മത്സ്യത്തൊഴിലാളികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദേശീയാംഗീകാരം ലഭിക്കുന്ന തലത്തിലേക്ക് ഉയരാന്‍ പറ്റില്ലായിരുന്നുവെന്നും ശ്രീജി ചൂണ്ടിക്കാട്ടുന്നു. “വായ്പകള്‍ തൊഴിലാളികള്‍ കൃത്യമായി തിരിച്ചടച്ചു പോരുന്നതിനാല്‍, ഇത് ഹാര്‍ബറിലെ അവരുടെ ലേലത്തുകയില്‍ നിന്ന് തിരിച്ചു പിടിക്കുകയാണ്, സുഗമമായി നടക്കുന്നു. അവര്‍ക്ക് മത്സ്യഫെഡ് വഴിയുള്ള വിവിധ വായ്പകള്‍ സംഘം നല്‍കുന്നു. തനതു ഫണ്ടില്‍ നിന്ന് ഒരു ഗ്രൂപ്പിന് പരമാവധി 15 ലക്ഷം രൂപ കൊടുക്കുന്നു. 30 പേര്‍ക്ക് 50,000 രൂപ വെച്ചാണിത്. മത്സ്യലേലത്തില്‍ പങ്കെടുക്കാന്‍ മാര്‍ജിന്‍ മണി, ആറ് ശതമാനം പലിശയ്ക്ക് നല്‍കുന്ന മത്സ്യലേല വായ്പ, പലിശരഹിത വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ എന്നിവ നല്‍കുന്നു. സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്പ, മൈക്രോഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ എന്നിവ വഴിയെല്ലാം നല്ല നിലയില്‍ സംഘത്തിന്‍റെ പ്രവര്‍ത്തനം സക്രിയമാണ്. കൊവിഡ് സമയത്തും പരമാവധി അടയ്ക്കാന്‍ എല്ലാവരും താത്പര്യമെടുത്തു. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ എഫ് ഡി ബി, അവാര്‍ഡ് നല്‍കിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്‍റോയുമാണ് അവാര്‍ഡ്” ശ്രീജി വിശദീകരിച്ചു.
മത്സ്യമേഖലയില്‍ സര്‍ക്കാര്‍ നിരവധി മാറ്റം കൊണ്ടു വന്നതായി പ്രസിഡന്‍റ് ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. “മത്സ്യമേഖലയെ സംബന്ധിച്ച് കൃത്യമായ നയമുള്ള സര്‍ക്കാരാണ് ഇത്. അതിന്‍റെ ഭാഗമായാണ് നിരവധി പരിഷ്കരണ നടപടികളെടുത്തത്. 1999ല്‍ തന്നെ സംഘം മത്സ്യമേഖലയിലേക്കു കടന്നിരുന്നു. ഇടത്തരക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനേക്കാള്‍ ഇത്തവണ കൊറോണ വ്യാപനം തടയാന്‍ തന്നെയാണ് തൂക്കി വില്‍പ്പന നടത്തിയത്. അതിലൂടെ സംഘത്തിന് മത്സ്യത്തൊഴിലാളികളെ സ്വയംപര്യാപ്തതയിലേക്കു നയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേ പോലെ ട്രോളിംഗ് ബോട്ടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്” അതേ സമയം ഈ മേഖലയിലേക്ക് പുതിയ തലമുറ ആകര്‍ഷിക്കപ്പെടുന്നില്ലെന്നത് വസ്തുതാമെന്ന് അദ്ദേഹം അംഗീകരിക്കുന്നു. “താരതമ്യേന കൊവിഡ് സമയത്ത് മത്സ്യമേഖലയിലാണ് അല്‍പ്പമെങ്കിലും പണിയുണ്ടായതെന്നു പറയാം. പുതിയ തലമുറ ഈ മേഖലയില്‍ നിന്ന് അകന്നു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു നല്‍കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍, സാങ്കേതികവിദ്യാപരിശീലനം തുടങ്ങിയവയിലൂടെ വിദ്യസമ്പന്നരായ വലിയ വിഭാഗം പഠിച്ചിറങ്ങുന്നുണ്ട്. അവര്‍ ഈ രംഗത്തു തുടരുമെന്നു പറയാനാകില്ല”
മത്സ്യമേഖലയുടെ വികസനത്തിന് നിരന്തര ഇടപെടലില്ലെങ്കില്‍ പരമ്പരാഗത മത്സ്യബന്ധനം അന്യം നിന്നു പോകുമെന്ന ആശങ്കകള്‍ അനതിവിദൂരഭാവിയില്‍ സത്യമാകുമെന്ന് അദ്ദേഹം പറയുന്നു. “ഈ രംഗത്ത് നിരന്തരം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. മത്സ്യസമ്പത്തിന്‍റെ അമിതചൂഷണം സംബന്ധിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചപ്പോഴാണ് നാം നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. ലാഭം മാത്രം നോക്കുന്ന ബോട്ട് ഉടമകളേക്കാള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളിക്കാണ് ഇത് സംരക്ഷിക്കണമെന്ന താത്പര്യം ഉള്ളതും ഉണ്ടാകേണ്ടതും. വരുംതലമുറയ്ക്ക് ഈ മത്സ്യസമ്പത്ത് അവര്‍ക്കു തിരിച്ചു കൊടുക്കേണ്ടതുണ്ടെന്ന ബോധ്യമുള്ളവരാണ് വൈപ്പിന്‍ കരയിലെ മത്സ്യത്തൊഴിലാളികള്‍. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഒറ്റപ്പെട്ട് ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ഇപ്പോഴാണ് പലരും ബോധവാന്മാരാകേണ്ടത്. പുലിമുട്ട് പോലുള്ള കാര്യങ്ങള്‍ വരുന്നതിനെക്കുറിച്ചു പോലും രണ്ടഭിപ്രായം വിദഗ്ധര്‍ക്കിടയിലുണ്ട്. പുലിമുട്ട് സ്ഥാപിക്കുന്നതിനടുത്ത് എക്കല്‍ അടിയുമെങ്കിലും അതിനപ്പുറത്ത് കുഴികളുണ്ടാകുമെന്നാണ് അതിലൊന്ന്. ഡ്രെഡ്ജ് ചെയ്യുന്ന കപ്പലുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മത്സ്യ തൊഴിലാളികളുടെ വലയും ഉപകരണങ്ങളും നശിപ്പിക്കുന്നു. നിര്‍ദേശിക്കപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പോര്‍ട്ട് ട്രസ്റ്റ് പോലുള്ള അധികൃതര്‍ തയാറാകണം. നീര്‍ച്ചാലുകള്‍ പുനസ്ഥാപിക്കുകയും സംരക്ഷിക്കുകയും വേണം. ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ശ്രദ്ധ ചെലുത്തണം” ജയകുമാര്‍ വ്യക്തമാക്കി.
ഞാറയ്ക്കല്‍ മത്സ്യഗ്രാമത്തിലെ വിനോദസഞ്ചാരമേഖലയുടെ മുഖമായ മത്സ്യഫെഡ് അക്വാടൂറിസം കേന്ദ്രം കൊറോണയ്ക്കു ശേഷം തിരിച്ചുവരവിന്‍റെ പാതയിലാണ്. ജലാശയത്തിന്റെ ഒരു വശത്തായി മീന്‍ചാട്ടം കാണാനാകും. തുഴവഞ്ചിയിലും സോളാര്‍, പെഡല്‍ ബോട്ടുകളിലും ഇവിടെയെത്താം. പൂമീനും കരിമീനുമടക്കമുള്ളവയെ ചൂണ്ടയിട്ടു പിടിക്കാനുള്ള സൗകര്യമുണ്ട്. നടുവില്‍ രണ്ടു ഹട്ടുകളും കുട്ടവഞ്ചിയുമുണ്ട്. മീൻ വളർത്തുന്ന ജലാശയത്തിന്റെ നടുവിലാണ് ഹട്ടുകള്‍. ഇതില്‍ 15 പേര്‍ക്കു വരെ കാറ്റു കൊണ്ടിരിക്കാം. ബാംബുഹട്ട്, ഏറുമാടം, എന്നിവയുമുണ്ട്. നാടന്‍ മത്സ്യവിഭവങ്ങളുമായുള്ള ഊണാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ശനിയും ഞായറും മുന്‍പത്തേതു പോലെ തിരക്കായി തുടങ്ങിയെന്ന് ജീവനക്കാരനും പ്രദേശവാസിയുമായ ജാക്ക്സണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു, “കൊവിഡ് വരും മുന്‍പ് നല്ല തിരക്കായിരുന്നു. ഇവിടെ ആളുകള്‍ വന്നാല്‍ പല വശത്തേക്കായി ചിതറി പോകും. ന തിരക്ക് കൂടുന്നത് ക്യാന്‍റീനിലാണ്. അതിനാല്‍ തിരക്കു കുറയ്ക്കാന്‍ കൂപ്പണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യഫെഡിന്‍റെ മീന്‍ വളര്‍ത്തല്‍ പദ്ധതിയായി തുടങ്ങിയ ഫാം പിന്നീട് ടൂറിസം ലക്ഷ്യമാക്കി വികസിപ്പിക്കുകയായിരുന്നു. വേലിയേറ്റം വന്നപ്പോള്‍ വെള്ളപ്പൊക്കത്തിന്‍റെഭാഗമായി അടച്ചിടേണ്ടി വന്നതാണ് ആകെയുള്ള കുഴപ്പം. നാലു സ്റ്റാഫുകളില്‍ രണ്ടു പേര്‍ സ്ഥിരമായി ഉണ്ടാകും. മത്സ്യത്തൊഴിലാളി വനിതകളുടെ സ്വയംസഹായസംഘമാണ് ക്യാന്‍റീന്‍ ലീസിന് നടത്തുന്നത് ”
മത്സ്യബന്ധന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഞാറയ്ക്കല്‍ തീരത്തിന്‍റെ പോയകാല പ്രതാപം തിരികെ കൊണ്ടുവരണമെന്ന ആവശ്യക്കാരനാണ് സി കെ വിനോദ് “പണ്ട് കാലത്ത് ഫോര്‍ട്ട് കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സ്യം വന്നിരുന്നത് ഞാറയ്ക്കല്‍ കടവിലായിരുന്നു. ജലമാര്‍ഗ്ഗമായിരുന്നു, റോഡ് ഗതാഗതസംവിധാനം മെച്ചപ്പെടുത്തിയാല്‍ അതില്‍ മാറ്റം വരും. മത്സ്യമേഖലയുടെ നിലനില്‍പ്പിനായി നിരന്തര പ്രക്ഷോഭങ്ങളിലേര്‍പ്പെട്ട സ്ഥലമാണ് വൈപ്പിന്‍കര. മുന്‍പ് ട്രോളിംഗ് ബോട്ടുകള്‍ക്കെതിരേയായിരുന്നു ദ്വീപിലെ പരമ്പരാഗതമത്സ്യത്തൊഴിലാളികളുടെ സമരമെങ്കില്‍, പിന്നീടത് പ്രാദേശികാവശ്യങ്ങള്‍ക്കായി മാറി. ഇപ്പോള്‍ സംഘം നല്‍കുന്ന വായ്പകളല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാരോ ബന്ധപ്പെട്ട അധികൃതരോ കാര്യമായി ഒന്നും ചെയ്യുന്നില്ല. കടലില്‍ മത്സ്യം കുറയുന്ന സാഹചര്യത്തില്‍ മത്സ്യങ്ങളുടെ വംശനാശത്തിനു കാരണമായ പെലാജിക് വല ഉപയോഗം പോലുള്ളവ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു. 25 കൊല്ലം മുന്‍പെങ്കിലും ഇത് നടപ്പാക്കണമായിരുന്നു. ബീച്ച് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ റോഡും മറ്റു സൗകര്യങ്ങളും വികസിപ്പിക്കണം. തീരശോഷണം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും അടിയന്തരനടപടികള്‍ സ്വീകരിക്കണം ”
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സര്‍വ്വതലനേട്ടങ്ങള്‍ പിന്നോട്ടടിക്കപ്പെട്ട വര്‍ഷമാണിതെന്ന് വിനോദ് പറയുന്നു. “മത്സ്യത്തൊഴിലാളികളുടെ നിലവിലെ അവസ്ഥ മോശമാണ്. കൊവിഡ് സമയത്ത് പൂര്‍ണമായി വീട്ടിലായിരുന്നു. ആ സമയത്ത് തോടുകളെയൊക്കെ ആശ്രയിച്ചാണ് അത്യാവശ്യം മത്സ്യബന്ധനവും ജീവിതവും മുന്നോട്ടു കൊണ്ടുപോയത്”. മറ്റൊരു ഉപജീവനമാര്‍ഗവും അറിയാത്തതിനാല്‍ വളരെ അഡ്ജസ്റ്റ് ചെയ്താണ് മുമ്പോട്ടു പോയതെന്ന് ഭാര്യ മോഹിനി പറയുന്നു. ” കൊറോണക്കാലത്ത് പുറത്തോട്ടൊന്നും പോകാനില്ലാത്തതിനാല്‍ പുറത്തെ ചെലവുകള്‍ കുറവായിരുന്നു, എങ്കിലും കുട്ടികളുടെ പഠനാവശ്യങ്ങള്‍ പോലുള്ള ചെലവുകളുണ്ടായിരുന്നു. പഠനകാര്യങ്ങളില്‍ കുട്ടികളും ആദ്യം ബുദ്ധിമുട്ട് പറഞ്ഞിരുന്നു. ഉണ്ടായതിനു പുറമെ സ്മാര്‍ട്ട് ഫോണ്‍ ഒരെണ്ണം കൂടി വാങ്ങി. കുറച്ച് സ്വര്‍ണം പണയം വെച്ചൊക്കെയാണ് കാര്യങ്ങള്‍ നടത്തിപ്പോരുന്നത്”
മത്സ്യബന്ധന രംഗത്ത് പുതിയ തലമുറ ഇനിയും നില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന സംശയം വിനോദ് അടക്കമുള്ള താരതമ്യേന ഈ രംഗത്തെ ചെറുപ്പക്കാരും പ്രകടിപ്പിക്കുന്നു,” പുതിയ കുട്ടികള്‍ പലരും ഷിപ്പ് യാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ കരാര്‍ തൊഴിലും വെല്‍ഡിംഗ്, ടൈല്‍ പണി, ഡ്രൈവര്‍ ജോലിയുമൊക്കെ ചെയ്യുന്നവരാണ്. കൊവിഡ് സമയത്ത് ആ ജോലികള്‍ ഇല്ലാതിരുന്ന സമയത്ത് ചിലര്‍ ഈ രംഗത്തേക്കു വന്നിരുന്നു. എന്‍റെ പ്രായക്കാര്‍ വരെയുള്ളവരെയേ ഈ തൊഴിലില്‍ പ്രതീക്ഷിക്കാന്‍ കഴിയൂ. കഷ്ടപ്പാടുണ്ട്, പഴയതു പോലെ മത്സ്യം കിട്ടുന്നുമില്ല മറ്റു സംസ്ഥാനക്കാരും ഇപ്പോള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ട്. അങ്ങനെയൊക്കെയാകുമ്പോള്‍ ഈ യുവാക്കള്‍ ആകര്‍ഷിക്കപ്പെടാന്‍ വഴിയില്ല”
74കാരിയായ അമ്മ രത്നമ്മയും പ്ലസ് വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനികളായ മക്കളുമാണ് ഇവര്‍ക്കൊപ്പമുള്ളത്. അമ്മയുടെ കാര്യമോര്‍ത്താണ് കൊവിഡ് കാലത്ത് പുറത്തേക്കു പോലും ഇറങ്ങാതെ കഴിച്ചു കൂട്ടിയതെന്ന് വിനോദ്. വളരെ ശ്രദ്ധിച്ചിരുന്നു, തൊട്ടടുത്ത വീട്ടിലെ മൂന്നംഗങ്ങളും കൊവിഡ് ബാധിതരായിരുന്നു. അതിനാല്‍ ഏറെ കരുതലോടെയാണിരുന്നത്. പഠനകാര്യത്തില്‍ കുറച്ചു സമയത്തെ ക്ലാസുകളും കൂടുതല്‍ നേരം പഠനവും എന്ന നിലയിലാണ് ഇപ്പോള്‍ പഠനക്രമമെന്ന് വിനോദിന്‍റെ ഇളയ മകള്‍ അഞ്ജലി പറയുന്നു. ” കുറച്ചൊക്കെ പാഠഭാഗങ്ങളേ എടുക്കുന്നുള്ളൂ. ഒരു വിഷയം കൂടുതല്‍ കേന്ദ്രീകരിച്ചാണ് ക്ലാസ് പോകുന്നത്. കൂടുതല്‍ വിശദീകരിച്ചു പോകുന്ന രീതിയിലാണ് അധ്യാപകര്‍ ക്ലാസെടുക്കുന്നത്. ജൂലൈയില്‍ സെമസ്റ്റര്‍ പരീക്ഷ നടക്കുമെന്നാണ് പറയുന്നത്. മൊബൈല്‍ റേഞ്ചിന്‍റെ പ്രശ്നമുണ്ട്. ഓഫ് ലൈനായി ട്യൂഷന്‍ ക്ലാസുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വോട്സാപ്പ് ഗ്രൂപ്പുകളിലും ക്ലാസ് ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. എങ്കിലും സ്കൂള്‍ തുറക്കണമെന്നാണ് ആഗ്രഹം” ചേന്ദമംഗലം എസ് എം എച്ച് എസില്‍ ബയോമാസ് വിദ്യാര്‍ത്ഥിയായ അഞ്ജലി പത്താംക്ലാസില്‍ മത്സ്യത്തൊഴിലാളി ക്ഷേമ സംഘത്തില്‍ നിന്നുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹയായിരുന്നു.
പറവൂര്‍ മാര്‍ഗ്രിഗോറിയസ് കൊളെജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ചേച്ചി അശ്വനിക്കും ക്ലാസ് തുറക്കണമെന്ന് തന്നെയാണ് ആഗ്രഹം, ” ഫോണില്‍ തന്നെ നോക്കി കുത്തിയിരുന്നു പഠിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളുണ്ട്. വേഗത കൂടുന്നതിനനുസരിച്ച് ഫോളോ ചെയ്യാന്‍ ചിലപ്പോഴൊക്കെ പ്രശ്നമുണ്ട്. അത് അധ്യാപകരുമായുള്ള വോട്സാപ്പ് ക്ലാസുകളില്‍ സംസാരിച്ചു പരിഹരിക്കുന്നുണ്ട്. ക്ലാസ് ഗ്രൂപ്പുകളില്‍ എല്ലാവരും കൂടി സംസാരിച്ച് സംശയമുള്ള പാഠഭാഗങ്ങള്‍ പൊതുവായി പറഞ്ഞു തരുന്ന രീതിയാണ് അധ്യാപകര്‍ പിന്തുടരുന്നത്. 37 പേരാണ് ക്ലാസിലുള്ളത്. എക്കൗണ്ടന്‍സി ഒഴികെ വിഷയങ്ങള്‍ തിയറി ക്ലാസായതിനാല്‍ ഇപ്പോള്‍ വലിയ പ്രശ്നമില്ല. അധികം താമസിക്കാതെ കോളെജ് തുറക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ” അശ്വനി വോക്ക് മലയാളത്തോട് പറഞ്ഞു.
ആറാട്ടുകടവ് കാഞ്ഞിരത്തറ രമേഷിന്‍റെ മകള്‍ അപര്‍ണ കെ ആര്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. അപര്‍ണയും പങ്കുവെച്ചത് ക്ലാസ്റൂമില്‍ കിട്ടിയിരുന്ന ആശയവിനിമയം ചോരുന്നതിലെ ആശങ്കയാണ്. ” എത്രയൊക്കെയായാലും ക്ലാസിലേതു പോലെ വീട്ടില്‍ ശ്രദ്ധിക്കാനാകില്ലല്ലോ, കമ്യൂണിക്കേഷനുണ്ടെങ്കിലും അധ്യാപകര്‍ വേറെയിടത്തും നാം മറ്റൊരിടത്തുമാകുമ്പോഴുള്ള പ്രശ്നമുണ്ട്. നോട്ടുകള്‍ എഴുതിയെടുക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നു. എക്കൗണ്ടന്‍സി പോലുള്ള വിഷയങ്ങള്‍ മാത്രം അധ്യാപകര്‍ ലൈവായി ചെയ്തു കാണിക്കുന്നു. ആദ്യഘട്ടത്തില്‍ മറ്റു വിഷയങ്ങള്‍ ക്ലാസ് റൂമില്‍ എടുക്കുന്നതു പോലെ മനസിലാകില്ലായിരുന്നു. എല്ലാവരുടെയും അവസ്ഥ ഏതാണ്ടിത് തന്നെയായിരുന്നു. ഈയിടെ ക്ലാസ് തുറന്നു. ഓണ്‍ലൈനായി എടുത്ത ക്ലാസുകള്‍ തന്നെ ആവര്‍ത്തിച്ചെടുക്കുകയാണിപ്പോള്‍. ആദ്യ വര്‍ഷത്തെ പരീക്ഷകള്‍ നടക്കാനിരിക്കുകയാണ്. അത് ഏതായാലും നന്നായി” അപര്‍ണ വോക്ക് മലയാളത്തോടു പ്രതികരിച്ചു.
ആറാട്ടുകടവ് ഫിഷര്‍മെന്‍ കോളനിവാസിയായ കാരോടില്‍ മധു (52) ചെറുവഞ്ചിയിലാണ് മത്സ്യബന്ധനം നടത്തുന്നത്. ” കൊവിഡും ന്യൂനമര്‍ദ്ദങ്ങളും വന്നതോടെ കടലില്‍ പോകാന്‍ പറ്റാതായി. മുന്‍പ് വലിയ വള്ളത്തില്‍ പോയിരുന്നെങ്കിലും പിന്നീട് ചെറുവഞ്ചിയിലേക്കു മാറി. ആ സമയത്താണ് കടലില്‍ പോകാനാകാതെ വന്നത്. അതോടെ പുഴയില്‍ ഞണ്ടു വലയിടാന്‍ പോയി. മുന്‍പും പോകാറുണ്ടായിരുന്നു, എന്നാല്‍ കയറ്റുമതി നിലച്ചതോടെ ഞണ്ടിനു വില കിട്ടാതായി. രോഗഭീതി കനത്തതോടെ മാസ്കൊക്കെ വച്ചായി നടപ്പ്. രണ്ട് ആണ്‍മക്കളില്‍ മൂത്തയാള്‍ ഷിപ്പിംഗ് കമ്പനിയിലും ഇളയയാള്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാഫുമാണ്. കടല്‍ഭിത്തിയോടടുത്തുള്ള വീടായതിനാല്‍, വേലിയേറ്റസമയത്ത് വെള്ളപ്പൊക്കം ബുദ്ധിമുട്ടിക്കാറുണ്ട്. രണ്ടു ലക്ഷം രൂപ വായ്പയിലും നാലു ലക്ഷം രൂപ പണയത്തിലുമാണ് വീട് പൂര്‍ത്തീകരിച്ചത്. അതിന്‍റെ അടവെല്ലാം മുടങ്ങിയിരിക്കുകയാണ്” മധു പറഞ്ഞു. കൊവിഡ് സമയത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങളാണ് അതിജീവനത്തിനു സഹായിച്ചതെന്ന് ഭാര്യ പ്രസന്ന പറയുന്നു. ” കൊവിഡ് വന്നപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജോലിക്കു പോകാന്‍ പറ്റാതായി. സൗജന്യറേഷനൊക്കെയാണ് താങ്ങായത്. മീന്‍ കിട്ടിയാല്‍ത്തന്നെ വില്‍ക്കാനാകാത്ത സ്ഥിതിവന്നതോടെ വരുമാനം നിലച്ചു. എല്ലാം കൊണ്ടും ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഇതേ പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരായതിനാല്‍ പരസ്പരം പറയാമെന്നല്ലാതെ വേറൊന്നും ചെയ്യാനില്ലല്ലോ” പ്രസന്ന വോക്ക് മലയാളത്തോട് കെട്ടകാലത്തെ നിസ്സഹായത വ്യക്തമാക്കി.
സമീപവാസിയായ വീട്ടമ്മ ഷീബ (50) ഭര്‍ത്താവ് മരിക്കുകയും മക്കള്‍ വിവാഹിതരായി മാറിത്താമസിക്കുകയും ചെയ്തതോടെ ഒറ്റയ്ക്കായി. കൊറോണ വന്നതിനു ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു പോയിത്തുടങ്ങിയത്.
” കൊറോണ മാറിയെന്ന് ആശ്വസിക്കാറായിട്ടില്ല, എറണാകുളം ജില്ലയില്‍ കൂടി വരുന്നതായാണു റിപ്പോര്‍ട്ട്. കൊറോണ രോഗികളെ പ്രവേശിപ്പിക്കാത്തആശുപത്രിയായതിനാല്‍ സുരക്ഷിതയാണ്. എങ്കിലും ആശുപത്രിയില്‍ പോയിത്തുടങ്ങിയതോടെ തൊട്ടുടുത്തുള്ള ബന്ധുക്കളുടെ വീടുകളില്‍ പോലും കയറാറില്ല. കൊവിഡ് വന്നതോടെ മക്കള്‍ക്കും ജോലിയില്ലാതായി. വളരെ സൂക്ഷിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജോലിക്കു പോകുന്നത്” അവര്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചു.
ഞാറയ്ക്കല്‍ തീരമേഖലയിലെ പ്രധാന മത്സ്യ അനുബന്ധമേഖലയാണ് ചെമ്മീന്‍ സംസ്കരണം. ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതിവിഭവം. നിരവധി സ്ത്രീകള്‍ മുന്‍പ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നെങ്കിലും ഇന്ന് വളരെ കുറവ് പേര്‍ മാത്രമാണ് ചെമ്മീന്‍ കിള്ളാന്‍ എത്തുന്നത്. കൊറോണ വന്നതോടെ ഏറെ സാമൂഹ്യവല്‍ക്കരണം ഉള്ള ഈ തൊഴിലിലും ഇടിവു സംഭവിച്ചു. കയറ്റുമതി നിലച്ചതോടെ സ്തംഭനാവസ്ഥയിലായ സംസ്കരണകേന്ദ്രങ്ങള്‍ ഈയിടെയാണ് വീണ്ടും സജീവമായത്. ഞാറയ്ക്കല്‍ പഞ്ചായത്തിലെ ഫ്രഷ് ഫിഷ് കൊച്ചി എന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ വോക്ക് മലയാളത്തോട് തങ്ങളുടെ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുന്നു.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തികമായും മാനസികവുമായും അരക്ഷിതത്വത്തില്‍ നിന്ന് മോചനം തേടിയാണ് മുന്‍പ് ജവുളിക്കടയില്‍ ജോലി ചെയ്തിരുന്ന നെടുങ്ങാട് സ്വദേശിനി മിനിരാജന്‍ (49) ചെമ്മീന്‍ കമ്പനിയിലെത്തിയത്.
” കൊവിഡ് മൂലം ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി കഷ്ടതയിലായിരുന്നു. ഭര്‍ത്താവ് രാജന് കല്‍പ്പണിയായിരുന്നു. റേഷന്‍ കിറ്റ് മാത്രമായിരുന്നു ആശ്രയം. വായ്പകളെല്ലാം എഴുതിത്തള്ളിയത് ആശ്വാസം. വന്നപ്പോള്‍ കൂടുതല്‍ പേര്‍ ജോലി ചെയ്തിരുന്നു. അതിനിടെ ഇവിടെയും ഒരു തൊഴിലാളിക്ക് സമ്പര്‍ക്കം സംശയിച്ചതോടെ വന്നതോടെ കമ്പനി അടച്ചു പൂട്ടിയിരുന്നു. ഇപ്പോള്‍ രാവിലെ 7.30ന് എത്തും വൈകുന്നേരം ആറുമണിക്ക് വീട്ടിലെത്തും. ആരുമായും വലിയ സമ്പര്‍ക്കമില്ല. പ്രായമായ അമ്മായിയമ്മയും കൂടെ താമസിക്കുന്നു. പുരുഷനൊപ്പം സ്ത്രീയും ജോലി ചെയ്താലേ ഇന്നത്തെ കാലത്ത് വരുമാനം മുന്നോട്ടു പോകൂ. എങ്കിലും പ്രായമായവര്‍ ഈ രംഗത്ത് വരാതിരിക്കുന്നതാണ് ഇപ്പോള്‍ നല്ലത്. അവരെ ചെറുപ്പക്കാര്‍ സംരക്ഷിക്കണം.”
മുന്‍പ്, പാലക്കാട് ഷൊര്‍ണൂര്‍ ഓര്‍ഗാനിക് വിഭവങ്ങള്‍ തയാറാക്കുന്ന ജോലി ചെയ്തിരുന്ന അയിഷ മണി കൊറോണയെത്തുടര്‍ന്നാണ് ഇവിടെ എത്തിയത്. ഇവിടെ ഒരു മാസമായി ജോലിക്ക് കയറിയിട്ട്.
“പാലക്കാട് നിന്ന് നെടുങ്ങാട് വീട്ടിലെത്തിയതിനു പിന്നാലെ ലോക്ക് ഡൗണ്‍ തുടങ്ങി. വീട്ടില്‍ കുടുങ്ങിയതോടെ വളരെ കഷ്ടപ്പെട്ടു. അതേത്തുടര്‍ന്ന് ജീവിക്കാന്‍ മറ്റു നിവൃത്തിയില്ലാതെയാണ് ഇവിടെ ജോലിക്കെത്തിയത്. മുന്‍പു ചെയ്തിരുന്നതിനേക്കാള്‍ വരുമാനം കുറവാണെങ്കിലും വീടിനടുത്ത് തന്നെ ജോലി കിട്ടിയല്ലോ എന്ന സന്തോഷമുണ്ട്. മറ്റാരുടെയും മുന്‍പില്‍ കൈനീട്ടാതെ ജീവിക്കാനാകുന്നു.” ഭര്‍ത്താവ് മരിച്ച ആയിഷയ്ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. അതില്‍ രണ്ടാമത്തെ മകളും കുട്ടികളും കൂടെയാണു താമസിക്കുന്നത്. വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ തത്കാലം ഈ ജോലി മതിയെന്ന് അയിഷ പറയുന്നു.
കൊവിഡ് കാലത്തിനു പിന്നാലെയുണ്ടായ സാമ്പത്തികപ്രയാസങ്ങളാണ് 43കാരിയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ ബിന്ദു സുനില്‍ എന്ന വീട്ടമ്മയെയും ഈ മേഖലയിലേക്ക് എത്തിച്ചത്.
“വീട്ടമ്മയായിരുന്നു, ഭര്‍ത്താവിന് ഹാര്‍ബറില്‍ പെയിന്‍റിംഗ് ജോലിയാണ്. ലോക്ക് ഡൗണ്‍ ഇളവു വന്നതോടെയാണ് ഭര്‍ത്താവ് ജോലി ചെയ്യാന്‍ പോയി തുടങ്ങിയത്. വീടു പണി തുടങ്ങുകയും ചെയ്തതോടെ സാമ്പത്തികബുദ്ധിമുട്ട് രൂക്ഷമായി. ഈയിടെയാണ് ഇവിടെ ജോലിക്കു കയറിയത്. ഇപ്പോള്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു. മുന്‍പ് വീട്ടിലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാമെന്നായിട്ടുണ്ട്. റേഷന്‍ കിറ്റ് ലഭിച്ചതു കൊണ്ടായിട്ടില്ല. അടുത്ത ബന്ധുവിന്‍റെ വിവാഹാവശ്യമുണ്ടായിരുന്നു. മുന്‍പ് വലിയ ആശങ്കയുണ്ടായിരുന്നു. ഇന്ന് പേടി കുറഞ്ഞിരിക്കുന്നു. എങ്കിലും വ്യക്തിശുചിത്വം പാലിച്ച് മുമ്പോട്ടു പോകുന്നു”
രണ്ടു പെണ്‍മക്കളാണ് ബിന്ദുവിന്. പ്ലസ് ടു കഴിഞ്ഞ മൂത്ത മകള്‍ അനീന നഴ്സിംഗ് കോഴ്സിന് അപേക്ഷിച്ചിരിക്കുകയാണ്. ” എറണാകുളം സെന്‍റ് മേരിസ് സ്കൂളില്‍ ബയോമാസ് ആണ് പഠിച്ചത്. രണ്ട് പരീക്ഷകള്‍ മാത്രമാണ് കൊവിഡ് വന്ന ശേഷം നടന്നത്. അതിനാല്‍ പഠനത്തെ കൊവിഡ് വ്യാപനം ബാധിച്ചിരുന്നില്ല. കേരളത്തില്‍ നഴ്സിംഗ് കോഴ്സിന് ചേരാനാണ് അവസരം കാത്തരിക്കുന്നത്” അനീന പറഞ്ഞു. ഇളയ കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് അവര്‍ക്കു നടക്കുന്നതെന്നു ബിന്ദു പറഞ്ഞു.
നെറ്റ് വര്‍ക്ക് പ്രശ്നമാണ് എളങ്കുന്നപ്പുഴ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആറാട്ടു കടവ് സ്വദേശിനി രമ്യ ദിലീപും ചൂണ്ടിക്കാട്ടുന്നത്. ” നെറ്റ് പ്രസ്നമുള്ളതിനാല്‍ മിക്കവര്‍ക്കും ആ ക്ലാസുകള്‍ നഷ്ടപ്പെട്ടു പോയി. കംപ്യൂട്ടര്‍ പോലുള്ള വിഷയങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ മനസിലാക്കാന്‍ വിഷമമായിരുന്നു. ടെലിവിഷനിലെ ക്ലാസുകളായിരുന്നു കൂടുതല്‍ ഉപകാരപ്പെട്ടത്. ഇപ്പോള്‍ ക്ലാസ് തുറന്നപ്പോള്‍ ഫോക്കസ് പോയിന്‍റ് നോക്കി പഠിക്കാന്‍ പറഞ്ഞിട്ടുല്ളതിനാല്‍ അത് മാത്രം കേന്ദ്രീകരിച്ചാണു പഠിക്കുന്നത്. ഓരോ ദിവസം ഓരോ ചാപ്റ്റര്‍ വെച്ചാണ് പഠിച്ചു പോകുന്നത്. ഇത്തരത്തിലുള്ള പഠനരീതി ഉപരിപഠനത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്”, രമ്യ വോക്ക് മലയാളത്തോട് വ്യക്തമാക്കി.
സാധാരണക്കാരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏറെക്കുറെ അപ്രാപ്യം തന്നെയാണെന്ന് അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി നിമ കര്‍വാലിയോണ്‍ വോക്ക് മലയാളത്തോട് പറഞ്ഞു. ” ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെയാണ് മുമ്പ് എടുത്ത ക്ലാസുകള്‍ മനസിലാകാന്‍ തുടങ്ങിയത്. സൂം വഴിയായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍. നെറ്റ് കണക്ഷന്‍ വിട്ടു പോകുമായിരുന്നു. നോട്ട് സബ്മിറ്റ് ചെയ്യേണ്ട സാഹചര്യങ്ങളില്‍ ഇത് വലിയ പ്രശ്നമായിരുന്നു. വൈഫൈ ഒക്കെ ഉള്ള ക്ലാസിലെ ചുരുക്കം ചിലര്‍ക്ക് ക്ലാസ് മുറികളിലേതു പോലെ അപ്പപ്പോള്‍ സംശയം ചോദിച്ചു മനസിലാക്കാന്‍ കഴിയുമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസും ടിവിയിലെ കൈറ്റ് ക്ലാസും ഒരേ സമയത്തായതിനാല്‍ അറ്റന്‍ഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടായിരുന്നു, രണ്ടിലും ശ്രദ്ധിക്കാനാകാത്ത സ്ഥിതി” കച്ചേരിപ്പടി ഈശോഭവനില്‍ പഠിക്കുന്ന നിമ പറയുന്നു. നിമയുടെ സഹോദരിയും നായരമ്പലം ബിവിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നിയയുടെ അഭിപ്രായത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെങ്കിലും തങ്ങള്‍ രണ്ടു പേര്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗപ്പെടാത്ത അവസ്ഥയായിരുന്നു. ” ഒരു ഫോണില്‍ തന്നെ ക്ലാസ് അറ്റന്‍ഡ് ചെയ്യണമായിരുന്നു. വീട്ടില്‍ നിന്ന് കുറേ കിഴക്കു മാറിയാണ് അല്‍പ്പമെങ്കിലും മൊബൈലിനു റേഞ്ച് കിട്ടുന്നത്. വീഡിയൊ ഓണ്‍ ചെയ്യുമ്പോള്‍ അതുവരെ കിട്ടിയിരുന്ന മൊത്തം ക്ലാസ് പോകും. സ്കൂളിലായിരുന്നപ്പോള്‍ ക്ലാസ് പരീക്ഷകള്‍ നടത്തുമായിരുന്നു. അധ്യാപകരോട് അപ്പപ്പോള്‍ സംശയനിവാരണം വരുത്തലും സാധ്യമായിരുന്നു. ഇപ്പോള്‍ ടിവിയില്‍ വരുന്ന ക്ലാസിനനുസരിച്ച് ചോദ്യങ്ങള്‍ തരികയും ഉത്തരം എഴുതി അയച്ചു കൊടുക്കുകയും വേണം. ക്ലാസുകള്‍ പലതും നഷ്ടമാകുമ്പോള്‍ അത് കൃത്യമായി ചെയ്യാനാകുന്നില്ല”, നിയ പറഞ്ഞു.
പത്താം ക്ലാസുകാരനായ അലന് വര്‍ഷം മുഴുവന്‍ ക്ലാസ് നടക്കാതിരുന്നതിനാല്‍ ആശങ്കയുണ്ടായിരുന്നു, ക്ലാസ് നടക്കാന്‍ തുടങ്ങിയപ്പോഴാണ് അതു മാറിയത്. ” ഒമ്പതാംക്ലാസില്‍ തന്നെ രണ്ടു പരീക്ഷകള്‍ നടത്താനായില്ല. പത്തില്‍ എത്തിയപ്പോള്‍ ആശങ്കയോടെയാണ് ക്ലാസിലെത്തിയത്. വിക്ടേഴ്സ് ചാനലിലെ ക്ലാസ് മനസിലാക്കാന്‍ പ്രയാസമില്ലായിരുന്നു. അധ്യാപകരോട് ചോദിച്ചാല്‍ പറഞ്ഞു തരും, എങ്കിലും ഒരു പേടി മനസിലുണ്ടായിരുന്നു. ഇപ്പോള്‍ ക്ലാസുകള്‍ തുറന്നതിനാല്‍ റിവിഷന്‍ നടക്കുന്നുണ്ട്, പേടി മാറി. ഫോക്കസ് പോയിന്‍റില്‍ പഠിപ്പിക്കുന്നത് ഫോളോ ചെയ്താല്‍ത്തന്നെ ഒരു വിധം നല്ല മാര്‍ക്ക് വാങ്ങാം. ഫുള്‍ എ പ്ലസ് വേണമെങ്കില്‍ അല്ലാത്ത ഭാഗം കൂടി പഠിക്കണം. വീട്ടില്‍ ടെന്‍ഷനുണ്ടായിരുന്നു, അതിനാല്‍ ട്യൂഷനു പോകുന്നുണ്ട്. അധ്യാപകര്‍ ആത്മവിശ്വാസം പകരുന്നുണ്ട്. മോഡല്‍ എക്സാം ഫെബ്രുവരിയിലുണ്ടാകും. അതിനു മുന്‍പ് ക്ലാസുകള്‍ എല്ലാം എടുത്തു തീരും.നിലവിലെ സാഹചര്യത്തില്‍ ഭയക്കേണ്ടതില്ല” ഞാറയ്ക്കല്‍ ലിറ്റില്‍ഫ്ലവര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ അലന്‍ വോക്ക് മലയാളത്തോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൊവിഡിനെ അതിജീവിച്ച സുനാമി കോളനിവാസി ഉറുക്കൂലില്‍ ഗോപാലകൃഷ്ണന്‍ (52) നിശ്ചയദാര്‍ഢ്യത്തിന് ഉടമയാണ്. “സെപ്റ്റംബറിലായിരുന്നു സംഭവം. 40 പേര്‍ പോകുന്ന വള്ളത്തിലാണ് ഞാന്‍ മത്സ്യബന്ധനത്തിനു പോയിരുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തയാളില്‍ നിന്നാണ് സമ്പര്‍ക്കമുണ്ടായത്. താനൊഴികെ 39 പേരും പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എങ്കിലും എല്ലാവരും ക്വറന്‍റൈനിലായി. വീട്ടില്‍ത്തന്നെയാണ് ഞാന്‍ നിന്നത്. ലക്ഷണമുണ്ടായിരുന്നതിനാല്‍ 26 കാരനായ മകനെയും ഭാര്യയെയും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തനിക്ക് ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ വീട്ടില്‍ത്തന്നെ 14 ദിവസം ക്വറന്‍റൈനിലിരുന്നു. ഒമ്പതു ദിവസം കഴിഞ്ഞപ്പോഴുള്ള പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. ആദ്യം പേടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും അതു ശ്രദ്ധിക്കുന്നില്ല. ഒരുപാടു പേര്‍ക്ക് രോഗം വന്നു പോയെന്നാണു തോന്നുന്നത്. ഇപ്പോഴും മാസ്കും സാനിറ്റൈസേഷനും നടത്തുന്നു. ഇപ്പോഴും പൂര്‍ണആരോഗ്യവാനാണ്, പത്തിരുപതു പേര്‍ ഇവിടെ രോഗബാധിതരായെങ്കിലും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല” അദ്ദേഹം വോക്ക് മലയാളത്തോട് വ്യക്തമാക്കി.
കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ സാധ്യമായ മാര്‍ഗത്തില്‍ സാമ്പത്തികമായ അതിജീവനം സാധ്യമാണെന്ന് തെളിയിക്കുമ്പോഴും മത്സ്യബന്ധന മേഖല തീരെ അവഗണിക്കപ്പെടുന്നുവെന്നാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ അഭിപ്രായം. മുന്‍പ് ഏറെ പേര്‍ തൊഴില്‍ ചെയ്തിരുന്ന മേഖലയിലേക്ക് അധികം പേര്‍ എത്തുന്നില്ല. കൊവിഡ് പോലുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം അതിവേഗം പടരുന്ന മേഖലയാണെന്ന പ്രചരണങ്ങള്‍ പലരെയും അകറ്റിയതായി ഇവര്‍ അഭിപ്രായപ്പെടുന്നു. മത്സ്യത്തൊഴിലാളിയുടെ പ്രതീക്ഷ നാളെയിലാണ്. ഇന്ന് വെറുംകൈയോടെ വരേണ്ടി വന്നാലും നാളെ കടലമ്മ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് അടുത്ത പുലരിയെ എതിരേല്‍ക്കുന്നത്.