Wed. Jan 22nd, 2025
ദില്ലി:

പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി.  പോക്സോ കേസിലാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.
ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 19നാണ് രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയായി കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുഞ്ഞിന്‍റെ പിതാവിന്‍റെ സുഹൃത്തായിരുന്നു കേസിലെ പ്രതി. പ്രത്യേക പോക്സോ കോടതി ജഡ്ജ് മഹേന്ദ്ര ശ്രീവാസ്തവയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പത്തോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. ഇത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിക്കുന്നത് ഇത്തരം കേസുകളില്‍ നാഴികകല്ലാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്കര്‍ഷ് വാട്ട്സ് പ്രതികരിച്ചു. ഡിസംബര്‍ 29നായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്

By Divya