അഹമ്മദാബാദ്:
ഗുജറാത്ത് വംശഹത്യവേളയിൽ പോലും താരതമ്യേന പ്രശ്നരഹിതമായിരുന്ന കച്ച് മേഖലയിലും വർഗീയ സംഘർഷങ്ങൾ തലപൊക്കുന്നു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന സ്വരൂപിക്കാൻ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച രഥയാത്രക്കു പിന്നാലെയാണ് കച്ചിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘം ചേർന്നുള്ള കല്ലേറും കൊള്ളിവെപ്പുമുണ്ടായത്.
കച്ച് ജില്ലയിലെ കിഡാന ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന രഥയാത്ര മേഖലയിലെ മസ്ജിദ് ചൗക്കിനു സമീപമെത്തിയപ്പോൾ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് സംഘർഷത്തിെൻറ തുടക്കം. മറുവിഭാഗം ഇതു ചോദ്യം ചെയ്തതോടെ കല്ലേറും തീവെപ്പും ആരംഭിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പരിക്കേറ്റു.