Fri. Mar 29th, 2024
Fishermen, Nayarambalam palllikkadv
കൊച്ചി

നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക്  കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍  കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍ വീടിനകത്തേക്ക് വെള്ളം കയറുന്നത്. വറുതിക്കാലത്തും കൊറോണ വന്നാലും തങ്ങളെ അവഗണിക്കുന്ന അധികൃതര്‍ ഫിഷ് ലാന്‍ഡിംഗ് യാര്‍ഡ് പോലുള്ള ദീര്‍ഘകാലആവശ്യങ്ങളോടും മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മുന്‍പ് കടലില്‍ മത്സ്യമുണ്ടായിരുന്ന കാലത്തേതു പോലെയല്ല, ഇപ്പോള്‍ കാലാവസ്ഥാമാറ്റങ്ങള്‍ തീരപ്രദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ വറുതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് സ്ഥിരം തൊഴില്‍ നല്‍കിയിരുന്ന മത്സ്യബന്ധനമേഖലയില്‍ തൊഴിലില്ലായ്മ  വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് കൂടി വന്നതോടെ അതിന്‍റെ മൂര്‍ധന്യാവസ്ഥയിലേക്കു മാറിയിരിക്കുകയാണ്.

Fishermen making net
Fishermen making net

മത്സ്യഗ്രാമം പദ്ധതി ആവിഷ്കരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തുറകളുടെ വിനോദസഞ്ചാര, വ്യാപാര സാധ്യതകളടക്കം വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. മത്സ്യക്കൃഷിയും സംസ്കരണവുമടക്കമുള്ള നടപടികളിലൂടെ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍, ബിസിനസ് സാധ്യത കണ്ടെത്തുകയും അതിലൂടെ തീരപ്രദേശത്തെ സമഗ്രവികസനത്തിനുമാണ് ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായ ഫിഷറീസ് വകുപ്പിന്‍റെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ വിവിധ രീതികളിലുള്ള മത്സ്യക്കൃഷിയിടങ്ങളും അനുബന്ധ വിനോദകേന്ദ്രങ്ങളും ആരംഭിക്കുകയും ചെയ്തു.  എന്നാല്‍, പ്രതീക്ഷിച്ച വിജയത്തിലേക്ക് ഇതിനെ കൊണ്ടുവരാനായില്ല. നിലവില്‍ തുടങ്ങിയിടത്തു നിന്ന് ഒരിഞ്ചു മുന്നോട്ടു പോകാനാകാത്ത സ്ഥിതിയിലാണ് പദ്ധതിയുടെ അവസ്ഥ. കൊച്ചിയുടെ തീരദേശ ബെല്‍റ്റ് എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ  ചെല്ലാനം മുതല്‍ വടക്കോട്ട് വൈപ്പിന്‍ മുനമ്പം വരെയുള്ള തീരഗ്രാമങ്ങളാണ് മാതൃകാമത്സ്യഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ഇതില്‍പ്പെടുന്ന ഒരു പ്രധാന മത്സ്യഗ്രാമമാണ് വൈപ്പിനിലെ നായരമ്പലം. ഇവിടത്തെ പ്രധാന ഫിഷ് ലാന്‍ഡിംഗ് സെന്‍ററാണ് പള്ളിക്കടവ്. ഇന്‍ബോര്‍ഡ് വള്ളങ്ങളിലും ചെറുവഞ്ചികളിലുമായി മത്സ്യബന്ധനത്തിനിറങ്ങുന്ന നിരവധി തൊഴിലാളികളുടെ കേന്ദ്രമാണിവിടം. ഇവിടത്തുകാരുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് വള്ളങ്ങള്‍ക്ക് അടുക്കാനാകുന്ന യാര്‍ഡ്. മാറി മാറിവരുന്ന ഭരണകൂടങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതേവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നിലവില്‍ കാളമുക്ക് ഹാര്‍ബറിലാണ് വലിയ ഫൈബര്‍ വള്ളങ്ങള്‍ അടുക്കുന്നത്. എന്നാല്‍ അവിടെ ബോട്ടുകള്‍ക്ക് അടുക്കാവുന്ന രീതിയിലാണ് യാര്‍ഡ് രൂപകല്‍പ്പന ചെയ്തതെന്നാണ് വള്ളത്തൊഴിലാളികളുടെ വാദം.

Proposed place for boat yard
Proposed place for boat yard

പരമ്പരാഗതമത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് (52) ചൂണ്ടിക്കാട്ടുന്നതിങ്ങനെ,

Alocious, District president Eranakulam, Paramparagatha malsyathozhilali Union
Alocious, District president Eranakulam, Paramparagatha malsyathozhilali Union

” ഏറ്റവും വലിയ വള്ളക്കടവാണ് നായരമ്പലം മത്സ്യഗ്രാമമുള്‍പ്പെടുന്ന പഞ്ചായത്തിലെ 12ാം വാര്‍ഡായ വെളിയത്താന്‍പറമ്പിലെ പള്ളിക്കടവ്. പ്രദേശത്തെ വലിയ വിഭാഗം വള്ളക്കാരും വഞ്ചിക്കാരും യാനങ്ങള്‍ അടുപ്പിക്കുന്ന കടവാണിത്. ഏറെ മുന്‍പു തന്നെ ഫിഷ് ലാന്‍ഡിംഗ് യാര്‍ഡ് വരുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥലം. സ്വാഭാവിക തീരമായിരുന്ന ഇവിടെ സമീപവര്‍ഷങ്ങളിലുണ്ടായ കടലാക്രമണങ്ങളും വേലിയേറ്റവും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. തീരം കടലെടുത്തതിനാല്‍ ആഴം കൂടി വരുന്ന ഇവിടെ ഇപ്പോള്‍ വള്ളമിറക്കാനും അടുപ്പിക്കാനും  ബുദ്ധിമുട്ടുന്നു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഇപ്പോഴും അടുക്കുന്നത് കാളമുക്ക് ഹാര്‍ബറിലാണ്. ബോട്ടുകാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹാര്‍ബറില്‍ ഉയരക്കൂടുതല്‍ കാരണം വള്ളങ്ങള്‍ അടുപ്പിക്കാന്‍ പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ ഇവിടെ നിര്‍ദിഷ്ട യാര്‍ഡ് ഉടന്‍ പണിയണമെന്നാണ് തങ്ങളുടെ ആവശ്യം. ഇതിനായി വകുപ്പു മന്ത്രിക്കും മത്സ്യഫെഡിനും കത്തുകള്‍ നല്‍കി. പ്രധാന ആവശ്യമായ കാളമുക്ക് ഹാര്‍ബറിനു വേണ്ടി പാസായ 5.4 കോടി രൂപ വിനിയോഗിച്ച് സര്‍ക്കാര്‍ ഹാര്‍ബര്‍ പൂര്‍ത്തീകരിക്കണം. സ്വകാര്യ വ്യക്തിയുടെ  ഹാര്‍ബറിലാണ് ഇപ്പോഴും വള്ളങ്ങളും ബോട്ടുകളും അടുക്കുന്നത്. വള്ളങ്ങള്‍ ഇപ്പോഴും പാലത്തിനടിയിലും മറ്റും തീരെ അരക്ഷിതമായാണ് ഞങ്ങള്‍ കോടിക്കണക്കിനു രൂപ മുടക്കിയ വള്ളങ്ങള്‍ കെട്ടിയിടുന്നത്. ചെല്ലാനത്തും മറ്റും നടക്കുന്ന വികസനത്തിന് ആനുപാതികമായ നേട്ടം ഇവിടെയും ഉണ്ടാകണം. 30 ഓളം ചെറുവഞ്ചികള്‍ അടുക്കുന്ന കടവാണിത്. ഇവിടെ വരേണ്ടിയിരുന്ന ലാന്‍ഡിംഗ് സെന്‍റര്‍ വടക്കു മാറിയാണു വന്നിരിക്കുന്നത്”

ഇതിന്‍റെ പുരോഗതി എത്രയായെന്ന് അന്വേഷിച്ചപ്പോള്‍, ” ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫിഷറീസില്‍ നിന്നും മറ്റു വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വന്നു നോക്കും. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും വന്നു. എന്നാല്‍ ഇങ്ങനെ കണ്ടു മടങ്ങുന്നതല്ലാതെ പിന്നീട് ഒന്നും നടക്കാറില്ലെന്നതാണ് അനുഭവം”   അലോഷ്യസ് പറയുന്നു. ഇവിടത്തെ നിലവിലെ ഏറ്റവും വലിയ പ്രശ്നം വെള്ളക്കെട്ടാണ്. ”പ്രളയത്തില്‍ റാന്നിയിലും തിരുവല്ലയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോയ ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് സ്വന്തം വീടുകളില്‍ വെള്ളം കയറി കിടക്കപ്പായ വരെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നതാണ്. ഈ വര്‍ഷം തുടര്‍ച്ചയായ നാലാമത്തെ മാസമാണ് വേലിയേറ്റത്തില്‍ കയറിയ വെള്ളം ഇറങ്ങാതിരിക്കുന്നത്.  ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം”

വേലിയേറ്റം വലിയ സാമൂഹ്യപ്രശ്നമായി മാറിയ വൈപ്പിന്‍ തീരങ്ങളില്‍ ഇപ്പോഴും ജനം ദുരിതക്കയത്തിലാണ്. വൃശ്ചികമാസത്തില്‍ വരുന്ന വേലിയേറ്റം ഇത്തവണ നേരത്തേ വരുകയും ഇപ്പോഴും തുടരുകയുമാണ്.  പള്ളിക്കടവത്തെ ഇതിന്‍റെ തിക്തഫലം അനുഭവിക്കുന്നവരാണ് ഷൈല ലാലനും ബന്ധു ശീലാവതിയും  നാലു കൊല്ലമായി കടവത്ത് പെട്ടിക്കട നടത്തുകയാണ് 60 കാരിയായ ഷൈല.

Shaila Lalan, shop vendor, Nayarambalam
Shaila Lalan, shop vendor, Nayarambalam

” വെള്ളം കടലില്‍ നിന്ന് ഇരച്ചെത്തുമ്പോള്‍ പേടിയാകും. ജീവന്‍ പോകുന്നതു പോലെ തോന്നും. കടല്‍വെള്ളം കയറുമ്പോഴും മഴ പെയ്തു കഴിയുമ്പോള്‍ കിഴക്കു നിന്ന് വെള്ളം വരുമ്പോഴും കാറ്റും മഴയും വരുമ്പോഴും എങ്ങും പോകാനൊരു രക്ഷയുമില്ല. ചതുപ്പു പ്രദേശത്ത് നിര്‍മിച്ച വീട് മണ്ണില്‍ താഴ്ന്നു പോകുകയാണ്. സ്ഥിരമായി വെള്ളക്കെട്ട് കൂടി വരുന്നതോടെ ഏതു സമയത്തും വീടിന്‍റെ ചുവരുകള്‍ അടര്‍ന്നു വീഴാവുന്ന സ്ഥിതിയാണ്. ഓടു മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി, പ്ലാസ്റ്റിക്ക് ഷീറ്റാണ് കെട്ടി വെച്ചിരിക്കുന്നത്. മഴ വന്നാല്‍ ചോരും. വീടു നന്നാക്കാനുള്ള ശേഷിയില്ല ” ഷൈല വോക്ക് മലയാളത്തോട് പറഞ്ഞു.

”സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാറിത്താമസിക്കാന്‍ മത്സ്യഫെഡ് 10 ലക്ഷം രൂപ തരാമെന്ന് അറിയിച്ചപ്പോള്‍ അതിനുള്ള അപേക്ഷയും നല്‍കി, അതൊന്നും നടന്നില്ല. ശ്വാസതടസവും പ്രമേഹവും കൊളസ്ട്രോളുമൊക്കെയുള്ളതിനാല്‍ കൊവിഡ് സമയത്ത് കട തുറന്നില്ല.  ബേക്കറിത്തൊഴിലാളിയായ മകള്‍ക്കും ഹോട്ടല്‍ തൊഴിലാളിയായ മരുമകനും ലഭിക്കുന്ന തുച്ഛവരുമാനത്തിന് അവരുടെ തന്നെ ബാധ്യതകളടച്ചു തീര്‍ക്കാന്‍ പോലുമാകുന്നില്ല, കൊവിഡായപ്പോള്‍ പകുതി ശമ്പളമേ കിട്ടുന്നുള്ളൂ.  നാലു വര്‍ഷമായി കടപ്പുറത്ത് പെട്ടിക്കടയില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. ചായയും വെള്ളവും ഒക്കെയാണ് പ്രധാനമായി വില്‍ക്കുന്നത്.  ഇസാഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പെട്ടിക്കട തുടങ്ങിയത്. അത് അടച്ചു,  അടുത്ത വായ്പ എടുത്തു. എപ്പോഴും പണിയില്ല രാത്രി ഏഴു വരെയാണ് കട തുറക്കുക. രോഗിയായതിനാല്‍ വള്ളക്കാര്‍ പോകുന്ന രാവും പകലും കട തുറക്കാനാകുന്നില്ല. നീരുവെച്ച കാലുമായി വെള്ളവും ചെളിയും താണ്ടി പോകണം” ഷൈല ദുരിതപര്‍വ്വം വോക്ക് മലയാളത്തോടു വിവരിച്ചു.

ഷൈലയുടെ ഭര്‍തൃസഹോദരന്‍റെ ഭാര്യ ശീലാവതി(62)യുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. ഭര്‍ത്താവ് 2002ല്‍ മരിച്ചതോടെ തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു ജീവിക്കുകയാണ്. മത്സ്യത്തൊഴിലാളിയായിരുന്ന മകന്‍ ഒരു അപകടം പറ്റിയതിനെ തുടര്‍ന്ന് ലോട്ടറിക്കച്ചവടം നടത്തുകയാണ്.

Sheelavathy, hosewife Nayarambalam
Sheelavathy, hosewife Nayarambalam

” വെള്ളക്കെട്ടു മൂലം വീടിനു പുറത്തേക്ക് നടപ്പാതയില്ലാത്തതിനാല്‍ കടല്‍മണല്‍ പണം കൊടുത്ത് ജെ സി ബി ഉപയോഗിച്ച് വിരിച്ചിരിക്കുകയാണ്. എന്നാല്‍ ഇനിയും ഓരുവെള്ളം കയറുമ്പോള്‍ ഇത് താഴ്ന്നു പോകും. സ്ഥിരം ജോലിയില്ലാതെ വലിയ ബുദ്ധിമുട്ടാണ് ജീവിതം. കൊവിഡ് സമയത്ത് എല്ലാ വരുമാനവും അടഞ്ഞു. വള്ളക്കാര്‍ക്കും ജോലിയില്ലാതെ വന്നു.   ബാങ്ക് വായ്പകളുണ്ട്. കൊവിഡ് സമയത്തെ റേഷന്‍ കിറ്റും ധനസഹായവുമായിരുന്നു ആശ്രയം.  അടിക്കടിയുണ്ടായ മഴയും കടല്‍ക്ഷോഭവും വലയ്ക്കാറുണ്ട്. പരിസരത്തു മാത്രമല്ല, വീടിനകത്തു വരെ വെള്ളം കയറും, ചുവരൊക്കെ ഉപ്പും ഈര്‍പ്പവും കൂടി തകരുന്ന അവസ്ഥയായി” ശീലാവതി പറയുന്നു.

സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയെ ആകെ ബാധിച്ച മത്സ്യലഭ്യതക്കുറവും തീരശോഷണവും കാലാവസ്ഥ മൂലമുള്ള അരക്ഷിതത്വവും നായരമ്പലം മത്സ്യഗ്രാമത്തെയും ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയില്‍ നിന്ന്  ആളുകള്‍ കൂട്ടത്തോടെ കൊഴി‍ഞ്ഞു പോകുന്ന സ്ഥിതിയുണ്ടാകുമെന്ന് സേദിഷ് പറയുന്നു.

Sedish, fisherman
Sedish, fisherman

” കടമില്ലാതെ മുന്നോട്ടു പോകാനായാല്‍ ഇതില്‍ പിടിച്ചു നില്‍ക്കാനാകും. അല്ലെങ്കില്‍ ജീവിച്ചു പോകാമെന്നേയുള്ളൂ. ട്രോളിംഗ് സമയത്ത് ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ക്കും പോകാനാകില്ല. കാറും കോളും നിറഞ്ഞ സമയത്ത് ആളുകള്‍ക്കും പേടിയായിരുന്നു. കൊവിഡ് കാലത്തും മത്സ്യമേഖലയെ ഭയം ഭരിച്ചു. ഇവിടെ ലോക്ക്ഡൗണ്‍ ആയിരുന്നു. ജോലിയില്ലാത്ത സാഹചര്യം ഭീകരമായിരുന്നു. വായ്പ വാങ്ങിയാണ് കുടുംബം കഴി‍ഞ്ഞിരുന്നത്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കു പോകാമെന്നായി. അപ്പോള്‍ ജോലിക്കു പോകാതെ കരയിലിരിക്കുന്നവര്‍ക്ക് പകുതി വേതനം നല്‍കാന്‍ തുടങ്ങി. മറ്റുള്ളവരും മത്സ്യ മേഖലയിലേക്ക് വരാന്‍ തുടങ്ങി. മീന്‍ ക്ഷാമം വന്നപ്പോള്‍ വില കൂടിയത് താത്കാലികലാഭം ഉണ്ടാക്കി. ഒരുപാട് പുതിയ കച്ചവടക്കാര്‍ ഉണ്ടായി. ഇപ്പോഴത് നഷ്ടമായി തുടങ്ങി. കടലില്‍  മത്സ്യം കുറയുന്നത്  ഇപ്പോഴത്തെ ആളുകളെ മാത്രമല്ല ബാധിക്കുക. കൂടുതല്‍ പേര്‍ ഈ മേഖല വിട്ട് മറ്റു തൊഴിലിലേക്കു തിരിയാന്‍ കാരണമാകും. ചെറിയ വഞ്ചികള്‍ക്കു പോലും കടലില്‍ പോകുന്നത് മുതലാകില്ല. എണ്ണച്ചെലവും വലപ്പണിയും  കൂലിയുമൊക്കെയായി 30,000 രൂപയുടെ നഷ്ടം ചെറുവള്ളങ്ങള്‍ക്കു പോലുമാകുന്നു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരാഴ്ച 80 ലക്ഷം രൂപയുടെ വരുമാനമുണ്ടെങ്കിലേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മത്സ്യക്ഷാമം മൂലം വള്ളങ്ങള്‍ കെട്ടിയിടുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. കടവും പലിശയും വര്‍ധിക്കുകയാണ്. അതെല്ലാം മത്സ്യം പിടിച്ചു തന്നെതീര്‍ക്കണം.  ഒരു പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്യുന്നത്”

ട്രോളിംഗ് നിരോധനം പോലുള്ള നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ അറിവും അനുഭവജ്ഞാനവും കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളാണ്. കടലില്‍ മത്സ്യപ്രജനനകാലത്ത് യന്ത്രവല്‍ക്കൃത ബോട്ടുകള്‍ നടത്തുന്ന അടിത്തട്ടു മുഴുവന്‍ അരിച്ചു പെറുക്കിയുള്ള മീന്‍ വാരല്‍ മത്സ്യസമ്പത്ത് കുറയ്ക്കുന്നു. അത്തരം അനുഭവജ്ഞാനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്ന് അലോഷ്യസ് പറയുന്നു. ” കടല്‍ഭിത്തിക്ക് ഉയരം വെക്കുന്നതിനൊപ്പം പുലിമുട്ടുകള്‍ സ്ഥാപിക്കണം. കല്ലില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. എത്രയും വേഗം ഇതിനു പരിഹാരം കാണണം. തീരദേശം രോഗവ്യാപനത്തിന് ഏറ്റവും  സാധ്യതയുള്ള സ്ഥലമാണ്. സംഘടന കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ കടലില്‍ പോകാമെന്നുള്ളത്. ഇത്തരം തീരുമാനങ്ങളോട് സംഘടനകളും തൊഴിലാളികളും സഹകരിക്കും”

”ഈ തീരത്ത് കൊവിഡ് മരണം ഒരെണ്ണമായിരുന്നു. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരോടും സഹകരിച്ച് അത് നിയന്ത്രണത്തിലാക്കി. കുറച്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ലോക്ക് ഡൗണ്‍ ചെയ്തു.  കൊവിഡ് സ്ഥിരീകരിച്ച ചുറ്റുവട്ടത്തെ ആളുകളെ പൂര്‍ണമായി ഒഴിവാക്കി. മത്സ്യഫെഡ് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അവര്‍ക്കു ഞങ്ങളെ വേണ്ടത്. അല്ലാത്ത പക്ഷം ആരും തിരിഞ്ഞു നോക്കാനുണ്ടാകില്ല. ഈ തലമുറ കൂടി കഴിഞ്ഞു പോകുന്നതോടെ ഈ രംഗത്തു നിന്ന് ഒരുപാട് പേര്‍ ഒഴി‍ഞ്ഞു പോകുമെന്നുറപ്പാണ്. പട്ടിണിയാണ് കാരണം, സമ്പാദ്യമില്ല. എന്തായാലും കടം വാങ്ങണം അപ്പോള്‍ പിന്നെ വായ്പയെടുക്കുന്ന പണം കൊണ്ട് കുട്ടികളെ പഠ‌ിപ്പിക്കാമെന്നു വെക്കുന്നു”

വേലിയേറ്റവും തീര ശോഷണവും വലിയ രീതിയില്‍ തീരജീവിതം ദുഷ്കരമാക്കിയിട്ടുണ്ടെന്ന് ഇന്ന് സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വരെ അറിയാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 50 മീറ്റര്‍ വരെ തീരം കടലെടുത്തു പോയിട്ടുണ്ടെന്ന് സേദിഷ് ചൂണ്ടിക്കാട്ടുന്നു. ” തീരം കടലെടുത്തു പോകുന്നത് വലിയ ദോഷം ചെയ്തിട്ടുണ്ട്. അത് വള്ളമിറക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു, അത് പണി നഷ്ടപ്പെടുത്തുന്നു. പ്ലാസ്റ്റിക് മാലിന്യം അടിയുന്നത് തീരത്തു നിന്ന് മീന്‍ കൂട്ടം അകന്നു പോകാന്‍ കാരണമാകുന്നുണ്ട്. കടല്‍വെള്ളത്തിനു ചൂടു കൂടുന്നതും ഇതിനു കാരണമാകുന്നു. കടല്‍ ജലത്തില്‍ ഓക്സിജന്‍ കുറയുന്നത് മീന്‍ അധികനേരം നില്‍ക്കാത്തതിനു കാരണമാകുന്നു. രാത്രികാല മത്സ്യബന്ധനം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇപ്പോള്‍ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍,  ഇതര സംസ്ഥാനക്കാര്‍ക്ക് ഈ നിയന്ത്രണമില്ല. അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മത്സ്യസമ്പത്ത് അതിവേഗം നശിക്കാതിരിക്കാന്‍ സഹായിക്കും. ചാള പോലുള്ള ജനപ്ര്യമത്സ്യങ്ങള്‍ക്കു ക്ഷാമം വരുന്നത് കടലിന്‍റെ സ്വഭാവത്തിനു തന്നെ ദോഷകരമാണ്. വേലിയേറ്റം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ടല്‍ച്ചെടികളൊന്നും പിടിക്കുകയില്ല. കടലാക്രമണത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ പുലിമുട്ട് നിര്‍മാണം മാത്രമാണ് പോംവഴി”

അസംഘടിതമേഖലയാണെങ്കിലും  മത്സ്യബന്ധന മേഖലയില്‍ മുന്‍പ് തൊഴില്‍ സുരക്ഷിതത്വമുണ്ടായിരുന്നു. എന്നാലിന്ന് അതു പാടേ ഇല്ലാതായിരിക്കുന്നുവെന്നു പറയുന്നു 45കാരനായ കെ സി സേതു,

Sethu, Fisherman Nayarambalam Matsyagramam
Sethu, Fisherman Nayarambalam Matsyagramam

” രാപ്പകലിലല്ലാതെ പണിയെടുത്തിട്ടും മെച്ചമുണ്ടാക്കാന്‍ കഴിയാത്ത മേഖലയാണിത്. 14 വയസില്‍ കടലില്‍ പോകാന്‍ തുടങ്ങിയതാണ്. ജൂണ്‍- ഓഗസ്റ്റ് കാലയളവിലാണ് ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് എന്തെങ്കിലും കാര്യമായി കിട്ടുന്നത്. 35 പേരോളം ഇന്‍ബോര്‍ഡ് വള്ളത്തില്‍ പോകുമായിരുന്നു.  ചെറുവഞ്ചികളില്‍ പോകുമ്പോള്‍ പണിയുണ്ടെങ്കില്‍ 500 രൂപ കിട്ടിയെങ്കിലായി. ഞങ്ങള്‍ കണക്കുകൂട്ടി നോക്കിയിട്ട് ഒരു മത്സ്യബന്ധനത്തൊഴിലാളിക്ക് ശരാശരി 100-125 രൂപയാണ് കൂലി ലഭിക്കുന്നത്. കടപ്പുറത്ത് ഒരാളുടെ കൈയിലും വീടിന്‍റെ ആധാരം ഉണ്ടാകില്ല. എല്ലാവരുടെയും ആധാരം ബാങ്കുകളിലോ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലോ ആയിരിക്കും. അധികം ആഗ്രഹങ്ങളില്ല, ഇല്ലായ്മയില്‍ ഒതുങ്ങിക്കൂടി കഴിയുന്നവരാണ് ഞങ്ങള്‍ തീരദേശവാസികള്‍.  കൊറോണക്കാലത്ത് വീട്ടിലിരിക്കേണ്ടി വന്നത്, ഞങ്ങളെ സംബന്ധിച്ച്  പുത്തരിയല്ല. കാരണം വള്ളപ്പണി ഇപ്പോള്‍ വര്‍ഷത്തില്‍ കുറച്ചു ദിവസമേ ഉള്ളൂ. കര്‍ഷക സമരം പോലെയാണ് സ്ഥിതി. മീന്‍പിടിത്തക്കാരന് ഒന്നും കിട്ടുന്നില്ല. ഇടനിലക്കാര്‍ തന്നെയാണ് വിപണി നിയന്ത്രിക്കുന്നത്. മൊത്തക്കച്ചവടക്കാര്‍ ഇവിടെ വരുന്നില്ല. തട്ടില്‍ മീന്‍ വില്‍ക്കുന്നവര്‍ ലോക്ക്ഡൗണിന്‍റെ തുടക്കകാലത്ത് കൂട്ടമായി വന്നിരുന്നു, അക്കാലത്ത് മീനിന് വില കൂടിയിരുന്നു. പിന്നീട് വരവ് കുറഞ്ഞു. ”

സേദിഷും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു, ”ഈ മേഖലയില്‍ ഇനി അധികം പ്രതീക്ഷ വേണ്ട. പഴയതു പോലെ മത്സ്യം ഇല്ല. ചെറുവഞ്ചികളില്‍ പോകുന്ന ഒരാള്‍ക്ക് ദിവസം ശരാശരി 500 രൂപയാണ് ലഭിക്കുക, നിര്‍മാണത്തൊഴിലാളിക്ക് ഇരട്ടിയോളം കൂലി ലഭിക്കുന്നു. മുമ്പില്ലാത്ത വിധം കാറ്റും മഴയും വരുന്നതോടെ 10 ദിവസം തികച്ചു പണിക്കു പോകാന്‍ പറ്റാത്ത സ്ഥിതിയുണ്ട് ഈ മേഖലയില്‍.  മറ്റൊരു ജോലി അറിയാത്തതിന്‍റെ പേരിലാണ് ഞങ്ങള്‍ ഈ മേഖലയില്‍ തുടരുന്നത്. ഞങ്ങളുടെ മക്കളെ ഈ തൊഴിലിലേക്കു വിടാന്‍ താത്പര്യമില്ലാത്തതിനു കാരണം അതില്‍ നിന്ന് ഇനി കാര്യമായി ഒന്നും കിട്ടാനില്ല എന്നതു തന്നെ”

അടുത്ത തലമുറ ഈ മേഖലയിലേക്ക് വരില്ലെന്നാണ് ഇരുവരും പറയുന്നത്. ”പണ്ടൊക്കെ പട്ടിണിയുണ്ടായിരുന്നു. ഇന്ന് കാലം മാറി, ആരാണ് പട്ടിണി കിടക്കാന്‍ താത്പര്യപ്പെടുന്നത്. മറ്റു ജോലികളിലേക്ക് കുട്ടികള്‍ ആകൃഷ്ടരാകും. അവര്‍ക്ക് കുറവൊന്നും വരാതെയാണ് നോക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസായാലും കുട്ടികള്‍ പഠിക്കുന്നുണ്ട്, സ്മാര്‍ട്ട്ഫോണും ടിവിയും അവര്‍ക്കായി വാങ്ങിക്കൊടുത്തിട്ടുണ്ട്. ട്യൂഷനും ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. ഒരുപാടു വായ്പകള്‍ എല്ലാവര്‍ക്കുമുണ്ട്. ഈ പണി കൊണ്ട് ജീവിച്ചു പോകാമെന്നു മാത്രം. അങ്ങനെ ഇനിയത്തെ കാലത്ത് കുട്ടികള്‍ സമ്മതിക്കുമോ” സേതു ചോദിക്കുന്നു.

കൊവിഡ് കാലത്തെ പഠനം അത്ര സുഖകരമല്ലെന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനി റാഷ്ന സന്തോഷ് വോക്ക് മലയാളത്തോട് വ്യക്തമാക്കി, ” ക്ലാസില്‍ പോകുന്നതായിരുന്നു നല്ലത്. ഫസ്റ്റ് സെമസ്റ്റര്‍ മാത്രമാണ് ക്ലാസില്‍ പോയത്. സെക്കന്‍ഡ് സെമസ്റ്റര്‍ തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്ലാസ് നിലച്ചു. ഓണ്‍ലൈന്‍ പഠനം മൊബൈല്‍ ഫോമിലാണ്, കംപ്യൂട്ടര്‍ ഇല്ല. തുടക്കത്തില്‍ മൊബൈലില്‍ ദൂര്‍ഘനേരം നോക്കിയിരുന്നു പഠിക്കുന്നതിന്‍റെ ഫലമായി വൈകുന്നേരമാകുമ്പോള്‍ കണ്ണു വേദനയും  തലവേദനയും വരുമായിരുന്നു. മഴക്കാലത്ത് റേഞ്ച് കുറയുന്ന പ്രശ്നമുണ്ടായിരുന്നു. ക്ലാസില്‍ തന്നെ ഇരുന്ന് നോട്ടെഴുതിയിരുന്നതില്‍ നിന്നു വ്യത്യസ്തമായി ടീച്ചര്‍മാര്‍ തരുന്ന ലക്ചര്‍ കേട്ട് നോട്ടെഴുതുന്നതും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍,  അസൈന്‍മെന്‍റ് വെക്കാന്‍ കോളെജില്‍ പോകേണ്ടിയും വരുന്നു.  അച്ഛന്‍ സന്തോഷ് മത്സ്യബന്ധനത്തൊഴിലാളിയാണ്. കടല്‍ പ്രക്ഷുബ്ധമായതോടെ നേരത്തേ തന്നെ പണി കുറഞ്ഞിരുന്നു. കൊവിഡ് വന്നതോടെ പൂര്‍ണമായും ഇന്‍ബോര്‍ഡ് വള്ളത്തിലെ പണി നടക്കുന്നില്ല. അത്തരം പ്രശ്നങ്ങളുണ്ടെങ്കിലും പഠനത്തിന് കോട്ടം വരുത്താന്‍ സമ്മതിക്കാറില്ല” ചേന്ദമംഗലം എസ്എന്‍ കോളെജില്‍ ബികോം വിദ്യാര്‍ത്ഥിനിയായ റോഷ്ന പറയുന്നു. മകളുടെ പഠനം സ്വാശ്രയ കോളെജില്‍ ആയതിനാല്‍ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്ന് റോഷ്നയുടെ പിതാവ് മങ്ങാട്ട് സന്തോഷ് പറയുന്നു. സ്വാശ്രയ കോളെജില്‍ ആയതിനാല്‍ വലിയ തുക ഫീസ് വരുന്നു, മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ലെന്ന് സന്തോഷ് പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലം കഷ്ടപ്പെടുത്തി കളഞ്ഞെന്ന് സന്തോഷിന്‍റെ പിതാവ് മങ്ങാട്ട് വിജയന്‍ പറയുന്നു.

Vijayan Mangatt, ex fisherman Nayarambalam
Vijayan Mangatt, ex fisherman Nayarambalam

”എനിക്ക് 74 വയസുണ്ട്  ദിവസവും രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകും, അപ്പുറത്തെ ചായക്കടയില്‍ നിന്ന് ചായ കുടിക്കും. ഇതൊക്കെ മുടങ്ങിയതോടെ ആകെ അങ്കലാപ്പായി. മത്സ്യത്തൊഴിലാളിയായ തനിക്ക് അതിന്‍റെ ആനുകൂല്യങ്ങളില്ല. ലഭിച്ചിരിക്കുന്നത് കൂടിയ വരുമാനക്കാര്‍ക്കുള്ള വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡാണ്. അതിനു വേണ്ടി സപ്ലൈ ഓഫിസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മൂത്ത മകന് മത്സ്യത്തൊഴിലാളിക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ട്. എന്നാല്‍ കൂടെ താമസിക്കുന്ന ഇളയ മകന്‍ ഓട്ടോ ഡ്രൈവറായതിനാല്‍ അത്തരം ആനുകൂല്യങ്ങളില്ല. മത്സ്യബന്ധനം കുറഞ്ഞത് തീരത്തെ ഇക്കാലയളവില്‍ വറുതിയിലാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു നേട്ടമുണ്ടായത് പകുതി വള്ളങ്ങള്‍ മാത്രം പോകുന്നതിനാല്‍ അത്രയും മത്സ്യസമ്പത്ത് നിലനില്‍ക്കും. അങ്ങനെ പറയുമ്പോള്‍ 2020ല്‍ തീരമേഖലയെ സാമ്പത്തികമായി രക്ഷപെടുത്തിയിട്ടുണ്ട്. മത്സ്യഉത്പാദനം കൂടിയതും മത്സ്യത്തിന്‍റെ ലഭ്യത കുറഞ്ഞതും തൊഴിലാളിക്ക് വില ലഭിക്കാന്‍ കാരണമായിട്ടുണ്ട്. നിയന്ത്രണം ഗുണകരമാകുന്നത് ഇങ്ങനെയാണ്.  എന്നാല്‍ ട്രോളിംഗ് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. അടിത്തട്ട് വരെ അരിച്ചു മത്സ്യം പിടിക്കുന്നതിനാല്‍ മത്സ്യസമ്പത്ത് കുറയാനിടയാക്കും”

മത്സ്യബന്ധനരംഗത്ത് അനിശ്ചിതത്വം നിഴലിക്കുന്നതിനാലാണ് ആളുകള്‍ ഈ രംഗത്തു വരുന്നത് നിരുത്സാഹപ്പെടുത്തുന്നതെന്ന് വിജയന്‍ പറയുന്നു. ” ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ മക്കള്‍ പിന്‍ഗാമികളാകുന്നത് തടയുന്നതിനു കാരണം വരുമാനം കുറയുന്നുവെന്ന വസ്തുതയാണ്. മുന്‍പ് മത്സ്യങ്ങള്‍ കുറവായിരുന്നു, കിട്ടാന്‍ ബുദ്ധിമുട്ട് അങ്ങനെ നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഇന്ന് ഒരുപാടു പേര്‍ ഈ രംഗത്തു വരുന്നു. ഏതു വിധേനയും മീന്‍ പിടിത്തമാകാം, അതിനാല്‍ അതിന്‍റെ ഡിമാന്‍ഡ് കുറഞ്ഞു. തൊഴിലവസരവും വരുമാനവും കുറഞ്ഞു. അനിയന്ത്രിതമായ മീന്‍പിടിത്തം കുറയ്ക്കണം. ട്രോളിംഗ് നിരോധനം ഗുണകരമാണെന്ന് തെളി‍ഞ്ഞിരിക്കുന്നു. ട്രോളിംഗ് ബോട്ടുകള്‍ വരുത്തുന്ന മത്സ്യനാശത്തെപ്പറ്റി ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യം വരുന്നു. അടിത്തട്ട് അരിച്ചു പെറുക്കി  മീന്‍കുഞ്ഞുങ്ങളെ പിടിച്ചു നശിപ്പിക്കുന്നത് അപകടകരമാണ്. വഞ്ചിക്കു പോയി പിടിക്കുന്ന പൊടിമീനുകള്‍  14- 15 സെന്‍റീമീറ്ററില്‍ താഴെ നീളമുള്ളതായതിനാല്‍ അതിന് പിഴയീടാക്കാറുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ നല്ലതാണ്” അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത് അവഗണിക്കാനാകില്ല.

പാരലല്‍ കോളെജ് വിദ്യാര്‍ത്ഥിയായ സുധീഷ് എം എസ് പറയുന്നത്  ഓണ്‍ലൈന്‍ ക്ലാസുകള്‍ സമയം കുറവാണെന്ന പരിമിതിയുണ്ടെന്നാണ്. ”ക്ലാസില്‍ ഇരുന്ന് പഠിക്കുന്നതിനേക്കാള്‍ വലിയ സ്ട്രെസ് അനുഭവിക്കുന്നുണ്ട്. മനസിലാക്കാന്‍ കഴിയാത്തത് അധ്യാപകര്‍ പിന്നീട് സംശയനിവൃത്തി വരുത്താമെന്ന് അറിയിച്ചിട്ടുണ്ട്. എക്കൗണ്ടന്‍സി പോലുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പകുതി പേര്‍ വീതം ക്ലാസില്‍ പോകുന്നു. ബാക്കിയുള്ളത് വോട്സാപ്പ് വഴി പറഞ്ഞു തരുകയാണ്. കൊവിഡ് കാലത്ത് വല്ലാതെ ഒറ്റപ്പെടലിന്‍റെ സ്ട്രെയിന്‍ അനുഭവിച്ചിരുന്നു. മുന്‍പ് വെള്ളപ്പൊക്കം വരുമ്പോള്‍ ക്യാംപിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവിടെ കൂട്ടക്കാരെല്ലാം ഉണ്ടായിരിക്കുമെന്നതിനാല്‍ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നില്ല” ക്ലാസും ജീവിതവും പഴയ നില കൈവരിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സുധീഷ്.

അതേസമയം സ്കൂള്‍ വിദ്യാര്‍ത്ഥികളായ അവിഷ് എം ആറും അശ്വല്‍ കൃഷ്ണയും അശ്വനി ദേവിയും ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യത്തില്‍ സമ്മിശ്ര അഭിപ്രായക്കാരാണ്. ”പഠിപ്പിക്കുന്നത് മനസിലാക്കാന്‍ പറ്റുന്നുണ്ട്. അധ്യാപകര്‍ നന്നായിത്തന്നെ പറഞ്ഞു തരുന്നു. പഠിച്ചതില്‍ നിന്ന് വിഡിയോ കോള്‍ വഴി ചോദ്യം ചോദിക്കാറുണ്ട്. ഹോം വര്‍ക്കും പരിശോധിക്കാറുണ്ട്. എങ്കിലും ക്ലാസ് തുറക്കുന്നതു തന്നെയാണു പഠിക്കാന്‍ നല്ലത്” അശ്വല്‍  പറയുന്നു. ”ടിവിയില്‍ പറയുന്നത് ആദ്യമൊക്കെ മനസിലാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ക്ലാസില്‍ ബോര്‍ഡില്‍ ചെയ്യുന്നതു പോലെ കണക്കൊക്കെ മനസിലാക്കാനാകില്ലായിരുന്നു. ഇപ്പോള്‍ ശരിയായി വരുന്നു. ടിവി, മൊബൈല്‍ എന്നിവയില്‍ നോക്കിയിരുന്ന് എഴുതുമ്പോള്‍ തലവേദനയും കൈവേദനയുമൊക്കെ ഉണ്ടായിരുന്നു. കൊവിഡ് വന്നു പറത്തിറങ്ങാതിരിക്കാന്‍ പറ്റാതിരുന്ന സമയത്ത് വിരസതയകറ്റാന്‍ വേണ്ടിയാണു ഫോണും ടിവിയും ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പുറത്തേക്കൊക്കെ ഇറങ്ങാമെന്നായിട്ടുണ്ട്, അതൊരു ആശ്വാസം” എന്നാണ് അഞ്ചാംക്ലാസുകാരി അശ്വനിയുടെ അഭിപ്രായം.

ഈ സമയത്തും സ്വകാര്യസ്കൂളുകള്‍ ഫീസിളവോ സാവകാശമോ തരാത്തതില്‍ ഇവരുടെ മുത്തച്ഛന്‍ വിജയന് അമര്‍ഷമുണ്ട്. പെട്ടെന്നായിരിക്കും ഇന്ന് 10,000 രൂപ ഫീസടയ്ക്കണമെന്നു പറയുന്നത്. ഇതിനൊക്കെ ഒരു ഇളവുമില്ല. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാവണം. ഈ കാലത്ത് എല്ലാവരും കഷ്ടപ്പെട്ടു തന്നയെല്ലേ കഴിയുന്നത് അദ്ദേഹം ചോദിക്കുന്നു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആവിഷിന്‍റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാണ്. ”സ്കൂളുണ്ടായിരുന്നപ്പോള്‍ ടീച്ചര്‍മാര്‍ പറഞ്ഞു തരുന്നത് അപ്പോള്‍ത്തന്നെ എഴുതിയെടുക്കും, സംശയം ചോദിക്കും. ഇപ്പോള്‍ വോട്സാപ്പില്‍ എഴുതിയിടുകയാണ്. നാം അത് പകര്‍ത്തണം. കൈറ്റ് ക്ലാസുകളില്‍ അങ്ങോട്ട് ചോദിക്കാന്‍ പറ്റില്ലല്ലോ. പിന്നെ ടീച്ചര്‍മാരുടെ ക്ലാസുകളില്‍ സംശയം ചോദിച്ചു മനസിലാക്കണം, അതവര്‍ ക്ലിയറാക്കി തരുന്നുണ്ട്. പരീക്ഷയൊന്നും നടക്കാത്ത സാഹചര്യത്തില്‍ കൂട്ടായ പഠനത്തെപ്പറ്റിയൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. കൊല്ലപ്പരീക്ഷയും ഓണ്‍ലൈനായിരിക്കുമെന്നാണ് കേട്ടത്.  പത്താംക്ലാസ് എങ്ങനെയായ്രിക്കുമെന്നോര്‍ത്ത് ഇപ്പോഴേ ടെന്‍ഷനുണ്ട്. ക്ലാസില്‍ പോകാത്തതില്‍ വിഷമമല്ല, എങ്കിലും സ്കൂളില്‍ ടീച്ചര്‍മാര്‍ എടുക്കുന്ന അത്രയ്ക്ക് എത്തുന്നില്ല എന്നു തോന്നാറുണ്ട്. കൊറേോണ സമയത്ത് മുറിക്കകത്ത് ഇരിക്കേണ്ട അവസ്ഥയില്‍  ചെറിയ വിഷമം തോന്നി. രോഗം ഒരു മാസമൊക്കെ നീളുമായിരിക്കും എന്നു വിചാരിച്ചെങ്കിലും അതും വിട്ടു പോകുന്ന അവസ്ഥയാണുണ്ടായതല്ലോ”

മുന്‍പ് ചെമ്മീന്‍ കിള്ളാനും മീന്‍ കച്ചവടത്തിനും സ്ത്രീകള്‍ പോകാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഈ തുറയില്‍ നിന്ന് അങ്ങനെയാരും പോകുന്നില്ല. ഔദ്യോഗികരംഗത്തും സ്വകാര്യസ്ഥാപനങ്ങളിലും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും വിരളം. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളാണുള്ളതെന്ന് മങ്ങാട്ട് വിജയന്‍ പറയുന്നു. ” ബോട്ട് വരുന്ന സമയത്ത് ചെമ്മീനും മറ്റും അധികം ലഭിക്കുമ്പോള്‍ കിള്ളാന്‍ പോകുന്നവരുണ്ടാകും, അതും സീസണില്‍ മാത്രം. കൊറോണക്കാലത്ത്  തട്ട് കച്ചവടം കൂടിയപ്പോള്‍ പോലും ഇവിടത്തെ സ്ത്രീകള്‍ പോയിട്ടില്ല.  അവര്‍ തൊഴിലുറപ്പ് പദ്ധതി പോലുള്ള കാര്യങ്ങളിലാണ് അവര്‍ വ്യപൃതരായിരിക്കുന്നത്”

തൊഴിലുറപ്പു പദ്ധതിയാണ് ഇപ്പോള്‍ ഈ പ്രദേശത്തെ വനിതകളുടെ പ്രധാന വരുമാനമാര്‍ഗ്ഗമെന്നു പറയാം. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ തൊഴിലുറപ്പു പദ്ധതി പഴയതു പോലെ സക്രിയമായത് അനുഗ്രഹമായെന്ന് 65കാരി അല്ലപ്പറമ്പില്‍ തങ്കമണി സഹദേവന്‍ പറയുന്നു,

Thankamani Shadevan, Thozhilurappu worker Nayarambalam
Thankamani Shadevan, Thozhilurappu worker Nayarambalam

” പത്തംഗകുടുംബമാണ് എന്‍റേത്. ആറു മുതിര്‍ന്നവരും നാലു കുട്ടികളുമാണ് വീട്ടില്‍. ലോക്ക് ഡൗണ്‍ കാലത്ത് ആരും പുറത്തിറങ്ങുമായിരുന്നില്ല. തൊഴിലുറപ്പു പദ്ധതി നിര്‍ത്തി വെച്ചിരുന്നു. അതിനാല്‍ രോഗം ബാധിച്ചില്ല. 75 കാരനായ ഭര്‍ത്താവ് മുമ്പ് മത്സ്യത്തൊഴിലാളിയായിരുന്നു. മക്കളില്‍ ഒരാള്‍ മത്സ്യത്തൊഴിലാളിയും മറ്റേയാള്‍  കല്‍പ്പണിക്കാരനുമാണ്, ആര്‍ക്കും ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. കാന്‍സറിനെ അതിജീവിച്ച വ്യക്തിയായതിനാല്‍ അക്കാലത്ത് എല്ലാവരുമായി സമ്പര്‍ക്കം വിച്ഛേദിച്ചിരുന്നു. അക്കാലത്ത് ഉള്ളതു കൊണ്ട് ജീവിക്കുകയായിരുന്നു. റേഷന്‍ കിറ്റൊക്കെത്തന്നെയായിരുന്നു ആശ്രയം. മൂന്നു കുട്ടികളും സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവരായതിനാല്‍ ഫീസ് സംബന്ധിച്ച പ്രശ്നങ്ങളില്ലായിരുന്നു. കൊറോണ അകന്നാലും വെള്ളക്കെട്ടാണ് വലയ്ക്കുന്നത്. ആറു മുറിയുള്ള പഴയ വീട് സ്ഥിതി ചെയ്യുന്നത് തോട്ടിന്‍കരയിലാണ്. തീരത്തില്‍ നിന്ന് അകന്നാണെങ്കിലും തോട് കവിഞ്ഞ് വീട്ടില്‍ വെള്ളം കയറുന്നത് സ്ഥിരം സംഭവമാണ്. മുന്‍പ് ദുരിതാശ്വാസക്യാംപിലേക്കു മാറിയിരുന്നു. ഇനി കൊറോണയൊക്കെ ആയതിനാല്‍ അങ്ങനെ മാറാന്‍ ഒക്കില്ലല്ലോ. തോട് ആഴം കൂട്ടുകയും വെള്ളം കയറുന്ന സ്ഥലത്ത് മണ്ണടിക്കുകയും ചെയ്താല്‍  വെള്ളക്കെട്ടിന് ആശ്വാസം കിട്ടും. അതിന് അധികൃതര്‍ കനിവു കാട്ടണം”

കൊവിഡിനെ അതിജീവിച്ച ബിന്‍സി (38)ക്ക് പറയാനുള്ളത് കൊറോണക്കാലത്തെ ദുരിതജീവിതത്തെക്കുരിച്ചു തന്നെ. ”ഈ വാര്‍ഡില്‍ കുറച്ചു പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. നവംബറിലാണ് രോഗം ബാധിച്ചത്. ഭര്‍ത്താവ് ഷിജു പള്ളിപ്പറമ്പില്‍ മത്സ്യത്തൊഴിലാളിയാണ്. വീട്ടില്‍ തങ്ങള്‍ രണ്ടു പേര്‍ മാത്രമായിരുന്ന കൊവിഡ് ബാധിതര്‍. രണ്ട് ആണ്‍ മക്കള്‍ക്കും ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. ഭര്‍ത്താവിന് പനി കൂടിയപ്പോഴാണ് ടെസ്റ്റ് നടത്തിയത്. എനിക്കു ലക്ഷണങ്ങളില്ലായിരുന്നു. കൊറോണ സ്ഥിരീകരിച്ച് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ രുചിയും മണവും നഷ്ടപ്പെട്ടു. അന്ന്  ഒമ്പതിലും ഏഴിലും പഠിക്കുന്ന കുട്ടികളാണ് ഭക്ഷണം വെച്ച് ജയിലിലെ പോലെ മുറിക്കു മുന്നില്‍ കൊണ്ടു തന്നിരുന്നത്. 14 ദിവസമായിരുന്നു ക്വറന്‍റൈന്‍. അതിനു ശേഷം ഇപ്പോള്‍ ഇടക്കിടെയുള്ള തലവേദനയും മുട്ടുവേദനയുമുണ്ട്. ഭര്‍ത്താവിനും ശരീര വേദനയുണ്ട്, ഇപ്പോള്‍ ജോലിക്കു പോകുന്നുണ്ട്”

”ജീവിതം അക്കാലത്ത് ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. തയ്യലായിരുന്നു പണി. ചികിത്സയൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ തന്നെയായിരുന്നു, മരുന്നൊന്നും കിട്ടിയിരുന്നില്ല. ആരോഗ്യവകുപ്പില്‍ നിന്ന് വിളിച്ച് അന്വേഷിക്കുമായിരുന്നു. രോഗമായിരുന്നപ്പോഴും വായ്പകള്‍ അടച്ചിരുന്നു. കുട്ടികളുടെ പഠനം ഓണ്‍ലൈനിലായിരുന്നു, ട്യൂഷനുണ്ട്. വീട് കടല്‍ ഭിത്തിക്കടുത്താണ്. ഭിത്തിയുടെ ഏഴു കല്ലുകള്‍ അടര്‍ന്നു പോയി കടലേറ്റത്തില്‍ വീടിനകത്തു വരെ വെള്ളം കയറും.  എക്കലടിച്ച്  പുരയിടത്തില്‍ കയറിയതിനാല്‍ വീട് കുഴിയിലാണ്.  ഇപ്പോള്‍ തറ ഉയര്‍ത്തിയിരിക്കുകയാണ്.  അന്ന് കല്ലുകള്‍ അടര്‍ന്നപ്പോള്‍ത്തന്നെ കടല്‍ഭിത്തി കെട്ടിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാകില്ലായിരുന്നു”

Shiju, fisherman Nayarambalam
Shiju, fisherman Nayarambalam

കൊവിഡ് വന്ന സമയത്ത് കടലില്‍ നിന്നുള്ള വരുമാനം കുറ‍ഞ്ഞതായി ബിന്‍സിയുടെ ഭര്‍ത്താവ് ഷിജു പറയുന്നു. ” ജോലി മോശമായിരുന്നു. ഞാന്‍ ഡിങ്കി എന്നു പറയുന്ന ഒരു യാനത്തിലാണ് പോകുന്നത്. എത്ര സാഹസികത കാണിച്ചാലും അന്നന്ന് കഴിയാമെന്നല്ലാതെ ഒരു നേട്ടം മത്സ്യബന്ധനം കൊണ്ടുണ്ടാകാറില്ല. എനിക്ക് ഇപ്പോള്‍ 45 വയസായി, ഞാന്‍ 13വയസില്‍ കടലില്‍ പോകാന്‍ തുടങ്ങിയതാണ്. അതു കൊണ്ടു തന്നെ  മക്കളെയൊന്നും ഇതിലേക്കു കൊണ്ടു വരാന്‍ താത്പര്യമില്ല. കൊവിഡ് മാത്രമല്ല, കടല്‍ക്ഷോഭങ്ങളും മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. പഴയതു പോലുള്ള വരുമാനം കിട്ടുന്നില്ല. സ്ഥിരം വരുമാനമുള്ള മേഖലയല്ല. മഴയുടെ രീതി തന്നെ മാറി, അനിശ്ചിതത്വം ഉണ്ട്. ബോട്ടുകളുടെ അമിത ചൂഷണം പരമ്പരാഗതമത്സ്യത്തൊഴിലാളികളെ ബാധിക്കാറുണ്ട്. ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ ജോലി, പരസ്പരം അറിയുന്നവരുമായി സഹകരിച്ചു പോകുന്നു. വറുതിക്കാലത്ത് കൈവായ്പവാങ്ങിയും ലോണെടുത്തുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്”

അസംഘടിത മേഖലയെന്ന നിലയില്‍ മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലായിരുന്നു എന്നും, കൊവിഡ് കൂടി വന്നതോടെ ആ അസന്ദിഗ്ദാവസ്ഥ കടുത്തുവെന്ന് അലോഷ്യസ് വോക്ക് മലയാളത്തോട് പറഞ്ഞു.” കെട്ടുതാലി  പോലും പണയം വെച്ചാണ് വള്ളങ്ങളിറക്കുന്നത്. മത്സ്യഫെഡില്‍ നിന്ന് 10- 20 ലക്ഷം രൂപ വായ്പ തന്നാലും ഒരു ഇന്‍ബോര്‍ഡ് വള്ളമിറക്കുമ്പോള്‍ ഒന്നര കോടി രൂപയ്ക്കടുത്താകും.1500 കിലോ വലയെടുക്കാന്‍ 11-12 ലക്ഷം രൂപയാകും അത് പണിക്കൊരുക്കി, വള്ളമിറക്കാന്‍ 20 ലക്ഷമാകും.  കൊറോണ സമയത്തു വള്ളപ്പണി നിലച്ചു. സമൂഹവ്യാപനസാധ്യതയൊക്കെ കണക്കിലെടുത്താണിത്. മത്സ്യത്തൊഴിലാളിക്കുടുംബങ്ങളിലെ മറ്റുള്ള ജോലികള്‍ക്കു പോകുന്നവരും ബന്ധിക്കപ്പെട്ടു. ആ സമയത്ത് തിരി‍‍ഞ്ഞു നോക്കാത്ത മത്സ്യഫെഡ് സീസണാകുമ്പോള്‍ പണമടയ്ക്കാന്‍ സ്ഥിരം വിളിക്കും. ഡീസലിന് സബ് സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതേവരെ നടന്നിട്ടില്ല. ഉടുതുണിക്ക് മറുതുണിയില്ലെന്നതു പോലെയാണ് ഞങ്ങളുടെ അവസ്ഥ”

Alocious, near boats, Pallikakdav Nayarambalam
Alocious, near boats, Pallikakdav Nayarambalam

” നേരത്തേ പറഞ്ഞതു പോലെ ഇപ്പോഴും പണിയെടുത്ത കാശ് ഹാര്‍ബറിനു വാടക കൊടുത്തു കൊണ്ടിരിക്കുന്നു. തൂക്കി വില്‍പ്പന പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ശരിയായി നടപ്പാക്കാന്‍ കഴിയാത്തത് വായ്പാക്കുരുക്കില്‍ തങ്ങള്‍ അകപ്പെട്ടു പോയതിനാലാണ്. മത്സ്യത്തൊഴിലാളികള്‍ ഇടനിലക്കാരനില്‍ നിന്നു വായ്പ വാങ്ങിയതിനാല്‍ അവരെ അവനു മാറ്റി നിര്‍ത്താനാകില്ല. ട്രോളിംഗ് ബോട്ടുകളുടെ പെലാജിക് വല ഉപയോഗം നിര്‍ത്തിയില്ലെങ്കില്‍ മത്സ്യക്ഷാമം മാറില്ല. മീന്‍പിടിത്തമേഖലയുടെ സ്തംഭനത്തിനുകാരണം പെലാജിക് ഉപയോഗമാണ്. മത്സ്യമേഖലയിലെ ഗവേഷക ഏജന്‍സികള്‍ പറയുന്നത് വന്‍ യാനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നാണ്. ഫിഷിംഗ് ബോട്ട് നിരോധിക്കണമെങ്കില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളും നിരോധിക്കണമെന്ന അവരുടെ ആവശ്യം സംരക്ഷിക്കുകയാണ് അധികൃതര്‍. ഇത്തരം നിലപാടുമായി എങ്ങനെ പരമ്പരാഗത മത്സ്യബന്ധനരംഗം രക്ഷപെടും” അലോഷ്യസ് ചോദിക്കുന്നു.

മത്സ്യസമ്പത്തിന്‍റെ സംരക്ഷണം പോലെ പ്രധാനമാണ് തീര സംരക്ഷണവുമെന്ന് അദ്ദേഹം പറയുന്നു, ” അടിയന്തരമായി പുലിമുട്ടുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കടല്‍ഭിത്തിയേക്കാള്‍ ഉയരത്തില്‍ തീരത്തു നിന്ന് മൂന്നു നാലു കിലോമീറ്റര്‍ വരെ കടലിനകത്ത് അര കിലോമീറ്റര്‍ അകലത്തില്‍ വേണം ഇവ സ്ഥാപിക്കാന്‍. ‍ഞങ്ങളുടെ കാരണവന്മാര്‍ പറഞ്ഞിട്ടുള്ളതും കടലിന്‍റെ തിരതല്ലല്‍ കുറയ്ക്കാന്‍ ഇത്തരം മുട്ടുകള്‍ സ്ഥാപിക്കണമെന്നാണ്. ഇവിടെ കടലടിച്ചു കയറ്റുന്ന എക്കല്‍ തീരദേശറോഡുകള്‍ വരെ മൂടുന്നു. ചെല്ലാനത്തേതു പോലെ വൈപ്പിന്‍ തീരത്തും പുലിമുട്ടുകള്‍ സ്ഥാപിക്കുകയാണു വേണ്ടത്. അങ്ങനെ വന്നാല്‍ തീരശേഷണവും വെള്ളക്കെട്ടും 98 ശതമാനവും ഇല്ലാതാകും. പേപ്പറിലുറങ്ങുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്, അല്ലെങ്കില്‍ ഇവിടത്തെ വീടുകളെല്ലാം വെള്ളം കയറി നശിക്കും”

Pallikkadav Nayarambalam
Pallikkadav Nayarambalam

മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം കൊവിഡന്‍റെ പശ്ചാത്തലത്തില്‍  സ്വയം നിയന്ത്രണം കൂടി വന്നതോടെ മത്സ്യമേഖലയിലെ തൊഴിലവസരം വല്ലാതെ കുറഞ്ഞു. വരുമാനം കിട്ടിയില്ലെങ്കില്‍ ആരാണ് മേഖലയില്‍ നിലനില്‍ക്കുകയെന്ന് അലോഷ്യസ് ചോദിക്കുന്നു. ”മത്സ്യമേഖലയെ രക്ഷിക്കാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കു മാത്രമാണ് ബാധകം, മറ്റുള്ളവര്‍ക്ക് ഇതു ബാധകമല്ല.  മന്ത്രിയുമായി അവസാനം നടത്തിയ ചര്‍ച്ചയില്‍  ഇനി മുതല്‍ പുതിയ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ലൈസന്‍സ് നല്‍കില്ലെന്ന തീരുമാനമെടുത്തു. മാത്രമല്ല, 25 അടി നീളവും  13 അടി വീതിയും ഉള്ള വള്ളങ്ങള്‍ക്ക് അനുമതി നല്‍കാം. ഇവയില്‍ എന്‍ജിനുകളുടെ പവര്‍ 250 കുതിരശക്തിയാക്കി നിജപ്പെടുത്തുകയും ചെയ്യണമെന്നും തീരുമാനമെടുത്തു. എന്നാല്‍ ഇന്നും ഇവര്‍ക്ക് അനുവാദം കൊടുക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ കയറ്റുന്നുവെന്നാരോപിച്ച് കോസ്റ്റ് ഗാര്‍ഡ് വള്ളങ്ങളില്‍ പരിശോധന നടത്താറുണ്ട്. എന്നാല്‍ ബോട്ടുകളിലാണ് ഇതിനു സാധ്യത. അപ്പോഴാണ് തങ്ങള്‍ രാവിലെ ആറു മുതല്‍ വൈകുന്നോരം ആറു വരെയുള്ള സമയത്തു മാത്രം മത്സ്യബന്ധനമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. കാസര്‍ഗോഡ് നീലേശ്വരത്ത് ഈ വ്യവസ്ഥയാണ്.  രാത്രിയില്‍ പവര്‍ കൂടിയ ലൈറ്റ് വെച്ചാണ് രാത്രികാല മത്സ്യബന്ധനം നടത്തുന്നത്. ഇത് മീന്‍ കൂട്ടങ്ങള്‍ വഴിമാറാന്‍ കാരണമാകും. ആറ്- ആറ് സമയത്താണ് മീന്‍ പിടിത്തം അനുവദിക്കുന്നതെങ്കില്‍ കടലില്‍ മീനുണ്ടാകും എല്ലാവര്‍ക്കും പണിയുമുണ്ടാകും. വലിയ തോതില്‍ പ്ലാസ്റ്റിക്  മാലിന്യം തള്ളുന്നത് കടലിന്‍റെ ജൈവവ്യവസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ പോകാം. എന്നാല്‍ മൂന്നു നോട്ടിക്കല്‍ മൈലെത്തുമ്പോള്‍ത്തന്നെ വലയിട്ടാല്‍ കിട്ടുന്നത് പ്ലാസ്റ്റിക്ക് കസേര, ഇരുമ്പ് അവശിഷ്ടങ്ങള്‍ തുടങ്ങിയ വലിയ ഉപകരണങ്ങളാണ്. കൊവിഡ് കാലത്ത്  തങ്ങളെ മറ്റു ഹാര്‍ബറുകളില്‍ അടുപ്പിക്കാത്ത സ്ഥിതിവിശേഷമുണ്ടായപ്പോഴും ഇതര സംസ്ഥാന ബോട്ടുകളെ ഇവിടത്തെ ഹാര്‍ബറുകളില്‍ അടുപ്പിക്കുന്ന തരകന്മാരുടെയും സര്‍ക്കാരിന്‍റെയും നിലപാടും  ദോരഹപരമായിരുന്നു ”

ഓണം വന്നാലും വിഷു വന്നാലും കടലിന്‍റെ മക്കളുടെ ദുരവസ്ഥയ്ക്കു മാറ്റമില്ലെന്നതാണ് നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലാക്രമണമുണ്ടായാലും മഴ പെയ്താലും വീടുകളില്‍ നിന്ന് ക്യാംപുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറേണ്ടി വരുമായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ അത്തരം ആശ്രയം പോലും ഇല്ലാതായി. കടലില്‍  ചാകരക്കോളില്ലാതാകുമ്പോള്‍ വരളുന്നത് അവരുടെ പ്രതീക്ഷയുടെ പച്ചപ്പാണ്. ഫയലുകളിലുറങ്ങുന്ന പ്രഖ്യാപിത പദ്ധതികള്‍ അടിയന്തരമായി നടപ്പായാല്‍ ഇവിടെ മത്സ്യസമ്പത്തിനൊപ്പം ഇവരുടെ സ്വപ്നങ്ങളും പുഷ്പിക്കും.