ബെംഗളൂരു:
മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലകരായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ (എജ്യു–ടെക്) സംരംഭമായ ബൈജൂസ് ഏറ്റെടുക്കുന്നു. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായി 100 കോടി ഡോളറിന്റെ (ഏകദേശം 7300 കോടി രൂപ) കരാർ 2-3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു സൂചന.
ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂർണമായി പിൻവാങ്ങിയ ശേഷം ഇവരുടെ പങ്കാളികളായ ബ്ലാക്സ്റ്റോൺ 37.5 % ഓഹരി ബൈജൂസിൽ നിക്ഷേപിക്കും വിധമാണു ചർച്ചകൾ. രാജ്യത്ത് ഇരുന്നൂറിലധികം കേന്ദ്രങ്ങളാണ് ആകാശിനുള്ളത്.
മുംബൈ ആസ്ഥാനമായ കോഡിങ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏകദേശം 2246 കോടി രൂപ മുടക്കി ഓഗസ്റ്റിൽ ബൈജൂസ് ഏറ്റെടുത്തിരുന്നു. ആഗോള സാങ്കേതികവിദ്യാ നിക്ഷേപ കമ്പനിയായ സിൽവർ ലെയ്കിൽ നിന്നു 3689 കോടി രൂപയുടെ നിക്ഷേപവും സമാഹരിച്ചു