സൗദി : കൊറോണ വ്യാപനത്തെ തുടർന്ന് ദീർഘകാലമായി അടച്ചിട്ട സൗദി അറേബ്യയുടെ കടൽ, കര, വ്യോമ അതിർത്തികൾ തുറന്നതായുള്ള സൗദി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അറിയിപ്പ് പ്രവാസി സമൂഹത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുന്നത് ഇന്ത്യൻ പ്രവാസികളെ നിരാശയിലാഴ്ത്തി. ലോക്ഡൗണിന് മുമ്പ് ലീവിന് നാട്ടിൽപോയ ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിൽനിന്ന് ദുബൈയിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് സൗദിയിലേക്ക് പ്രവേശിക്കാമെങ്കിലും അതിന് വേണ്ടിവരുന്ന ഭീമമായ ചെലവാണ് താരതമ്യേന ചെറിയ വേതനത്തിന് ജോലിചെയ്യുന്ന വലിയ വിഭാഗത്തെയും പിന്നോട്ടടുപ്പിക്കുന്നത്.