റിയാദ്: മൂക്ക് മറയും വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് റിയാദിലെ മലയാളി പൊതുപ്രവർത്തകനും സുഹൃത്തുക്കൾക്കും 1,000 റിയാൽ പിഴ. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറക്കും സുഹൃത്തുകൾക്കുമാണ് സൗദി പൊലീസ് പിഴയിട്ടത്.
ഹരീഖിൽ വെള്ളിയാഴ്ച വാരാന്ത്യ അവധി ആഘോഷിക്കാൻ പോയതായിരുന്നു അബ് ദുല്ലയും സുഹൃത്തുക്കളും. ഓറഞ്ച് തോട്ടം കണ്ട് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്ക് പൂർണമായും മറയുന്ന നിലയിൽ ധരിക്കാത്തതിനാണ് മൂന്ന് പേർക്കും 1000 റിയാൽ വീതം പിഴ ചുമത്തിയത്.
പരിശോധന ഉദ്യോഗസ്ഥൻ താമസ രേഖ (ഇഖാമ) വാങ്ങി വിവരങ്ങൾ ശേഖരിച്ചു വിട്ടയച്ചു. അതിന് ശേഷം തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ പൊതു സുരക്ഷാ വകുപ്പ് പിഴയടക്കാൻ ആവശ്യപ്പെട്ട് മൊബൈലിൽ സന്ദേശം അയച്ചത്.
